സനുമോഹനെ വിശ്വസിക്കാതെ പൊലീസ്; നിറയെ വൈരുധ്യം; ദുരൂഹത കനക്കുന്നു

vaiga-sanu-mohan-05
SHARE

കടബാധ്യത മൂലം താന്‍ ആത്മഹത്യ ചെയ്താല്‍ മകള്‍ ഒറ്റയ്ക്കാകുമെന്ന ഭയം മൂലമാണ് വൈഗയെ കൊലപ്പെടുത്തിയതെന്ന് സനു മോഹന്‍. എന്നാല്‍ മൊഴികളില്‍ വൈരുധ്യമുള്ളതിനാല്‍ പൊലീസ് ഈ വെളിപ്പെടുത്തല്‍ മുഖവിലയ്ക്ക് എടുത്തിട്ടില്ല. കൃത്യമായ ആസൂത്രണത്തോടെയാണ് സനു മോഹന്‍ മകളെ കൊലപ്പെടുത്തിയതെന്ന നിഗമനത്തിലാണ് പൊലീസ്.

വൈഗയുടെ മൃതദേഹം മുട്ടാര്‍ പുഴയില്‍ കണ്ടെത്തി 27 ദിവസം കഴിഞ്ഞു സനു മോഹന്‍ അറസ്റ്റിലാകുമ്പോള്‍ പൊലീസ് ഉറപ്പിച്ച് പറയുന്നത് ഒറ്റക്കാര്യം മാത്രം. കൃത്യമായ ആസൂത്രണത്തിനൊടുവിലാണ് അച്ഛന്‍ മകളെ കൊലപ്പെടുത്തിയത്. തുടര്‍ന്ന് ആത്മഹത്യ ചെയ്യാനായിരുന്നു തീരുമാനമെന്ന പ്രതിയുടെ മൊഴി പൊലീസ് പൂര്‍ണമായി വിശ്വസിച്ചിട്ടില്ല. ആത്മഹത്യ ചെയ്യാന്‍ തീരുമാനിച്ചയാള്‍ എന്തിനാണ് കൈ നിറയെ പണവുമായി ഒളിവില്‍ പോയതെന്ന പൊലീസിന്‍റെ ചോദ്യത്തിന് സനു മോഹന് മറുപടിയില്ല. 

ഓരോ തവണ ചോദിക്കുമ്പോഴും സനു മോഹന്‍ മൊഴി മാറ്റിപ്പറയുകയാണ്. പൊലീസ് ശേഖരിച്ച ശാസ്ത്രീയ തെളിവുകളുമായി ചേര്‍ന്ന് പോകുന്നതല്ല മൊഴിയിലുള്ള പല കാര്യങ്ങളും. വൈഗയെ കൊന്നത് എങ്ങനെയാണെന്ന കാര്യത്തിലും പല വിശദീകരണങ്ങള്‍ നല്‍കുന്നുണ്ട് പ്രതി. 

വൈഗയുടെ ഉള്ളില്‍ മദ്യം വന്നത് എങ്ങനെയെന്ന കാര്യത്തിലും ശാസ്ത്രീയ തെളിവുകളോട് ചേര്‍ന്ന് നില്‍ക്കുന്ന വിശദീകരണം നല്‍കാന്‍ ഇയാള്‍ക്കായിട്ടില്ല. അതേസമയം കങ്ങരപ്പടയിലെ ഫ്ളാറ്റിനുള്ളില്‍ കണ്ടത് വൈഗയുടെ രക്തം തന്നെയാണെന്ന് ഉറപ്പിക്കുന്നു പൊലീസ്. കഴുത്ത് ഞെരിച്ചപ്പോള്‍ മൂക്കില്‍ നിന്ന് വന്നതാണ് ഈ രക്തമെന്നാണ് പ്രതിയുടെ വിശദീകരണം. 

കൃത്യം നിര്‍വഹിച്ചത് സനു മോഹന്‍ ഒറ്റയ്ക്കാണെന്ന് പൊലീസ് ഉറപ്പിച്ചിട്ടുണ്ട്. ചൂതാട്ടത്തിലടക്കം കമ്പമുണ്ടായിരുന്ന പ്രതിയുടെ സാമ്പത്തിക ഇടപാടുകളെ കുറിച്ചും പൊലീസ് അന്വേഷിക്കുന്നുണ്ട്. ഒളിവില്‍ കഴിയുമ്പോള്‍ സനു ആത്മഹത്യാശ്രമം നടത്തിയെന്ന റിപ്പോര്‍ട്ടുകള്‍ പൊലീസ് സ്ഥിരീകരിച്ചിട്ടില്ല.

മൊബൈല്‍ ഫോണ്‍ വിവരങ്ങളടക്കം ഡിജിറ്റല്‍ തെളിവുകള്‍ പോലും ബാക്കി വയ്ക്കാതെയായിരുന്നു കര്‍ണാടകയില്‍ എത്തുംവരെ സനു മോഹന്‍റെ ഒളിവ് ജീവിതം. പിടികൂടിയ ശേഷവും ഈ മട്ടിലുള്ള വൈദഗ്ധ്യം പ്രതി പ്രകടിപ്പിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ കൂടുതല്‍ ‌‌ശാസ്ത്രീയ തെളിവുകള്‍ ശേഖരിക്കാനുള്ള ശ്രമത്തിലാണ് പൊലീസ്. 

MORE IN Kuttapathram
SHOW MORE
Loading...
Loading...