മുപ്പത് രൂപ നൽകിയില്ല; തര്‍ക്കം; പതിനേഴുകാരന് ക്രൂരമര്‍ദനം

ഇടുക്കി ഇടവെട്ടിയിൽ പതിനേഴുകാരന് ക്രൂര മർദനം. മുപ്പത് രൂപ നൽകിയില്ലെന്നാരോപ്പിച്ചായിരുന്നു മർദനം. കുട്ടിയുടെ മാതാപിതാക്കളുടെ പരാതിയിൽ പൊലീസ് കേസെടുത്തു. കഴിഞ്ഞ ദിവസമാണ് ഇടവെട്ടിയിൽ വച്ച്  പതിനേഴുകാരന് സുഹൃത്തിൽ നിന്ന് ക്രൂര മർദനമേറ്റത്. ഫുട്ബോൾ കളിക്കിടെയുണ്ടായ തർക്കമാണ് അടിപിടിയിൽ കലാശിച്ചത്. ഇടവെട്ടി പഞ്ചായത്ത് പ്രസിഡന്റെ  മകനായ പത്താം ക്ലാസുകാരനാണ് ദൃശ്യങ്ങളിൽ കാണുന്ന ആക്രമിക്കുന്ന വിദ്യാർഥി.

മർദനമേറ്റതിനുപിന്നാലെ പതിനേഴുകാരൻ ഓടി വീട്ടിലെത്തി വിവരം മാതാപിതാക്കളോട് പറഞ്ഞു. തുടർന്ന് തൊടുപുഴ പൊലീസിൽ പരാതി നൽകി. അക്രമം നടത്തിയ പത്താം ക്ലാസ്സുകാരന് മാനസിക പ്രശ്‌നങ്ങൾ  ഉണ്ടെന്നും ചികിത്സയിലാണെന്നുമാണ്  വീട്ടുകാരുടെ വാദം. രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് കേസ് അട്ടികമറിക്കാനുള്ള ശ്രമം നടക്കുന്നതായി മർദ്ദമേറ്റ വിദ്യാർഥിയുടെ കുടുംബം ആരോപിച്ചു.