കണ്ണൂരിൽ എടിഎമ്മുകൾ തകർത്ത് കവർച്ച; മൂന്ന് ഹരിയാന സ്വദേശികൾ പിടിയിൽ

atm-robbers-04
SHARE

കണ്ണൂർ കണ്ണപുരത്ത് എടിഎമ്മുകൾ തകർത്ത് കവർച്ച നടത്തിയ ഹരിയാന സ്വദേശികളായ മൂന്ന് പേർ പിടിയിൽ. ഗ്യാസ് കട്ടർ ഉപയോഗിച്ച് എ.ടി.എം തകർത്ത് പണം കവരുന്നതിൽ വിദഗ്ദ്ധരാണ് പ്രതികളെന്ന് പൊലീസ് പറഞ്ഞു. ഹരിയാനയിൽ അറസ്റ്റിലായ പ്രതികളെ കണ്ണൂരിൽ എത്തിച്ചു. കേസിൽ നാലുപേർ കൂടി അറസ്റ്റിലാകാനുണ്ട്.

കഴിഞ്ഞ ഇരുപതിന് അർധരാത്രിയോടെയായിരുന്നു കല്യാശേരി, മാങ്ങാട്, ഇരിണാവ് എന്നിവിടങ്ങളിലെ എ.ടി.എമ്മുകൾ തകർത്ത് 24.6 ലക്ഷം രൂപ സംഘം കവർന്നത്. കല്യാശേരി മുതൽ തലപ്പാടി വരെ റോഡരികിലെ സിസിടിവി ക്യാമറകൾ പരിശോധിച്ച് പ്രതികളുടെ സഞ്ചാരപഥം തിരിച്ചറിയുകയായിരുന്നു അദ്യപടി. തുടർന്ന് കവർച്ച സംഘത്തെക്കുറിച്ചുള്ള കൃത്യമായ സൂചന ലഭിച്ചതോടെ പൊലിസ് ഹരിയാനയിലെത്തി. അവിടുത്തെ പൊലീസിൻ്റെ സഹായത്തോടെയായിരുന്നു അറസ്റ്റ്.

ഹരിയാന മേവത്ത് സ്വദേശികളായ നൗമാൻ, മുവീൻ, സൂജദ് എന്നിവരാണ് പിടിയിലായത്. ഇവരിൽ നിന്ന് 16 ലക്ഷം രൂപ കണ്ടെടുത്തതായി കണ്ണൂർ സിറ്റി പോലീസ് കമ്മീഷണർ ആർ ഇളങ്കോ വ്യക്തമാക്കി.

ദേശീയ പാതയോരത്തെ തിരക്കൊഴിഞ്ഞ എ.ടി.എമ്മുകൾ കേന്ദ്രീകരിച്ചായിരുന്നു പ്രിതികൾകവർച്ച നടത്തിയിരുന്നത്.ഗ്യാസ് കട്ടർ ഉപയോഗിച്ച് എ.ടി.എം തകർത്തായിരുന്നു കവർച്ച. ഒരു എ.ടി.എം തകർത്ത് പണം കവരാൻ പരമാവധി അര മണിക്കൂർ വരെയാണ് സംഘം എടുത്തിരുന്നത്. കേരളത്തിലെ എ.ടി.എമ്മുകളിൽ സുരക്ഷ കുറവാണെന്നത് മനസിലാക്കിയായിരുന്നു കവർച്ച.

പ്രതികൾ സഞ്ചരിച്ച വാഹനത്തെക്കുറിച്ച് സൂചന ലഭിച്ചതാണ് അന്വേഷണത്തിൽ ഏറെ നിർണായകമായത്. കണ്ണൂർ എസിപി പി.ബാലകൃഷ്ണന്റെ നേതൃത്വത്തിലായിരുന്നു അന്വേഷണം.പ്രതികളെ കോടതിയിൽ ഹാജരാക്കിയ ശേഷം കസ്റ്റഡിയിൽ വാങ്ങി കൂടുതൽ ചോദ്യം ചെയ്യാനാണ് പൊലീസിൻ്റെ തീരുമാനം.

MORE IN Kuttapathram
SHOW MORE
Loading...
Loading...