കട്ടപ്പന ചിന്നമ്മ വധം; ഭർത്താവിനെ നുണപരിശോധയ്ക്ക് വിധേയനാക്കും

chinnamma-death-case-3
SHARE

ഇടുക്കി കട്ടപ്പനയിൽ വീട്ടമ്മ കൊല്ലപ്പെട്ട കേസിൽ ഭർത്താവ് ജോർജിനെ നുണപരിശോധയ്ക്ക് വിധേയനാക്കാൻ പൊലീസ് നടപടി തുടങ്ങി. നുണ പരിശോധയ്ക്ക് വിധേയനാകാൻ സന്നദ്ധനാണെന്ന് ജോർജ് രേഖാമൂലം അന്വേഷണ സംഘത്തെ അറിയിച്ചിട്ടുണ്ട്. ഇത് കോടതിക്ക് കൈമാറി അനുമതി തേടിയിരിക്കുകയാണ് അന്വേഷണ സംഘം.

അറുപതുകാരിയായ ചിന്നമ്മ കൊല്ലപ്പെട്ട് ഒരുമാസം കഴിഞ്ഞിട്ടും കേസിൽ ശാസ്ത്രീയ തെളിവുകളിലൂടെ പ്രതിയാരെന്ന് ഉറപ്പിക്കാൻ പൊലീസിനായിട്ടില്ല. ഇതോടെയാണ് സംശയനിഴലിലുള്ള ജോർജിനെ നുണ പരിശോധനയ്ക്ക് വിധേയനാക്കാൻ അന്വേഷണ സംഘം തീരുമാനിച്ചത്. ജോർജിന്റെ അഭിപ്രായം രേഖപ്പെടുത്തിക്കഴിഞ്ഞ് മാത്രമേ നുണ പരിശോധന നടത്താൻ അനുമതി നൽകിക്കൊണ്ട് കോടതിയുടെ ഉത്തരവ് ഉണ്ടാകുകയുള്ളൂ. 

ഏപ്രിൽ 8ന് പുലർച്ചെയാണ് വീടിന്റെ താഴത്തെ നിലയിലെ കിടപ്പുമുറിയിൽ  ചിന്നമ്മയെ മരിച്ച നിലയിൽ കണ്ടെത്തിയത്. താൻ മുകളിലെ നിലയിലെ മുറിയിലാണ് ഉറങ്ങാൻ കിടന്നതെന്നും പുലർച്ചെ താഴെ എത്തിയപ്പോഴാണ് മൃതദേഹം കണ്ടതെന്നുമാണ് ജോർജിന്റെ മൊഴി. ചിന്നമ്മയുടെ 4 പവനോളം സ്വർണാഭരണങ്ങൾ നഷ്ടപ്പെട്ടതായും ജോർജ് മൊഴി നൽകിയതിനാൽ മോഷണത്തിനിടെ കൊലപാതകം നടന്നതാകാമെന്ന നിലയിൽ അന്വേഷണം നടന്നെങ്കിലും അത്തരത്തിലുള്ള തെളിവുകളൊന്നും ലഭ്യമായിട്ടില്ല.

ശ്വാസം മുട്ടിയാണ് മരണമെന്ന് പോസ്റ്റുമോർട്ടത്തിലും കണ്ടെത്തി. പിടിവലി നടന്നതിന്റെയോ ആഭരണങ്ങൾ ബലമായി ഊരിയെടുത്തതിന്റെയോ ലക്ഷണങ്ങൾ ഇല്ല. വിരലടയാള വിദഗ്ധരും ഡോഗ് സ്‌ക്വാഡും സ്ഥലത്ത് പരിശോധന നടത്തിയിട്ടും പ്രയോജനം ഉണ്ടായില്ല. വീടിനുള്ളിൽ നിന്ന് മണം പിടിച്ച പൊലീസ് നായ വീട്ടുപരിസരം വിട്ട് പുറത്തേക്ക് പോയില്ല. മോഷണത്തിനായി ആരെങ്കിലും അവിടെ എത്തിയോയെന്ന് കണ്ടെത്താനായി പരിസര മേഖലകളിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചിട്ടിലും സംശയകരമായി ഒന്നും കണ്ടെത്താനായില്ല. ഇതെല്ലാമാണ് ജോർജിനെ പ്രതികൂട്ടിലാക്കുന്നത്. അന്വേഷണം നീണ്ടുപോകുന്നതിൽ പ്രതിഷേധിച്ച് നാട്ടുകാരുടെ നേതൃത്വത്തിൽ  ആക്ഷൻ കൗൺസിലിനും രൂപം നൽകിയിട്ടുണ്ട്. ഇതിൽ ചിന്നമ്മയുടെ കുടുംബാംഗങ്ങൾ ഇല്ലാത്തതും പ്രതി ജോർജാണെന്ന സംശയത്തിന് ഇടയാക്കിയിട്ടുണ്ട്.

MORE IN Kuttapathram
SHOW MORE
Loading...
Loading...