അലാറം മുഴങ്ങി; മോഷണശ്രമം ഉപേക്ഷിച്ച് കള്ളന്മാർ ഓടിരക്ഷപ്പെട്ടു; സിസിടിവി ദൃശ്യങ്ങൾ

കൊല്ലം നീണ്ടകരയില്‍ എടിഎമ്മിൽ കവർച്ചാ ശ്രമം. അലാറം മുഴങ്ങുകയും, പൊലീസ് വേഗത്തില്‍ സ്ഥലത്ത് എത്തുകയും ചെയ്തതോടെ കള്ളന്‍മാര്‍ ഓടി രക്ഷപെട്ടു. കവര്‍ച്ചാ ശ്രമത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചിട്ടുണ്ട്. ഫെഡറൽ ബാങ്കിന്റെ നീണ്ടകര ശാഖയോട് ചേർന്നുള്ള എടിഎമ്മില്‍ പുലര്‍ച്ചെ ഒന്നരയോടെയായിരുന്നു കവര്‍ച്ചാ ശ്രമം. അഞ്ചു മിനിറ്റോളം യുവാക്കള്‍ എടിഎമ്മിനുള്ളിൽ ചെലവഴിച്ചു. എടിഎം പൊളിക്കാൻ ശ്രമിക്കുമ്പോൾ ബാങ്കിന്റെ പ്രധാന ഓഫിസിൽ അലാറം മുഴങ്ങി. വിവരം അവിടെ നിന്നു ചവറ പൊലീസിനെ അറിയിച്ചു. പൊലീസ് വരുന്നത് കണ്ട് യുവാക്കള്‍ ഓടി രക്ഷപെടുകയായിരുന്നു.