വെള്ളിയാഭരണങ്ങളും വിലകൂടിയ വാച്ചുകളും ഉപേക്ഷിച്ച് രക്ഷപ്പെട്ടു; പ്രതികളെ തിരിച്ചറിഞ്ഞു

hosangadi-n
SHARE

കാസർകോട് ഹൊസങ്കടിയിൽ സെക്യൂരിറ്റി ജീവനക്കാരനെ ആക്രമിച്ച് ജ്വല്ലറിയിൽ കവർച്ച നടത്തിയവരില്‍‍ രണ്ട് പ്രധാനികളെ കര്‍ണാടക പൊലീസ് തിരിച്ചറിഞ്ഞു. ദക്ഷിണ കന്നഡ ബന്ദ്വാള്‍ സ്വദേശികളായ ഇവരാണ് സംഘത്തിലെ പ്രധാനികളെന്നാണ് പൊലീസ് പറയുന്നത്. ആഭരണങ്ങള്‍ക്ക് പുറമേ കവര്‍ച്ചയ്ക്ക് ഉപയോഗിച്ച ഉപകരണങ്ങളും വടിവാള്‍ അടക്കമുള്ള ആയുധങ്ങളും പൊലീസ് പിടികൂടി.

ബന്ദ്വാൾ സ്വദേശികളായ മുഹമ്മദ്‌ ഗോസ്, ഇമ്രാൻ ഗോസ് എന്നിവരെയാണ് ഉള്ളാല്‍ പൊലീസ് തിരിച്ചറിഞ്ഞത്. ഇവരില്‍ മുഹമ്മദ് ഗോസാണ് റെന്‍റ് എ കാറില്‍ നിന്ന് കാര്‍ വാടകയ്ക്കെടുക്കാന്‍ പോയത്. ഈ ദൃശ്യങ്ങള്‍ മനോരമ ന്യൂസിന് ലഭിച്ചു.

ഏഴരക്കിലോ വെള്ളിയാഭരണങ്ങള്‍ക്കും ഒരു ലക്ഷത്തി തൊണ്ണൂറായിരം രൂപയ്ക്കും വിലകൂടിയ വാച്ചുകള്‍ക്കും പുറമേ കവര്‍ച്ചയ്ക്ക് ഉപയോഗിച്ച ഉപകരണങ്ങളും വടിവാള്‍ അടക്കമുള്ള ആയുധങ്ങളും കണ്ടെത്തി. ഗ്യാസ് സിലിണ്ടറുകള്‍, കട്ടറുകള്‍ മറ്റ് ഉപകരണങ്ങള്‍ക്കും പുറമേ ചുറ്റിക, കത്തി, വടിവാള്‍ എന്നിവ ഉള്ളാല്‍ പൊലീസ് വാഹനത്തില്‍ നിന്ന് തന്നെ കണ്ടെത്തി. കവര്‍ച്ചയ്ക്കുശേഷം മടങ്ങുന്നതിനിടെ ഉള്ളാല്‍ എസ്.ഐ. അടക്കം നാലുപെരെ ആക്രമിച്ചതിന് കൊലപാതകക്കുറ്റമടക്കം ചുമത്തിയാണ് കേസ് അന്വേഷണം. കാറിലുണ്ടായിരുന്നവര്‍ ഏഴുപേര്‍ ആണെന്നും പൊലീസിനെ ആക്രമിച്ച ശേഷം കാര്‍ ഉപേക്ഷിച്ച് ഇവര്‍ ഓടിപ്പോയെന്നും മംഗളൂരു ഡിസിപി അറിയിച്ചു.

ഇവരുടെ കൈവശമുള്ള ഒരു ബാഗില്‍ ബാക്കി തുകയും ആഭരണങ്ങളും ഉണ്ടാകുമെന്നാണ് പൊലീസ് പ്രതീക്ഷിക്കുന്നത്. കവര്‍ച്ചക്കാരുടെ അക്രമത്തിനിരയായ കുമ്പള സ്വദേശിയായ സുരക്ഷാ ജീവനക്കാരന്‍ അപകടനില തരണം ചെയ്തിട്ടുണ്ട്. 

MORE IN Kuttapathram
SHOW MORE
Loading...
Loading...