മോഹവിലയ്ക്ക് വാഹനം വിൽക്കും, വാങ്ങും; ഫോണിൽ മെസേജും വരും; ഈ തട്ടിപ്പിൽ വീഴരുതേ

845-kalpatta-fraud
യു.കെ.ഷാമിൽ, എ.പി.സൽമാനുൽ ഫാരിസ്
SHARE

കൽപറ്റ ∙ ഉപയോഗിച്ച സാധനങ്ങൾ വിൽക്കാനുള്ള മൊബൈൽ ആപ് വഴി പണം തട്ടിയ കേസിൽ 2 പേരെ വയനാട് സൈബർ ക്രൈം പൊലീസ് ഗോവയിൽ നിന്നു പിടികൂടി. കോഴിക്കോട് തൊട്ടിൽപാലം കാവിലുംപാറ ആലുങ്കൽ വീട്ടിൽ എ.പി. സൽമാനുൽ ഫാരിസ് (24), കോഴിക്കോട് കുണ്ടുതോട് മരുതോങ്കര ഉണ്ണിത്താൻ കണ്ടി യു.കെ. ഷാമിൽ (23) എന്നിവരാണ് അറസ്റ്റിലായത്. കേസിലെ മുഖ്യകണ്ണിയായ സൊമാലിയ സ്വദേശിയെ പിടികൂടാനുണ്ട്. പ്രതികൾ 1,60,000 രൂപ തട്ടിയെടുത്തുവെന്ന അമ്പലവയൽ സ്വദേശിയുടെ പരാതിയിലാണു പൊലീസ് അന്വേഷണം ആരംഭിച്ചത്. ബിടെക്  ബിരുദധാരിയും കംപ്യൂട്ടർ പ്രോഗ്രാമിങ് വിദഗ്ധനുമായ ഒന്നാം പ്രതി സൽമാനുൽ ഫാരിസ് വ്യാജ മെസേജ് അയച്ചാണു തട്ടിപ്പ് നടത്തുന്നത്. ഓൺലൈനിൽ സാധനങ്ങൾ വിൽക്കാനുള്ള മൊബൈൽ ആപ്പിൽ നിന്നു വാഹന ആവശ്യക്കാരെയും വാഹനം വിൽക്കാനുള്ളവരെയും പ്രതികൾ  തിരഞ്ഞെടുക്കും 

വില ബാങ്ക് അക്കൗണ്ടിലേക്കു ട്രാൻസ്ഫർ ചെയ്തതായി വ്യാജ  മെസേജ് അയച്ച് ഉടമയെ വിശ്വസിപ്പിച്ച ശേഷം,  വാങ്ങാൻ താൽപര്യം പ്രകടിപ്പിച്ച ആളുടെ അടുക്കലേക്കു വാഹനം അയയ്ക്കും. തുടർന്നു വാഹനത്തിന്റെ വില ബാങ്ക് വഴി സ്വീകരിച്ചു മുങ്ങുകയാണ് പ്രതികളുടെ പ്രവർത്തന രീതിയെന്ന് പൊലീസ് പറഞ്ഞു. 

സംഘവുമായി ബന്ധമുള്ള പാലക്കാട്‌ സ്വദേശിയുടെ വീട്ടിൽ  പൊലീസ് നടത്തിയ അന്വേഷണത്തിലാണു പ്രതികളിലേക്കുള്ള സൂചന ലഭിച്ചത്. വയനാട് സൈബർ പൊലീസ് സ്റ്റേഷൻ സബ് ഇൻസ്‌പെക്ടർ ബിജു പ്രകാശ്, സിപിഒമാരായ അബ്ദുൽ സലാം, അബ്ദുൽ ഷുക്കൂർ, ബിൻഷ എന്നിവരടങ്ങുന്ന സംഘമാണു പ്രതികളെ പിടികൂടിയത്.  കൊൽക്കത്ത കേന്ദ്രീകരിച്ചാണു പ്രതികളുടെ പ്രവർത്തനമെന്നും  പൊലീസ് പറഞ്ഞു. സമാനമായ തട്ടിപ്പിനു തൃശൂരിലും പ്രതികൾക്കെതിരെ കേസുണ്ട്.

English Summary: Vehicle fraud: Police arrest 2 in Goa

MORE IN Kuttapathram
SHOW MORE
Loading...
Loading...