കഴുത്തില്‍ കുരുക്കിട്ട് റോഡിലൂടെ വലിച്ചിഴച്ച തെരുവുനായ ചത്തു; കൊടുംക്രൂരത

dog-death-05
SHARE

ഇടുക്കി കടപ്പനയില്‍ വച്ച് കടിക്കാന്‍ ശ്രമിച്ചെന്നാരോപിച്ച് കഴുത്തില്‍ കുരുക്കിട്ട് ടാറിട്ട റോഡിലൂടെ വലിച്ചുകൊണ്ടു പോയ തെരുവ് നായ ചികിത്സയിലിരിക്കെ ചത്തു. കട്ടപ്പന കൈരളി ജംക്ഷൻ സ്വദേശി ഷാബുവാണ് ഞായറാഴ്ച്ച ഉച്ചകഴിഞ്ഞ് മൂന്നോടെ തെരുവ് നായയ്ക്കുനേരെ ക്രൂരത കാട്ടിയത്.

ഈ ദൃശ്യം സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുകയും ദൃക്‌സാക്ഷികൾ പൊലീസിൽ അറിയിക്കുകയും ചെയ്തതോടെയാണ് ഷാബുവിന് എതിരെ പൊലീസ് കേസ് എടുത്തത്. വടികൊണ്ട് മർദിച്ചശേഷം നായയെ റോഡിലൂടെ വലിച്ചിഴച്ചെന്നാണ് ദൃക്‌സാക്ഷികളുടെ മൊഴി. തുടര്‍ന്ന് മൃഗങ്ങൾക്ക് എതിരായ ക്രൂരത തടയുന്ന നിയമപ്രകാരം കേസ് എടുത്ത് ഷാബുവിനെ ജാമ്യത്തിൽ വിട്ടു. പരുക്കേറ്റ നായയ്ക്ക് വെറ്ററിനറി ഡോക്ടർ ചികിത്സ നൽകിയശേഷം പരാതിക്കാരനായ സിദ്ധാർഥ് സുഗതന് സംരക്ഷണ ചുമതല നൽകിയിരുന്നു. 

അവശ നിലയിലായിരുന്ന നായ ഭക്ഷണം കഴിക്കാതിരുന്നതിനാൽ ഗ്ലൂക്കോസ് ഉൾപെടെ നൽകി വരുന്നതിനിടെയാണ് ചത്തത്. പോസ്റ്റുമോർട്ടം നടത്തിയശേഷം ജഡം മറവുചെയ്യും. നായ ചത്തതിനാൽ ഷാബുവിന് എതിരായ കേസിലെ വകുപ്പിൽ മാറ്റം വരുമെന്ന് പൊലീസ് അറിയിച്ചു.

MORE IN Kuttapathram
SHOW MORE
Loading...
Loading...