പ്രതിയെ തേടി അട്ടപ്പാടിയിൽ; അച്ഛനെ വകവരുത്തിയവനെ അഴിക്കുള്ളിലാക്കി മക്കൾ

സ്വന്തം അച്ഛനെ വകവരുത്തിയ പ്രതി കുറ്റവാളിയാണെന്നു കോടതി വിധിച്ചിട്ടും നീതി നടപ്പാകാതിരുന്നതിന്റെ സങ്കടവും രോഷവുമാണു സജിത്ത് ജെ.കാപ്പനെയും രഞ്ജി ജോസ് കാപ്പനെയും അന്വേഷണ വഴിയിലെത്തിച്ചത്. കർണാടക ഹൈക്കോടതി ജീവപര്യന്തം തടവിനു വിധിച്ചു ശേഷം ഒളിവിൽ പോയ പാലക്കാട് സ്വദേശി ആളരോത്ത് സിജു കുര്യനെയാണ് ഇരുവരും മാസങ്ങൾ നീണ്ട അന്വേഷത്തിനൊടുവിൽ കണ്ടെത്തി അഴിക്കുള്ളിലാക്കിയത്. 

ചതിയുടെ കഥ

കർണാടകയിലെ ഷിമോഗ ജില്ലയിൽ ശിവമൊഗ്ഗ സാഗർ കെരോഡിയിൽ തോട്ടം ഉടമയായിരുന്നു ജോസ് സി. കാപ്പൻ. 2011 ഡിസംബറിൽ ജോസ് സി. കാപ്പനെ തോട്ടത്തിൽനിന്നു കാണാതായി. അന്വേഷണങ്ങൾക്കൊടുവിൽ തോട്ടം ജോലിക്കാരനായിരുന്ന സിജുവിനെ പൊലീസ് അറസ്റ്റ് ചെയ്തു. കമ്പിപ്പാര ഉപയോഗിച്ചു തലയ്ക്കടിച്ചു കൊലപ്പെടുത്തിയ ശേഷം കംപോസ്റ്റ് കുഴിയിൽ മറവു ചെയ്തുവെന്നായിരുന്നു സിജു മൊഴി നൽകിയത്.

എന്നാൽ കൊലപാതകം നടത്തിയത് സിജു തന്നെയാണെന്ന തെളിവുകൾ വിചാരണക്കോടതിയിൽ ഹാജരാക്കാൻ പ്രോസിക്യൂഷനു സാധിച്ചില്ല. 2013 ഓഗസ്റ്റ് 8നു സിജുവിനെ കോടതി കുറ്റവിമുക്തനാക്കി. വിധിക്കെതിരെ സർക്കാർ ഹൈക്കോടതിയെ സമീപിച്ചു. പ്രതിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണു മൃതദേഹം കണ്ടെത്തിയതെന്ന വസ്തുത വിചാരണ കോടതി ശ്രദ്ധിച്ചില്ലെന്നായിരുന്നു ഹൈക്കോടതിയുടെ നിരീക്ഷണം. 

ജോസിനെ അന്വേഷിച്ച് എത്തിയവരോട് കേരളത്തിലേക്കു പോയി എന്നു സിജു പറഞ്ഞിരുന്നു. അവിടെനിന്നു പക്ഷാഘാതം സംഭവിച്ചതിനെ തുടർന്ന് അമേരിക്കയിൽ എത്തിച്ചെന്നും തുടർന്നു മരണപ്പെട്ടുവെന്നും സിജു പറഞ്ഞതായി സാക്ഷികൾ ഹൈക്കോടതിയിൽ മൊഴി നൽകി. ജോസിന്റെ മരണത്തിൽ സിജുവിന്റെ പങ്കു തെളിയിക്കപ്പെട്ടെന്നും പ്രതിയെ  ജീവപര്യന്തത്തിനും 50000 രൂപ പിഴയടക്കാനും 2020 മാർച്ചിൽ ഹൈക്കോടതി ശിക്ഷിച്ചു. പക്ഷേ, ഇതിനിനിടയിൽ സിജു കർണാടകയിൽ നിന്നു കടന്നിരുന്നു. 

പ്രതിയെ തേടി അട്ടപ്പാടിയിൽ 

അച്ഛനെ വകവരുത്തിയവനെ കണ്ടെത്തി അഴിക്കുള്ളിലാക്കണമെന്ന വാശിയായിരുന്നു രണ്ടു മക്കൾക്കും. അന്വേഷണത്തിന്റെ കഥ ജോസിന്റെ മകൻ സജിത്ത് സി. കാപ്പൻ പറയുന്നു. 

