അർബുദ രോഗിയുടെ ഹോട്ടലിൽ മോഷണം; സിഗററ്റും സ്റ്റേഷനറി സാധനങ്ങളും കവർന്നു

കായംകുളത്ത് അർബുദ രോഗിയുടെ  ഉടമസ്ഥതയിലുള്ള ഹോട്ടലിൽ മോഷണം. കായംകുളം കണ്ടല്ലൂർ സ്വദേശി രതീഷിന്റെ ഹോട്ടലിലാണ് മോഷണം നടന്നത്. നാട്ടുകാരുടെ സഹായത്തോടെയാണ് ഹോട്ടൽ ആരംഭിച്ചത്. വിഡിയോ റിപ്പോർട്ട് കാണാം. 

കായംകുളം കണ്ടല്ലൂർ സ്വദേശി രതീഷിന്റെ ഏക വരുമാനമാർഗമാണ് ദേശീയ പാതയോരത്തുള്ള ചെറിയ ഹോട്ടൽ. 2010 ൽ വാഹനാപകടത്തെ തുടർന്ന് രതീഷിന്റെ കാലുകളുടെ സ്വാധീനം നഷ്ടപ്പെട്ടു. അന്ന് നാട്ടുകാരുടെ സഹായത്തോടെയാണ് ചികിൽസ നടത്തി ജീവിതം തിരികെ പിടിച്ചത്.  പിന്നീട് അർബുദം വില്ലനായതോടെ ജീവിതം വഴിമുട്ടി.  പലരുടെയും സഹായത്തോടെ ചെറിയ ഹോട്ടൽ തുടങ്ങി. ലോക്ക്ഡൗൺ അരംഭിച്ചതോടെ കട അടച്ചിട്ടിരിക്കുകയായിരുന്നു . ഇന്നു പുലർച്ചെ രതീഷ് കടയിൽ എത്തിയപ്പോൾ ആണ് മോഷണം നടന്നതായി അറിയുന്നത്. കടയിലെ ഒട്ടുമിക്ക സാധനങ്ങളും പെട്ടിയിൽ സൂക്ഷിച്ചിരുന്ന പണവും കള്ളൻ കവർന്നു. പുറകുവശത്തെ വാതിൽ പൊളിച്ചാണ് മോഷ്ടാവ് അകത്തു കയറിയത്. വിൽക്കാൻ വാങ്ങി വച്ചിരുന്ന ഇരുപതിനായിരം രൂപ വിലവരുന്ന സിഗററ്റുകളും സ്റ്റേഷനറി സാധനങ്ങളും കള്ളൻ കൊണ്ട് പോയി. കായംകുളം പൊലീസിൽ രതീഷ് പരാതി നൽകിയിട്ടുണ്ട്. ഏകദേശം ഒന്നര ലക്ഷം രൂപയുടെ സാധനങ്ങളാണ്  മോഷണം പോയിട്ടുള്ളത്.