അസീസിന്റെ മരണം: കൂടുതല്‍ വിഡിയോ എടുത്തതായി മൊഴി; ഫോൺ കസ്റ്റഡിയിലെടുത്തു

nadapuram-murder
SHARE

കോഴിക്കോട് നാദാപുരം നരിക്കാട്ടേരിയിലെ 16 വയസുകാരന്റെ മരണത്തില്‍ അന്വേഷണം ഊര്‍ജിതമാക്കി ജില്ലാ ക്രൈംബ്രാഞ്ച്. അബ്ദുള്‍ അസീസിനെ, സഹോദരന്‍ മര്‍ദിക്കുന്ന വീഡിയോ ചിത്രീകരിച്ച ഫോണ്‍ അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തു. കൂടുതല്‍ വീഡിയോ ചിത്രീകരിച്ചിരുന്നതായി ബന്ധുക്കള്‍ മൊഴി നല്‍കിയിട്ടുണ്ട്. അസീസിനെ സഹോദരന്‍ മര്‍ദിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നതോടെയായിരുന്നു  മരണം കൊലപാതകമാണെന്ന സംശയം ഉയര്‍ന്നത്.

ദൃശ്യങ്ങള്‍ ചിത്രീകരിച്ച ഫോണാണ് പൊലിസ് പിടിച്ചെടുത്തത്. അബ്ദുള്‍ അസീസിനെ സഹോദരന്‍ മര്‍ദിക്കുന്നതിന്റെയും കഴുത്തു ഞെരിക്കുന്നതിന്റേയും ദൃശ്യങ്ങളുടെ രണ്ടു ക്ലിപ്പായിരുന്നു സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചത്. എന്നാല്‍ മര്‍ദിക്കുന്നതിന്റെ കൂടുതല്‍ ദൃശ്യങ്ങള്‍ ഉണ്ടായിരുന്നെന്നും അത് പിന്നീട് നഷ്ടപ്പെട്ടതാണെന്നും ബന്ധുക്കള്‍ ചോദ്യം ചെയ്യലില്‍ വ്യക്തമാക്കി. ഇത് വീണ്ടെടുക്കുന്നതിനും ദൃശ്യങ്ങളുടെ ആധികാരികത പരിശോധിക്കുന്നതിനുമാണ് ഫോറന്‍സിക് ലാബിലേക്ക് ഫോണ്‍ അയക്കുന്നത്.

അതേ സമയം അബ്ദുള്‍ അസീസിന്റേത് ആത്മഹത്യതന്നെയെന്നാണ് കുടുംബം നല്‍കിയ മൊഴി. ദൃശ്യങ്ങളില്‍ കാണുന്ന അബ്ദുള്‍ അസീസിന്റെ സഹോദരന്‍ വിദേശത്തുനിന്ന് നാട്ടിലെത്തിയിട്ടുണ്ട്. ദൃശ്യങ്ങളുടെ പരിശോധനാ ഫലം പുറത്തുവന്നതിനുശേഷമായിരിക്കും സഹോദരനെ ചോദ്യം ചെയ്യുക. വീട്ടുകാരെ മുഴുവന്‍ ഇതിനകം ചോദ്യം ചെയ്തിട്ടുണ്ട്. പോസ്റ്റുമോര്‍ട്ടം നടത്തിയ ഡോക്ടറുടെ മൊഴി കൂടി രേഖപ്പെടുത്താനുണ്ട്.  2020 മേയ് 17 നാണ് അസീസ് മരിച്ചത്. ആദ്യം ലോക്കല്‍ പൊലീസും പിന്നീട് ക്രൈംബ്രാഞ്ചും കേസ് അന്വേഷിച്ചെങ്കിലും ആത്മഹത്യയെന്ന നിഗമനത്തില്‍ കേസ് അവസാനിപ്പിക്കുകയായിരുന്നു. മര്‍ദിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നതോടെയാണ് കേസില്‍  വീണ്ടും അന്വേഷണം ആരംഭിച്ചത് 

MORE IN Kuttapathram
SHOW MORE
Loading...
Loading...