ഇവിടെ 1200 രൂപ; ഗോവയിൽ 300 ൽ താഴെ; ഗോവൻ മദ്യം സംസ്ഥാനത്തേക്കു ഒഴുകുന്നു

liqour-goa
SHARE

വടകര: കോവിഡ് നിയന്ത്രണങ്ങളെ തുടർന്നു സംസ്ഥാനത്തെയും മാഹിയിലെയും മദ്യവിൽപനശാലകൾ അടഞ്ഞപ്പോൾ ഗോവയിൽ നിന്നുള്ള മദ്യം ഒഴുകുന്നു. വില കുറഞ്ഞ മദ്യം ട്രെയിൻ വഴി എത്തിക്കാൻ നേരത്തേയുണ്ടായിരുന്ന സംഘമാണ് ഇപ്പോൾ സജീവമായത്.നിയന്ത്രണത്തെ തുടർന്ന് കേരളത്തിലെ മദ്യവിൽപനശാലകൾ അടച്ചാലും തുറക്കുന്ന മാഹിയിലെ മദ്യ ശാലകൾ ഇത്തവണ പൂട്ടിയിരുന്നു. മാഹിയിൽ നിന്നു മദ്യക്കടത്ത് നടക്കാത്ത സാഹചര്യത്തിലാണ് ഗോവയിൽ നിന്നു മദ്യം ഒഴുകുന്നത്. 

വാഹനത്തിലും ട്രെയിൻ വഴിയുമാണു മദ്യം കടത്തുന്നത്. കേരളത്തിൽ 1200 രൂപയ്ക്ക് കിട്ടുന്ന മദ്യത്തിന് ഗോവയിൽ 300 രൂപയിൽ താഴെയാണു വില. ഇത്തരം മദ്യം ട്രെയി‍ൻ വഴി കടത്തുന്ന സംഘം നേരത്തേ സജീവമായിരുന്നു. എന്നാൽ റെയിൽവേ പൊലീസിന്റെയും എക്സൈസിന്റെ പരിശോധന ശക്തമായതും ട്രെയിൻ സർവീസ് കുറഞ്ഞതും മൂലം മദ്യം വരവ് പഴയ മട്ടിൽ ഇല്ല.കേരളത്തിലും മാഹിയിലും മദ്യവിൽപനശാലകൾ തുറക്കാതായപ്പോൾ കടത്തു വീണ്ടും തുടങ്ങി. 

ബാഗിലും ചാക്കിലും നിറച്ചു കൊണ്ടു വരുന്ന മദ്യം ട്രെയിനിൽ പല ഭാഗത്തു വയ്ക്കുകയാണ് പതിവ്. ഇതു മൂലം പരിശോധകർക്ക് കടത്തുന്നയാളെ പിടികൂടാൻ കഴിയില്ല. റെയിൽവേ സ്റ്റേഷനിലും ഉപേക്ഷിക്കപ്പെട്ട നിലയിലാണു മദ്യം കാണുക. ട്രെയിൻ ഇറങ്ങി വരുമ്പോൾ പരിശോധകർ ഉണ്ടെങ്കി‍ൽ മദ്യം പ്ലാറ്റ്ഫോമിൽ ഉപേക്ഷിച്ചു കടന്നു കളയുകയോ അല്ലെങ്കി‍ൽ ഉദ്യോഗസ്ഥർ പോയ ശേഷം എടുത്തു കൊണ്ടു പോവുകയോ ചെയ്യും. ഗോവൻ മദ്യം വ്യാപകമായി കടത്തുന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ എക്സൈസ്– റെയിൽവേ പൊലീസ് സംയുക്ത പരിശോധന തുടങ്ങിയിട്ടുണ്ട്.

MORE IN Kuttapathram
SHOW MORE
Loading...
Loading...