‘ചാച്ചൻ വീട്ടിൽ വന്നു പോയതിനു രണ്ടു ദിവസത്തിനു ശേഷമായിരുന്നു കൊലപാതകം നടന്നത്. ചാച്ചനെ അവസാനമായി കണ്ട ദിവസം പുതിയ ജോലിക്കാരനെ കിട്ടിയ കാര്യം സംസാരിച്ചിരുന്നു. അട്ടപ്പാടിക്കാരനായ മലയാളിയാണെന്ന് അന്ന് ചാച്ചൻ പറഞ്ഞിരുന്നു. കർണാടകയിൽനിന്ന് അവൻ മുങ്ങിയെന്നു മനസ്സിലായപ്പോൾ അട്ടപ്പാടിയിലാണ് ആദ്യം അന്വേഷിക്കാൻ തോന്നിയത്. ഇടുക്കി തൊടുപുഴക്കാരായ ഞങ്ങൾക്ക് അട്ടപ്പാടിയിൽ പരിചയക്കാരില്ലായിരുന്നു.

ഒടുവിൽ തൊടുപുഴ പന്നിമറ്റത്തിൽനിന്നു അട്ടപ്പാടിയിലേക്കു കുടിയേറിയ ഒരു പരിചയക്കാരനെ കണ്ടെത്തി. ഉദ്ദേശം അറിയിച്ചപ്പോൾ അയാൾ സഹായിക്കാമെന്നേറ്റു. പ്രദേശം നന്നായി അറിയാവുന്ന മറ്റൊരാളുടെ നമ്പർ കിട്ടി. 2011ൽ കോടതിയിൽവച്ചു പകർത്തിയ സിജുവിന്റെ ചിത്രം എന്റെ കയ്യിലുണ്ടായിരുന്നു. ഈ രൂപവുമായി സാദൃശ്യമുള്ളൊരാൾ അട്ടപ്പാടി ബി.ആർ. അംബേദ്കർ ട്രെയിനിങ് കോളജിന്റെ പിറകു വശത്തായി ഷെഡ് കെട്ടി താമസിക്കുന്ന വിവരം ഞങ്ങൾക്കു ലഭിച്ചു.

പ്രതീക്ഷ നൽകിയ വാർത്തയായിരുന്നു അത്. സഹോദരൻ രഞ്ജി ജോസ് കാപ്പനുമായി ഞാൻ അട്ടപ്പാടിയിലേക്കു പുറപ്പെട്ടു. അഗളി പൊലീസ് സ്റ്റേഷനിൽനിന്നു 15 കിലോമീറ്റർ ദൂരമുണ്ട് ആ പ്രദേശത്തേക്ക്. ഒരു വാഴത്തോട്ടം പാട്ടത്തിനെടുത്തു കൃഷി ചെയ്യുകയായിരുന്നു സിജു. പ്രദേശത്തെ ആർക്കും മുഖം കൊടുക്കാതെ തീർത്തും ഒറ്റപ്പെട്ട ജീവിതം. സ്കൂട്ടറിൽ മാത്രമായിരുന്നു യാത്ര. അട്ടപ്പാടി പൊലീസുമായി ബന്ധപ്പെട്ടപ്പോഴാണു സ്പെഷൽ ബ്രാഞ്ചിലെ ഒരു ഉദ്യോഗസ്ഥന്റെ നമ്പർ ലഭിക്കുന്നത്.

അദ്ദേഹത്തിൽനിന്ന് അറി‍ഞ്ഞ കാര്യങ്ങൾ ഞെട്ടിക്കുന്നതായിരുന്നു. സമീപ കാലത്തുണ്ടായിരുന്ന ഒരു ചാരയക്കേസിൽ സിജു പ്രതിയായിരുന്നു. കർണാടകയിൽ നടന്ന കൊലപാതകത്തിൽ ശിക്ഷിക്കപ്പെട്ടെന്ന വാർത്തയിൽ വന്ന ചിത്രം ഉദ്യോഗസ്ഥന്റെ മനസ്സിലുണ്ടായിരുന്നു. ഞങ്ങളെത്തിയ വിവരം അറിഞ്ഞ് അദ്ദേഹവും പറന്നെത്തി. കുറച്ചു കാലങ്ങളായി അദ്ദേഹം സിജുവിനു പിന്നാലെയുണ്ടായിരുന്നു. 

