സനു മോഹനെ അടുത്തദിവസം കണ്ടെത്തുമെന്ന് പൊലീസ്; നൂറിലേറെപേരെ ചോദ്യം ചെയ്തു

sanu-mohan-04
SHARE

കൊച്ചി കങ്ങരപ്പടിയില്‍നിന്ന് കാണാതായ സനു മോഹനെ അടുത്തദിവസം കണ്ടെത്തുമെന്ന് പൊലീസ്. സുഹൃത്തുക്കളെയും ബന്ധുക്കളെയും ചോദ്യം ചെയ്തതില്‍നിന്ന് കൃത്യമായ സൂചനകള്‍ ലഭിച്ചുവെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ പറഞ്ഞു. ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തില്‍ അന്വേഷണം പുരോഗമിക്കുന്നുവെന്നാണ് പൊലീസ് വിശദീകരണം.

കഴിഞ്ഞ മാസം ഇരുപത്തിരണ്ടിന് പതിമൂന്നുകാരി വൈഗയുടെ മൃതദേഹം കളമശേരി മുട്ടാര്‍ പുഴയില്‍നിന്ന് കണ്ടെത്തിയതോടെയാണ് പിതാവ് സനു മോഹനെ ചുറ്റിപ്പറ്റിയുള്ള അന്വേഷണം ആരംഭിക്കുന്നത്. തലേദിവസം ഇരുവരെയും കാണാതായെന്ന് ബന്ധുക്കള്‍ പരാതി നല്‍കിയിരുന്നു. വൈഗയെ അപായപ്പെടുത്തിയശേഷം സനു മോഹന്‍ നാടുവിട്ടുവെന്നതാണ് പൊലീസിന്റെ നിഗമനം. ബന്ധുക്കളും സുഹൃത്തുക്കളുമടക്കം നൂറിലധികംപേരെ ഇതുവരെ പൊലീസ് ചോദ്യം ചെയ്തു. ഇവരില്‍നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ മൂന്നു നാല് സാധ്യതകളാണ് പൊലീസ് കാണുന്നത്. 

കൃത്യമായ സൂചനകളുടെ അടിസ്ഥാനത്തിലെത്തിയ നിഗമനങ്ങളെക്കുറിച്ച് മാധ്യമങ്ങളോടും പ്രതികരിക്കേണ്ടതില്ലായെന്ന തീരുമാനത്തിലാണ് പൊലീസ്. പൂണെയിലായിരുന്ന സനു മോഹന്‍ സാമ്പത്തിക തട്ടിപ്പ് നടത്തിയശേഷമാണ് കുടുംബത്തോടൊപ്പം എറണാകുളത്ത് എത്തിയതെന്നാണ് പൊലീസിന് ലഭിച്ച വിവരം. ഇതിന്റെ അടിസ്ഥാനത്തില്‍ സനുവിന്റെ പേരില്‍ കേരളത്തില്‍ ഭൂമി രജിസ്ട്രേഷന്‍ നടന്നിട്ടുണ്ടോയെന്നും പൊലീസ് പരിശോധിച്ചിരുന്നു. 

വൈഗയുടെ മൃതദേഹം കിട്ടിയ ദിവസം പുലര്‍ച്ചെ വാളയാര്‍ ടോള്‍ പ്ലാസ കടന്ന സനു മോഹന്റെ കാര്‍ പൊളിച്ചുവിറ്റിരിക്കാനുള്ള സാധ്യതയും അന്വേഷണസംഘം തള്ളിക്കളയുന്നില്ല. കങ്ങരപ്പടിയിലെ ഫ്ലാറ്റില്‍നിന്ന് കണ്ടെത്തിയ രക്തക്കറയുടെ ശാസ്ത്രീയ പരിശോധന നടക്കുന്നുവെന്നാണ് പൊലീസിന്റെ വിശദീകരണം. വിമാനത്താവങ്ങളിലടക്കം പൊലീസ് ലുക്ക്ഔട്ട് നോട്ടീസ് നല്‍കിയെങ്കിലും ഇതുവരെ ഫലമുണ്ടായിട്ടില്ല.

MORE IN Kuttapathram
SHOW MORE
Loading...
Loading...