മാഹിയിൽ നിന്നും 145ന് വാങ്ങി ഇടുക്കിയിൽ 365 രൂപക്ക് വിൽപന; അറസ്റ്റ്

മാഹിയിൽ നിന്നും അനധികൃതമായി ഇടുക്കിയിലെത്തിച്ച നൂറ്റമ്പത് ലീറ്റർ മദ്യം എക്സൈസ് പിടികൂടി. വിഷുദിനത്തിലെ വിൽപന ലക്ഷ്യമിട്ട് ജില്ലയിലെത്തിച്ച മദ്യമാണ് വാഹന പരിശോധനക്കിടെ പിടികൂടിയത്. മദ്യം കടത്തിയെ ചതുരംഗപ്പാറ സ്വദേശി സോനുവിനെ എക്സൈസ് അറസ്റ്റ് ചെയ്തു.

ഡ്രൈ ഡെയായ വിഷുദിനത്തിലെ വിൽപ്ന ലക്ഷ്യം വച്ച് മാഹിയിൽ നിന്നും മുന്നൂറോളം കുപ്പികളിലായി കടത്തി കൊണ്ടുവന്ന മദ്യം അടിമാലി എക്സൈസ് റെയിഞ്ച് സംഘമാണ് പിടികൂടിയത്. എക്സൈസ് ഇന്റലിജൻസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു എക്സൈസ് സംഘത്തിന്റെ പരിശോധന. മദ്യം കടത്താനുപയോഗിച്ച കാറും എക്സൈസ് പിടിച്ചെടുത്തു. വാഹനത്തിന്റെ ഡിക്കിയിലും പിൻസീറ്റിന്റെ ഭാഗത്തുമായിട്ടായിരുന്നു മദ്യം സൂക്ഷിച്ചിരുന്നത്. 

മാഹിയിൽ നിന്നും മദ്യം അതിർത്തി കടത്തി കേരളത്തിലെത്തിച്ച് വിൽപന നടത്തുന്നത് വഴി വൻ ലാഭമാണ് പ്രതി ലക്ഷ്യമിട്ടിരുന്നത്. 145 രൂപക്ക് ലഭിക്കുന്ന മദ്യം 365 രൂപക്കാണ് വിൽപന നടത്തുന്നത്. മദ്യ വിൽപ്പനയുടെ പിന്നിൽ വൻ റാക്കറ്റ് പ്രവർത്തിക്കുന്നതായും, സംഘത്തിലെ കൂടുതൽ പേരെ ഉടൻ പിടികൂടുമെന്നും എക്സൈസ് അധികൃതർ അറിയിച്ചു.