കോടിഷ് നിധി നിക്ഷേപത്തട്ടിപ്പ്: രണ്ട് ഡയറക്ടര്‍മാരെക്കൂടി പ്രതിചേര്‍ക്കും

കോടിഷ് നിധി നിക്ഷേപത്തട്ടിപ്പില്‍ രണ്ട് ഡയറക്ടര്‍മാരെക്കൂടി പ്രതിചേര്‍ക്കും. നടപടിയുടെ ഭാഗമായി ഡയറക്ടര്‍മാരോട് ചോദ്യം ചെയ്യലിന് കോഴിക്കോട് നല്ലളം സ്റ്റേഷനില്‍ ഹാജരാകാന്‍ പൊലീസ് ആവശ്യപ്പെട്ടു. ഒളിവിലുള്ള കമ്പനി ഉടമയെ കണ്ടെത്താന്‍ പൊലീസിന് കഴിയാത്തത് വിമര്‍ശനത്തിനിടയാക്കിയിട്ടുണ്ട്.  

നിക്ഷേപത്തട്ടിപ്പില്‍ ആദ്യ കേസ് രജിസ്റ്റര്‍ ചെയ്തിട്ട് ഒന്നരമാസം. നല്ലളം, ഫറോക്ക് സ്റ്റേഷനുകളിലായി ഇതുവരെ 90 കേസെടുത്തു. തട്ടിപ്പുകാരെ പിടികൂടാന്‍ അന്വേഷണസംഘത്തിനായില്ല. കമ്പനി ഉടമയായ നിലമ്പൂര്‍ സ്വദേശി അബ്ദുള്ളക്കുട്ടി ഒളിവിലാണ്. ലുക്കൗട്ട് നോട്ടിസിറക്കിയുള്ള അന്വേഷണത്തിലും ആളെക്കുറിച്ച് സൂചനയില്ല. അബ്ദുള്ളക്കുട്ടിയുടെ പാസ്പോര്‍ട്ട് കാലാവധി അഞ്ച് വര്‍ഷം മുന്‍പ് കഴി‍ഞ്ഞതിനാല്‍ വിദേശത്തേക്ക് കടക്കാനുള്ള സാധ്യതയില്ലെന്നാണ് പൊലീസ് പറയുന്നത്. എന്നാല്‍ കേരളം വിട്ട് മറ്റ് സംസ്ഥാനങ്ങളില്‍ ഒളിച്ചുതാമസിക്കുന്നുവെന്നാണ് നിഗമനം. ബന്ധുവീടുകളിലുള്‍പ്പെടെ എത്തി പരിശോധിച്ചെങ്കിലും പ്രയോജനമുണ്ടായില്ല. കമ്പനീസ് ഓഫ് രജിസ്ട്രാറില്‍ നിന്ന് ലഭിച്ച റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ പരിശോധിച്ചാണ് പൊലീസ് അന്വേഷണം വ്യാപിപ്പിക്കുന്നത്. ഡയറക്ടര്‍മാരുടെ മൊഴിയെടുത്ത ശേഷം തുടര്‍ നടപടിയുണ്ടാകും. തട്ടിപ്പിനെക്കുറിച്ച് ഡയറക്ടര്‍മാര്‍ക്കും ബോധ്യമുണ്ടായിരുന്നുവെന്നാണ് പൊലീസിന് ലഭിച്ച തെളിവുകള്‍ സൂചിപ്പിക്കുന്നത്. പണം നഷ്ടപ്പെട്ടവര്‍ കൂട്ടായ്മയ്ക്ക് രൂപം നല്‍കിയെങ്കിലും പൊലീസ് അന്വേഷണത്തിലൂടെ നീതി കിട്ടുമെന്നാണ് പ്രതീക്ഷ. 

പല കുടുംബങ്ങളും ലക്ഷങ്ങള്‍ നഷ്ടപ്പെട്ടവരുടെ പട്ടികയിലാണ്. ഈ സാഹചര്യത്തിലാണ് കൂടുതല്‍ നടപടികളിലേക്ക് നീങ്ങാന്‍ പൊലീസ് തീരുമാനിച്ചത്. വര്‍ഷം പന്ത്രണ്ട് ശതമാനം പലിശ വാഗ്ദാനം ചെയ്തായിരുന്നു കോടിഷ് നിധി നിക്ഷേപം സ്വീകരിച്ചത്. നവംബര്‍ മുതല്‍ പണം ലഭിക്കാതെ വന്നതോടെ നിക്ഷേപകര്‍ പരാതിയുമായി പൊലീസിനെ സമീപിക്കുകയായിരുന്നു.