‘ട്രെയിനിൽനിന്ന് എന്നെ വിളിച്ചു, അവളെ കണ്ടു സംസാരിക്കണമെന്നു രഖിൽ പറഞ്ഞു’

തലശ്ശേരി: മാനസയെ കണ്ടു സംസാരിക്കണമെന്നു പറഞ്ഞാണ് എറണാകുളത്തേക്കു രഖിൽ പോയതെന്നു സുഹൃത്തും ഇന്റീരിയർ ഡിസൈൻ ജോലിയിലെ പങ്കാളിയുമായ ആദിത്യൻ പറഞ്ഞു.

‘‘പൊലീസ് കർശന താക്കീത് നൽകിയതോടെ മാനസയുമായുള്ള ബന്ധം തുടരാൻ താൽപര്യമില്ലെന്നും രഖിൽ പറഞ്ഞിരുന്നു. രഖിലും ഞാനും ഒന്നിച്ചാണ് ഇന്റീരിയർ ഡിസൈനിങ് ജോലി ചെയ്തിരുന്നത്. ബുധനാഴ്ച രാത്രി കണ്ണൂരിൽ വച്ചു കണ്ടിരുന്നു. വ്യാഴാഴ്ചയാണ് ട്രെയിനിൽ നിന്ന് എന്നെ വിളിക്കുന്നത്. എറണാകുളത്തേക്കു പോകുകയാണെന്നും അവളെ കണ്ടു സംസാരിക്കണമെന്നും പറഞ്ഞു. തോക്ക് എവിടെ നിന്നു കിട്ടി എന്ന് അറിയില്ല’’ ആദിത്യൻ പറഞ്ഞു.

കുറച്ചു നാളുകളായി രഖിലിനു സാമ്പത്തിക പ്രതിസന്ധി ഉണ്ടായിരുന്നതായും സുഹൃത്തുക്കൾ പറയുന്നു. ഒരു ഫ്ലാറ്റിന്റെ ജോലി ചെയ്ത വകയിൽ വലിയ തുക കിട്ടാനുണ്ടായിരുന്നു. പണം കിട്ടാനായി പൊലീസിൽ പരാതി നൽകി. ഇവിടെ നിന്നാണു സാമ്പത്തിക പ്രതിസന്ധി തുടങ്ങിയത്.

ഇന്റീരിയർ ജോലികൾക്കായി കണ്ണൂരിലെ പല ഫർണിച്ചർ ഷോപ്പുകളിൽ നിന്നും സാധനങ്ങൾ കടമായി വാങ്ങിയിട്ടുണ്ട്. പണം ആവശ്യപ്പെട്ടുകൊണ്ടുള്ള ഷോപ്പ് ഉടമകളുടെ വിളി വെള്ളിയാഴ്ച രാവിലെയും രഖിലിനു വന്നിരുന്നു. എന്നാൽ ഫോൺ എടുത്തില്ല. തുടർന്നു സന്ദേശം അയച്ചെങ്കിലും മറുപടിയുണ്ടായില്ല.