യുവാക്കളെ കൊലപ്പെടുത്താൻ ശ്രമിച്ച കേസ്; നാല് പ്രതികൾ അറസ്റ്റിൽ

കൊലപാതക ശ്രമക്കേസിലെ നാല് പ്രതികളെ കൊല്ലം അഞ്ചാലുംമൂട് പൊലീസ് അറസ്റ്റ് ചെയ്തു. കുമ്പളം സ്വദേശികളായ രണ്ടു യുവാക്കളെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലാണ് അറസ്റ്റ്. കൊല്ലം നാണി മെമ്മോറിയൽ ആശുപത്രിക്ക് സമീപം സോണി ഡെയില്‍ താമസിക്കുന്ന സോണിയാണ് ഒന്നാംപ്രതി. കൊലപാതകശ്രമം ഉൾപ്പെടെ പതിനാല് കേസുകളില്‍ പ്രതിയുമായ അഞ്ചാലുംമ്മൂട് പുതുവൽപുരയിടത്തിൽ മെൽബിൽ, ഇരവിപുരം ,ഈസ്റ്റ് പോലീസ് സ്റ്റേഷനുകളില്‍ കൊലപാതകശ്രമം ഉള്‍പ്പെടെ നിരവധി കേസുകളിൽ പ്രതിയായ മുണ്ടയ്ക്കൽ ആര്‍എസ് വില്ലയിൽ ജാക്സൺ, തൃക്കടവൂർ ചിറക്കര ജംഗ്ഷൻ കൃപാലയ വീട്ടിൽ ഐസക്ക് സിക്സൺ എന്നിവരെയാണ് അഞ്ചാലുംമ്മൂട് പൊലീസ് അറസ്റ്റ് ചെയ്തത്. വിഡിയോ റിപ്പോർട്ട് കാണാം. 

കേസിലെ രണ്ട് പേർ ഒളിവിലാണ്. കഴിഞ്ഞ പതിനേഴിനാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. കുമ്പളം സ്വദേശികളായ ത്രിതിൻ രാജു, സലിൽ സജി എന്നിവരുമായി സോണി വാക്കുതര്‍ക്കമുണ്ടായി. ഇതിന് പിന്നാലെയാണ് സോണി ആവശ്യപ്പെട്ടതുപ്രകാരം മെൽബിൻ, ജാക്സൺ, ഐസക്ക് സിക്സൺ , ഷെമീഫ്, സാവിയോ എന്നിവരെത്തിയത്. തുടര്‍ന്ന് വീട്ടിലേക്ക് പോവുകയായിരുന്ന യുവാക്കളെ ആക്രമിക്കുകയായിരുന്നു. വെട്ടിയും കുത്തിയും പരുക്കേല്‍പ്പിച്ചു. ഗുരുതരമായി പരുക്കേറ്റ സലിൽ സജി കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ ചികില്‍‌സയിലാണ്.