മലപ്പുറം വണ്ടൂര്‍ കാഞ്ഞിരംപാടത്ത് ദുരൂഹസാഹചര്യത്തില്‍ യുവതി കിണറ്റില്‍ മരിച്ച നിലയില്‍. അരീക്കോട് വാക്കാലൂര്‍ സ്വദേശി അജിതകുമാരിയുടെ മൃതദേഹമാണ് കാഞ്ഞിരംപാടത്തെ സുധീറിന്റെ വീട്ടുമുറ്റത്തെ കിണറ്റില്‍ കണ്ടത്. 40 അടിയോളം താഴ്ചയുളള കിണറ്റില്‍ മനുഷ്യനെപ്പോലെ തോന്നിക്കുന്ന എന്തോ കിടക്കുന്നത് തൊട്ടടുത്ത വീട്ടില്‍ താമസിക്കുന്ന സുധീറിന്റെ അമ്മ സാവിത്രിയമ്മയാണ് കണ്ടത്. നാട്ടുകാരുടെ കൂടി സഹായത്തോടെ പരിശോധിച്ചപ്പോള്‍ സ്ത്രീയുടെ മൃതദേഹമാണന്ന് വ്യക്തമായി. പൊലീസെത്തിയാണ് മൃതദേഹം കരയ്ക്ക് എത്തിച്ചത്. 30 കിലോമീറ്റര്‍ അകലെയുളള അജിതകുമാരി എങ്ങനെ കാഞ്ഞിരംപാടത്തെ വീട്ടിലെത്തി എന്നതും മരണകാരണവും ദുരൂഹതയായി തുടരുന്നു.
സുധീറിന്റേയും ബന്ധുക്കളുടേയും അയല്‍ക്കാരുടേയും മൊഴി പൊലീസ് രേഖപ്പെടുത്തുന്നുണ്ട്. ശാന്തകുമാരിയുടെ ബന്ധുക്കളില്‍ നിന്നും വിവരങ്ങള്‍ തേടുന്നുണ്ട്. കോവിഡ് പരിശോധനയ്ക്ക് ശേഷം പോസ്റ്റുമോര്‍ട്ടം നടത്തും.