തട്ടിക്കൊണ്ടുപോയ മലപ്പുറം സ്വദേശി കർണാടകയിൽ; വഴിയിൽ ഉപേക്ഷിച്ച നിലയിൽ

uduma
SHARE

കാസര്‍കോട് ഉദുമയില്‍ നിന്ന് ഇന്നലെ രാത്രി തട്ടിക്കൊണ്ടുപോയ മലപ്പുറം സ്വദേശിയെ കര്‍ണാടകയില്‍ കണ്ടെത്തി. കൊണ്ടോട്ടി സ്വദേശി അന്‍വറിനെ കുടക് ജില്ലയിലെ മടിക്കേരിയില്‍ വഴിയില്‍ ഉപേക്ഷിച്ച നിലയിലാണ് കണ്ടെത്തിയത്. പണമിടപാടുമായി ബന്ധപ്പെട്ട തര്‍ക്കമാണ് തട്ടിക്കൊണ്ടുപോകലിന് പിന്നിലെന്നാണ് സൂചന.

കാസര്‍കോട്–കാഞ്ഞങ്ങാട് സംസ്ഥാന പാതയോരത്ത് ഉദുമയിലെ ഒരു ലോഡ്ജില്‍ നിന്നാണ് അര്‍ധരാത്രിയോടെ അന്‍വറിനെ തട്ടിക്കൊണ്ടുപോയത്. പത്തുപേരടങ്ങുന്ന സംഘമാണ് തട്ടിക്കൊണ്ടു പോകലിന് പിന്നിലെന്ന് പൊലീസ് പറയുന്നു. ഒരുദിവസത്തേക്കാണ് അന്‍വറും മറ്റൊരാളും ലോഡ്ജില്‍ മുറിയെടുത്തത്. പുലര്‍ച്ചെയോടെ ലോഡ്ജിലേക്ക് മറ്റുചിലര്‍ വരുകയും അന്‍വറിനെ തട്ടിക്കൊണ്ടുപോവുകയുമായിരുന്നു. കൂടെയുണ്ടായിരുന്നയാള്‍ വിവരമറിയിച്ചതനുസരിച്ചാണ് പൊലീസ് അന്വേഷണം തുടങ്ങിയത്. പണമിടപാട് സംബന്ധിച്ച് ഇരുകൂട്ടരും തമ്മില്‍ തര്‍ക്കം നിലനിന്നിരുന്നതായാണ് വിവരം. അന്‍വറിന്‍റെ കൂടെയുണ്ടായിരുന്നയാളുടെ കാറും അക്രമിസംഘം കൂടെക്കൊണ്ടുപോയിരുന്നു.

ഈ കാറില്‍ ഒരു മൊബൈല്‍ഫോണ്‍ ഉണ്ടായിരുന്നതിനാല്‍ സിഗ്നല്‍ പിന്തുടര്‍ന്ന് ബേക്കല്‍ പൊലീസ് കര്‍ണാടകയുടെ വിവിധ പ്രദേശങ്ങളില്‍ അന്വേഷണം നടത്തിയിരുന്നു. കാസര്‍കോട് സ്വദേശികളാണ് തട്ടിക്കൊണ്ടുപോകലിന് പിന്നിലെന്ന് പൊലീസ് ഉറപ്പിച്ചിട്ടുണ്ട്. കൊണ്ടോട്ടി സ്വദേശി കാസര്‍കോട് എന്തിന് വന്നു എന്നതടക്കമുള്ള വിവരങ്ങള്‍ പൊലീസ് ശേഖരിക്കുന്നു. 

MORE IN Kuttapathram
SHOW MORE
Loading...
Loading...