കാട്ടുപോത്ത് ഇറച്ചി പിടികൂടാനെത്തി; വനപാലകരെ നായ്ക്കളെ വിട്ട് ആക്രമിക്കാന്‍ ശ്രമം

forest-meat-02
SHARE

കാട്ടുപോത്ത് ഇറച്ചി പിടികൂടാനെത്തിയ വനപാലക സംഘത്തെ വളര്‍ത്തുനായ്ക്കളെ അഴിച്ചുവിട്ട് ആക്രമിക്കാന്‍ ശ്രമം. വടി വാളും തോക്കും കാണിച്ച് ഭീഷണിപ്പെടുത്തി അഞ്ചംഗ നായാട്ട് സംഘം വനത്തിലേക്ക് ഓടിമറഞ്ഞു. കോഴിക്കോട് തിരുവമ്പാടി തമ്പുരാന്‍ കൊല്ലിയിലെ പന്നിഫാമില്‍ ഉണക്കി സൂക്ഷിച്ചിരുന്ന നൂറ് കിലോയോളം വരുന്ന കാട്ടിറച്ചി വനപാലകസംഘം പിടികൂടി.

പന്നി ഫാമിന് പന്ത്രണ്ടിലധികം മുന്തിയ ഇനം നായ്ക്കളുടെ കാവല്‍. കാട്ടുപോത്തിറച്ചി പിടികൂടാനെത്തിയ വനപാലക സംഘത്തിന് ഗേറ്റ് കടക്കാന്‍ കാത്തുനില്‍ക്കേണ്ടി വന്നത് രണ്ട് മണിക്കൂറിലധികം നേരം. നായ്ക്കളുടെ സുരക്ഷയില്‍ ഫാമിലെ കെട്ടിടത്തില്‍ അഞ്ചംഗ സംഘം ഉണക്കി സൂക്ഷിച്ചിരുന്ന കാട്ടുപോത്തിറച്ചി വീതം വയ്ക്കുന്ന പണികളിലായിരുന്നു. നായ്ക്കളുടെ സുരക്ഷയില്‍ തോക്കും വടിവാളുമുയര്‍ത്തി ആക്രോശിച്ച് അഞ്ചംഗ സംഘം കാട്ടിലേക്ക് ഓടിമാറി.

താമരശ്ശേരി റേഞ്ച് റാപ്പിഡ് റെസ്പോണ്‍സ് ടീമും തിരുവമ്പാടി സെക്ഷന്‍ ഫോറസ്റ്റ് അധികൃതരും കൃത്യമായ നിരീക്ഷണത്തിനൊടുവിലാണ് പന്നിഫാമിന്റെ മറവില്‍ നടക്കുന്ന മൃഗവേട്ട കണ്ടെത്തിയത്. നായ്ക്കളെ കൂട്ടിലാക്കി വീട്ടിനുള്ളിലേക്ക് കയറുമ്പോഴാണ് ചാക്കില്‍ സൂക്ഷിച്ചിരുന്ന നൂറ് കിലോയിലധികം കാട്ടുപോത്തിറച്ചിയും കൊമ്പും കണ്ടെടുത്തത്. ഇറച്ചി തൂക്കാന്‍ ഉപയോഗിച്ച ത്രാസും കടത്താന്‍ തയാറാക്കി നിര്‍ത്തിയിരുന്ന ജീപ്പും പിടികൂടി. രണ്ട് തോക്ക്, തിരകള്‍, വെട്ടുകത്തി, നായാട്ടിനുള്ള ടോര്‍ച്ചുള്‍പ്പെടെയുള്ള സാധനങ്ങള്‍ തുടങ്ങിയവ കണ്ടെടുത്തു. കാഴ്ചയില്‍ പൈപ്പ് കമ്പോസ്റ്റ് എന്ന് തോന്നുന്ന മട്ടിലാണ് പൈപ്പിനുള്ളില്‍ തോക്ക് സൂക്ഷിച്ചിരുന്നത്. ഓടിമാറിയ അഞ്ചുപേരും സഹായം ചെയ്ത ഒരാളും ഉള്‍പ്പെടുന്ന നായാട്ട് സംഘത്തെ വനപാലകര്‍ തിരിച്ചറി‍ഞ്ഞു. 

പന്നിഫാമിന്റെ മറവില്‍ നായാട്ട്  തുടര്‍ന്നിരുന്നുവെന്നാണ് വനപാലകര്‍ക്ക് ലഭിച്ചിരിക്കുന്ന വിവരം. ഫാമിലെത്തുന്ന സാധാരണക്കാരെ ഉള്‍പ്പെടെ അകറ്റുന്നതിനാണ് വിലകൂടിയ നായ്ക്കളെ വളര്‍ത്തിയിരുന്നത്. സ്വന്തം ആവശ്യത്തിന് എടുക്കുന്നതിനൊപ്പം കൂടിയ വിലയ്ക്ക് പരിചയക്കാര്‍ക്ക് ഇറച്ചി കൈമാറിയിരുന്നതായും വിവരമുണ്ട്. പതിവ് നായാട്ട് സംഘങ്ങളെ ഉള്‍പ്പെടെ പ്രത്യേകം നിരീക്ഷിച്ച് പിടികൂടി നായാട്ട് പൂര്‍ണമായും ഇല്ലാതാക്കുന്നതിനുള്ള ശ്രമങ്ങള്‍ തുടരുമെന്ന് താമരശ്ശേരി റേഞ്ച് ഓഫിസര്‍ വ്യക്തമാക്കി.

MORE IN Kuttapathram
SHOW MORE
Loading...
Loading...