അപകടമരണമെന്ന് കരുതി; കൊലയുടെ സൂചനകള്‍; പ്രതിയെ തേടി നാട്

kothamangalam-aamina-murder
SHARE

കോതമംഗലത്ത് വയോധികയെ വയലില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഒരു മാസം കഴിഞ്ഞിട്ടും പ്രതിയെ കണ്ടെത്താന്‍  കഴിയാതെ പൊലീസ്. വീടിനുസമീപത്തെ വയലില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ ആമിനയുടെ മരണം ശ്വാസം മുട്ടിയാണെന്ന്  പോസ്റ്റുമോര്‍ട്ടത്തില്‍ തെളിഞ്ഞതോടെയാണ് കൊലപാതകിയെ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം തുടങ്ങിയത്. ആമിനയുടെ ശരീരത്തിലുണ്ടായിരുന്ന സ്വര്‍ണാഭരണങ്ങള്‍ നഷ്ടപ്പെട്ടതോടെ മോഷണത്തിനുവേണ്ടിയുള്ള കൊലപാതകമാണെന്ന് പൊലീസ് വിലയിരുത്തുന്നു. 

മാര്‍ച്ച് 7 ഞായറാഴ്ച പതിവുപോലെ വീടിനുസമീപത്തെ പാടത്തേക്ക് പുല്ലുപറിക്കാന്‍ പോയതായിരുന്നു അറുപത്തഞ്ചുകാരിയായ ആമിന. സ്വന്തം പാടത്തും സമീപത്തെ വയലിലില്‍ നിന്നുമെല്ലാം പുല്ലരിഞ്ഞ് ഉച്ചയോടെ തലച്ചുമടായി ചുമന്ന് വീട്ടിലേക്ക് പോകും. ഇതാണ് പതിവ്. പക്ഷെ അന്ന് ആമിന സമയം വൈകിയിട്ടും വീട്ടിലെത്തിയില്ല. പശുവിനെ കറക്കാന്‍ മുടക്കം കൂടാതെ ആമിന എത്തുമായിരുന്നു. അതോടെ അന്വേഷണമായി. പതിവായി ആമിന പുല്ലുചെത്തിയിരുന്ന പാടത്തേക്കായിരുന്നു ആദ്യം തന്നെ അന്വേഷണം നീണ്ടത്. സമീപത്തെ സ്ത്രീകള്‍ പാടത്ത് നടത്തിയ പരിശോധനയില്‍ ആമിനയെ കണ്ടെത്തി. 

ഉടന്‍ തന്നെ ബന്ധുക്കളെവിളിച്ചുവരുത്തി ആമിനയെ വീട്ടിലേക്ക് എടുത്തുകൊണ്ടുപോയി. വീട്ടില്‍ വെച്ച് ആമിനയുടെ മരണം സ്ഥിരീകരിച്ചു. പിന്നീട് ആശുപത്രിയിലേക്ക് മാറ്റി. സാധരണ ഒരു മരണം എന്നരീതിയിലായിരുന്നു അന്ത്യകര്‍മ്മങ്ങളെല്ലാം പുരോഗമിച്ചത്. ആശുപത്രിയില്‍ നിന്ന് വീട്ടിലെത്തിച്ച ആമിനയുടെ ശരീരം കുളിപ്പിക്കുന്നതിനിടയിലാണ് നിര്‍ണായകമായ ആ തെളിവ് കണ്ടെത്തിയത്. കാതിലുണ്ടായിരുന്ന കമ്മലിന്‍റെ ഭാഗം സ്ത്രീകള്‍ ഊരിയെടുത്ത് ബന്ധുക്കള്‍ക്ക് നല്‍കി. ആമിനയുടെ ശരീരത്തിലുണ്ടായിരുന്ന സ്വര്‍ണത്തിന്‍റെ കൂടെ വെക്കാന്‍ നോക്കിയതോടെയാണ്  മാലയും വളയും ഉള്‍പ്പെടെയുള്ള സ്വര്‍ണം ആരും എടുത്തുവെച്ചിട്ടില്ലെന്നും ശരീരത്തിലില്ലെന്നും മനസിലായത്. ഉടന്‍ ബന്ധുക്കള്‍ ദുരൂഹത മണത്തു. പൊലീസില്‍ വിവരമറിയിച്ചു. പൊലീസ് ആമിനത്താത്തയുടെ ശരീരം പോസ്റ്റുമോര്‍ട്ടം നടപടികള്‍ക്കുവേണ്ടി ആശുപത്രിയിലേക്ക് മാറ്റി. അതിനിടെ ബന്ധുക്കള്‍  ആമിന മരിച്ചുകിടന്ന സ്ഥലത്ത് വിശദമായി പരിശോധന നടത്തി. എവിടേയും സ്വര്‍ണം കണ്ടെത്തിയില്ല. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിനായി പൊലീസും ബന്ധുക്കളും കാത്തിരുന്നു.

കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നടത്തിയ പോസ്റ്റുമോര്‍ട്ടത്തിലാണ് കൊലപാതകത്തിന്റെ സൂചനകള്‍ ലഭിച്ചത്. വെള്ളത്തില്‍ മുങ്ങിയാണ് മരണം സംഭവിച്ചിരിക്കുന്നതെന്ന് പരിശോധനയില്‍ കണ്ടെത്തി. മൃതദേഹം കിടന്നിരുന്ന തോട്ടില്‍ വളരെക്കുറച്ചുമാത്രം വെള്ളമുണ്ടായിരുന്നത് ആദ്യംതന്നെ സംശയത്തിനിടയാക്കിയിരുന്നു.

