പ്രണയം നടിച്ച് ചതിയില്‍ പെടുത്തി; 13കാരിയെ പീഡിപ്പിച്ചു; 9 പേര്‍ അറസ്റ്റിൽ

തിരുവനന്തപുരം മാറനല്ലൂരില്‍ പതിമൂന്നുകാരിയെ പീഡിപ്പിച്ച കേസില്‍ 9 പേര്‍ അറസ്റ്റില്‍. പ്രണയം നടിച്ച് ചതിയില്‍ പെടുത്തിയ ശേഷം പലപ്പോഴായി പീഡിപ്പിച്ചെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍. 

പ്രതികളില്‍ പ്രായപൂര്‍ത്തിയാകാത്തവരുമുണ്ട്. 13 കാരിയായ പെണ്‍കുട്ടിയെ പ്രണയത്തിന്റെ ചതിക്കുഴിയില്‍ വീഴ്ത്തി മാസങ്ങളായി പീഡിപ്പിച്ചെന്ന ഞെട്ടിക്കുന്ന കണ്ടെത്തലാണ് മാറനല്ലൂര്‍ പൊലീസിന്റേത്. പ്രായപൂര്‍ത്തിയാകാത്ത ഒരാളടക്കം 9 പ്രതികളെ അറസ്റ്റും ചെയ്തു. ഇവരില്‍ ഒരാള്‍ പെണ്‍കുട്ടിയുമായി പ്രണയത്തിലായിരുന്നു. അതിനിടെ നഗ്നചിത്രം കൈവശപ്പെടുത്തി. ഇത് മറ്റുള്ളവര്‍ക്ക് കൈമാറുകയും അത് കാട്ടി ഭീഷണിപ്പെടുത്തി പലപ്പോഴായി പീഡിപ്പിക്കുകയായിരുന്നു. 

2019 മുതല്‍ വിവിധ ദിവസങ്ങളിലായാണ് പീഡനം നടന്നത്. കുട്ടി ഓണ്‍ലൈന്‍ ക്ളാസില്‍ പങ്കെടുക്കാത്തതിനെ തുടര്‍ന്ന് അധ്യാപിക അന്വേഷിച്ചതോടെയാണ് പീഡനത്തിന്റെ സൂചന ലഭിച്ചത്. പിന്നീട് ചൈല്‍ഡ് ലൈന്‍ വഴിയുള്ള കൗണ്‍സിലില്‍ പെണ്‍കുട്ടി പ്രതികളുടെ വിവരങ്ങളടക്കം തുറന്ന് പറയുകയായിരുന്നു. കാട്ടാക്കട ഡിവൈ.എസ്.പിയുടെ നേതൃത്വത്തിലെ സംഘത്തിന്റെ അന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലായത്.