സിജുവിന്റെ വീടും പരിസരവുമെല്ലാം അദ്ദേഹം കൃത്യമായി മനസ്സിലാക്കിയിരുന്നു. കർണാടക പൊലീസിനെകൂടി പാലക്കാട്ടെത്തിച്ച ശേഷം കഴിഞ്ഞ 8നു വെള്ളിയാഴ്ച ഞങ്ങൾ സിജുവിന്റെ വീടിനു പരിസരത്തെത്തി. തമിഴ്നാട് അതിർത്തിയായതിനാൽ സിജു കടന്നുകളയുമോയെന്ന ഭയമുണ്ടായിരുന്നു. കനത്ത മഴയും തണുപ്പുമുള്ള രാത്രിയായിരുന്നു അത്. സ്കൂട്ടർ വീടിനു പുറത്തുണ്ടെങ്കിൽ സിജു സ്ഥലത്തുണ്ടെന്നു ഉറപ്പിച്ചു പിടികൂടാനായിരുന്നു തീരുമാനം. പക്ഷേ, രാത്രിയിൽ കണ്ണിൽ തറയ്ക്കുന്ന ഇരുട്ടായിരുന്നു. സ്കൂട്ടർ നിർത്തിയിട്ടിട്ടുണ്ടോയെന്നു കാണാൻ സാധിച്ചില്ല. വീട്ടിനകത്തു വെളിച്ചവുമില്ലായിരുന്നു. 

പുലർച്ചെ 5 മണിയോടെ സിവിൽ പൊലീസ് ഓഫിസർമാരായ ഷാനും സുരേഷും ലുങ്കി ധരിച്ചു സാധാരണക്കാരുടെ വേഷത്തിൽ വീണ്ടും സിജുവിന്റെ വീടിനു മുന്നിലെത്തി. നേരം പുലരാറായിട്ടും അവിടെ വെളിച്ചം വീണു തുടങ്ങിയിരുന്നില്ല. കുറച്ചു നിമിഷത്തിനു ശേഷം മൊബൈൽ ഫോണിലേക്കു മെസേജെത്തി. സ്കൂട്ടർ വീട്ടിനു മുന്നിൽ തന്നെയുണ്ട്. ഞങ്ങൾ ഉടനെ അവിടെയെത്തി. ശബ്ദം കേട്ടു അവൻ ഓടിമറയാൻ സാധ്യതയുള്ള സ്ഥലങ്ങളിൽ പതിയിരുന്നു.

സ്കൂട്ടറുമായി പുറത്തിറങ്ങുമ്പോൾ പിടികൂടാമെന്നായിരുന്നു പദ്ധതി. 8.30 ആയിട്ടും വീട്ടിനുള്ളിൽ നിന്ന് അനക്കമൊന്നുമില്ല. ഞങ്ങൾ കുറച്ചുകൂടി അടുത്തെത്തി. സിജു പട്ടിയെ വളർത്തുന്നുണ്ടെന്ന കാര്യം ഞങ്ങൾക്ക് പക്ഷെ, അറിയില്ലായിരുന്നു. പട്ടിയുടെ കുര കേട്ട് ഉടൻതന്നെ സിജു പുറത്തിറങ്ങി. ഒരു മൽപ്പിടുത്തത്തിലൂടെ സിജുവിനെ പൊലീസ് കീഴടക്കി. എന്നെ കണ്ടതും ഞാനതു ചെയ്തിട്ടില്ലെന്നായിരുന്നു സിജുവിന്റെ പ്രതികരണം. ചാച്ചന്റെ ഓർമ ദിവസമായി ആചരിക്കുന്ന ഡിസംബർ 2 നു തന്നെയാണോ മരണം നടന്നതെന്നു മാത്രമായിരുന്നു ഞാൻ അവനോടു ചോദിച്ചത്. അതേയെന്നായുരുന്നു മറുപടി. 

ശേഷം സിജുവിനെ കർണാടക പൊലീസിനു കൈമാറി. പേരു പുറത്തു പറയേണ്ടെന്നു നിർദേശിച്ച സ്പെഷൽ ബ്രാഞ്ച് ഉദ്യോഗസ്ഥനോടും കൊടുംതണുപ്പിൽ കുറ്റവാളിയെ കീഴടക്കാൻ ഇറങ്ങിത്തിരിച്ച അഗളി സിഐ ടി. ശശികുമാറിനും മറ്റു പൊലീസ് ഉദ്യോഗസ്ഥരോടും തീർത്താൽ തീരാത്ത നന്ദിയുണ്ട്. ചാച്ചന്റെ 10 മക്കളുടെയും ഒറ്റക്കെട്ടായ പ്രവർത്തനവും പ്രാർഥനയുമാണ് സിജുവിനെ വീണ്ടും അഴിക്കുള്ളിലാക്കിയത്’.

നീതി നടപ്പാകണമെന്ന അടങ്ങാത്ത ആഗ്രഹമായിരുന്നു സമയവും പണവും നഷ്ടപ്പെടുത്തിയും ഇരുവരെയും അട്ടപ്പാടി വരെ എത്തിച്ചത്. നിയമത്തിനു മുന്നിൽ നിന്ന് ഇനിയാരും രക്ഷപ്പെടാതിരിക്കട്ടെയെന്നും ഇരുവരും പ്രത്യാശിക്കുന്നു.