ശരീരത്തില്‍ പുറമേ പരുക്കുകളൊന്നും കണ്ടെത്തിയിരുന്നില്ല. മൃതദേഹം കിടന്ന സ്ഥലത്ത് കെട്ടിവെച്ച നിലയില്‍ പുല്ലുകെട്ടും അരിവാളും ഉണ്ടായിരുന്നു. ഫോറന്‍സിക് വിദഗ്ദരും ഡോഗ് സ്ക്വാഡും തെളിവുകള്‍ ശേഖരിച്ചു. മണം പിടിച്ച് ഒാടിയ നായ സമീപത്തെ ജനവാസകേന്ദ്രത്തിലെത്തി നിന്നു. പക്ഷേ സൂചനകളൊന്നും പൊലീസിന് ലഭിച്ചില്ല..സമീപത്ത് പിടിവലി നടന്നതിന്‍റെ ലക്ഷണങ്ങളും പൊലീസ് കണ്ടെത്തി.

കയ്യില്‍ നിന്ന് വളകള്‍ ഊരിയെടുക്കാന്‍ കഴിയുമായിരുന്നില്ലെന്ന് ബന്ധുക്കള്‍ പറയുന്നു. അങ്ങനെയങ്കില്‍ എന്തെങ്കിലും ആയുധം ഉപയോഗിച്ച് കൊലയാളി വള മുറിച്ചെടുത്തിരിക്കാമെന്നാണ്  സൂചന. ആമിന സ്ഥിരമായി പുല്ലുചെത്തുന്ന സ്ഥലത്തെക്കുറിച്ച് കൃത്യമായി അറിയാവുന്ന ആരെങ്കെലുമായിരിക്കും കൊലയ്ക്ക് പിന്നിലെന്ന് പൊലീസ് സംശയിക്കുന്നു. ആരും വരില്ലെന്നും ആമിനയുടെ കരച്ചില്‍ ആരും കേള്‍ക്കില്ലെന്നും ഉറപ്പുണ്ടായിരുന്ന പ്രതി പിടിവലിക്കൊടുവില‍ാണ് സ്വര്‍ണം കവര്‍ന്നത്. ഇതിനിടെ ഒാടി രക്ഷപെടാന്‍ ശ്രമിക്കുന്നതിനിടയില്‍ സമീപത്തെ ചാലില്‍ വീണ ആമിനയെ പ്രതി കൊലപ്പെടുത്തിയിരിക്കാനാണ് സാധ്യതയെന്ന് പൊലീസ് അനുമാനിക്കുന്നു. മാലയും വളയും കമ്മലും കവര്‍ന്ന് ആരും കാണാതെ പ്രതി വയലിലൂടെ തന്നെ ഒാടിരക്ഷപെട്ടെന്നുമാണ് നിമഗനം.

പ്രദേശവാസികളെ പലരേയും പൊലീസ് വിശദമായി ചോദ്യം ചെയ്തു. എന്നിട്ടും സംശയകരമായ സാഹചര്യത്തില്‍ ഒരാള്‍ പ്രദേശത്ത് കുറച്ചുദിവസമായി ചുറ്റിക്കറങ്ങിയിരുന്നെന്നും പ്രദേശത്തെ ഒരു സ്ത്രീ മൊഴി നല്‍കി. അതിനെക്കുറിച്ച് അന്വേഷണം നടക്കുന്നതിനിടയിലാണ് കഴിഞ്ഞ ദിവസം നാട്ടുകാരെ നടുക്കി വീണ്ടും ആ സംഭവമുണ്ടായത്. ആലുവ റൂറല്‍ എസ്പിയുടെ കീഴില്‍ രണ്ട് ഡിവൈഎസ്പിമാരുടെ നേതൃത്വത്തില്‍ പൊലീസ് അന്വേഷണം തുടരുകയാണ്. പ്രതി ഉടന്‍ കുടുങ്ങുമെന്നാണ് പൊലീസ് വിശദീകരണം.

കോതമംഗലം അയിരൂപ്പാറ നിവാസികള്‍ പഴയ ഒരു സംഭവം ഒാര്‍ത്തെടുക്കുകയാണ്. അഞ്ച് വര്‍ഷം മുമ്പ് ആമിന കൊല്ലപ്പെട്ടതിന് തൊട്ടടുത്ത് നടന്ന മറ്റൊരു മരണം. വല്‍സ വീടിനുമുന്നിലെ കനാലില്‍ മരിച്ച നിലയിലാണ് വല്‍സയെ കണ്ടെത്തിയത്. അപകടമരണമെന്ന നിഗമനത്തില്‍ ആരും ദുരൂഹത സംശയിച്ചില്ല. വല്‍സയുടെ കഴുത്തില്‍ കിടന്ന മാല നഷ്ടപ്പെട്ടതും സംശയം ജനിപ്പിച്ചില്ല. ഒഴുക്കില്‍പ്പെട്ടതാകാമെന്നായിരുന്നു എല്ലാവരുടേയും നിഗമനം.

ആമിനയുടെ മരണവും ആദ്യം ആരും സംശയിച്ചില്ല. സ്വര്‍ണം നഷ്ടപ്പെട്ടതിനെചൊല്ലി നടത്തിയ അന്വേഷണം എത്തിച്ചത് ആമിനയുടെ കൊലപാതകത്തിലേക്ക്.  പക്ഷേ വര്‍ഷങ്ങള്‍ക്കിപ്പുറം വല്‍സയുടെ മരണത്തില്‍ ബന്ധുക്കള്‍ക്കും നാട്ടുകാര്‍ക്കും സംശയമുണ്ടെങ്കിലും ഇനി എന്തുചെയ്യാന്‍ കഴിയുമെന്നതാണ് ചോദ്യം. 

MORE IN Kuttapathram
SHOW MORE
Loading...
Loading...