വ്യാപാരിയെ തട്ടിക്കൊണ്ടുപോയ കേസില്‍ കൂടുതലാളുകള്‍ക്ക് പങ്ക്

merchant-kidnap
SHARE

കോഴിക്കോട് പതിമംഗലത്ത് സാമ്പത്തിക ഇടപാടിനെത്തുടര്‍ന്ന് വ്യാപാരിയെ തട്ടിക്കൊണ്ടുപോയ കേസില്‍ കൂടുതലാളുകള്‍ക്ക് പങ്ക്. തട്ടിക്കൊണ്ടു പോയവര്‍ ഒത്തുചേരുന്നതും ക്വട്ടേഷന്‍ നല്‍കിയ അബ്ദുല്‍ കരീമിന്റെ സുഹൃത്ത് ഇവിടെ വന്ന് പോകുന്നതുമായ സി.സി.ടി.വി ദൃശ്യങ്ങള്‍ പൊലീസ് ശേഖരിച്ചു. മൂന്നിടങ്ങളിലാണ് തന്നെ താമസിപ്പിച്ചിരുന്നതെന്നും ക്രൂരമായി മര്‍ദിച്ച് നിരവധി വീഡിയോ ചിത്രീകരിച്ചതായും അബ്ദുല്‍ കരീം മൊഴി നല്‍കിയിട്ടുണ്ട്. 

അബ്ദുല്‍ കരീമിനെ രണ്ട് ദിവസം താമസിപ്പിച്ചിരുന്ന ഹോം സ്റ്റേയുടെ മുന്നിലെ ദൃശ്യങ്ങളാണിത്. കരീമിന്റെ കച്ചവട പങ്കാളിയുള്‍പ്പെടെ രാത്രിയും പകലുമായി എത്തുന്നതും കൂടുതലാളുകള്‍ ഒത്തുകൂടുന്നതും ദൃശ്യങ്ങളിലുണ്ട്. കണ്ണ് കെട്ടി വാഹനത്തില്‍ കൊണ്ടുപോയി മൂന്നിടങ്ങളിലായാണ് തന്നെ പാര്‍പ്പിച്ചിരുന്നതന്നും പലരും മാറി മാറി മര്‍ദിച്ചിരുന്നതായും അബ്ദുല്‍ കരീം. 

വൈത്തിരിയില്‍ നിന്നാണ് തന്റെ കണ്ണ് കെട്ടിയത്. പിന്നീട് ഒരു ഹോം സ്റ്റേയിലെത്തിച്ചു. അവിടെ വച്ച് താന്‍ പണം കൊടുക്കാനുള്ള സുഹൃത്ത് എത്തി ഭീഷണിപ്പെടുത്തി. അയാളും മറ്റ് സുഹൃത്തുക്കളും ഉള്‍പ്പെടെ മാറി മാറി മര്‍ദിച്ചു. അവിടെയെത്തിയത് മുതല്‍ മടങ്ങി വരും വരെ പട്ടിണിയിലായിരുന്നു. 

നരിക്കുനി സ്വദേശിയായ കച്ചവട പങ്കാളിക്ക് മുപ്പത് ലക്ഷം രൂപ നല്‍കാനുണ്ടെന്ന് അബ്ദുല്‍ കരീം സമ്മതിക്കുന്നു. എന്നാല്‍ ഒരു കോടി മുപ്പത് ലക്ഷം രൂപ കിട്ടാനുണ്ടെന്ന് കാണിച്ച് തന്നെ ഭീഷണിപ്പെടുത്തി വീഡിയോ ചിത്രീകരിച്ചതായും കരീം പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്. 

കഴിഞ്ഞ ഇരുപത്തി ആറിനാണ് അബ്ദുല്‍ കരീമിനെ കാറിലെത്തിയ നാലംഗ സംഘം കുന്നമംഗലത്ത് നിന്ന് തട്ടിക്കൊണ്ടുപോയത്. പിന്നാലെ അന്‍പത് ലക്ഷം രൂപ മോചനദ്രവ്യം ആവശ്യപ്പെട്ടു. ഭാര്യയുടെ പരാതിയില്‍ പൊലീസ് അന്വേഷണം വിപുലമായതോടെ വൈകാതെ പണം നല്‍കണമെന്ന് ഓര്‍മിപ്പിച്ച് തട്ടിക്കൊണ്ടുപോയവര്‍ അബ്ദുല്‍ കരീമിനെ താമരശ്ശേരിയില്‍ ഇറക്കിവിടുകയായിരുന്നു. സംഘത്തിലുള്ളവരെ തിരിച്ചറിഞ്ഞെന്നും ഇവര്‍ ഒളിവിലാണെന്നും കുന്ദമംഗലം പൊലീസ് പറഞ്ഞു.

MORE IN Kuttapathram
SHOW MORE
Loading...
Loading...