നടപ്പിലും പ്രവര്‍ത്തിയിലും ഭീതി; നാട്ടുകാരുടെ പേടിസ്വപ്നം; ഒടുവിൽ പിടിയിൽ

മലപ്പുറം താനൂരില്‍ നാട്ടുകാരെ കഴിഞ്ഞ നാലുമാസമായി ഭീതിയിലാക്കിയ കുപ്രസിദ്ധ മോഷ്ടാവ് പിടിയില്‍. മലപ്പുറം ഒഴൂര്‍ സ്വദേശിയായ ഷാജഹാനെ തമിഴ്നാട് ഏര്‍വാടിയില്‍ നിന്നാണ് പൊലീസ് പിടികൂടിയത്. ലോഡ്ജില്‍ ഒളിച്ചു താമസിക്കുകയായിരുന്ന പ്രതിയെ വേഷം മാറിയെത്തിയാണ് പൊലീസ് വലയിലാക്കിയത്. 

നാട്ടുകാരുടെ പേടിസ്വപ്നമായിരുന്നു ഈ കള്ളന്‍. നടപ്പിലും പ്രവര്‍ത്തികളിലും കാണുന്നവരില്‍ ഭീതി ജനിപ്പിക്കുന്ന മോഷ്ടാവ്.  മുഖം മറച്ച്, ആയുധങ്ങളുമായി ട്രൗസര്‍ മാത്രം ധരിച്ച് നടക്കുന്ന ഷാജഹാനെ കാണുന്നവര്‍ ഭയന്ന് പിന്മാറും. മൊബൈല്‍ ഉപയോഗിക്കാത്ത മോഷ്ടാവിലേക്കെത്താന്‍ പൊലീസിന് മുമ്പിലുണ്ടായിരുന്നത് ഈ അവ്യക്തമായ സിസിറ്റിവി ദൃശ്യം മാത്രമായിരുന്നു. മോഷ്ടാവിനെ കുടുക്കാന്‍ താനൂര്‍ സിഐ പി.പ്രമോദ് നാട്ടുകാരില്‍ ചിലരെയും കൂട്ടി രാത്രികാല നിരീക്ഷണം ശക്തമാക്കി. പിടിക്കപ്പെടുമെന്നായതോടെ മോഷ്ടിച്ച പണവും സാധനങ്ങളുമായി ഒരു മാസം മുമ്പ് പ്രതി തമിഴ്നാട്ടിലേക്ക് കടന്നു. താനൂരില്‍ നിന്നും മോഷ്ടിച്ച ഫോണ്‍ ജയിലില്‍ വച്ച് പരിചയപ്പെട്ട ആന്ധ്ര സ്വദേശിയായ സുഹൃത്തിന് വിറ്റു. വില്‍പന നടത്തിയ ഫോണ്‍ ആന്ധ്രയില്‍ ഉപയോഗിച്ചതായി സൈബര്‍ സെല്‍ കണ്ടെത്തി. തുടര്‍ന്നുള്ള അന്വേഷണത്തിലാണ് പ്രതി കുടുങ്ങിയത്.

പൊലീസിനെ വെല്ലുവിളിച്ച് മോഷണങ്ങള്‍ നടത്തിയിരുന്ന പ്രതിയുടെ സാന്നിധ്യം കഴിഞ്ഞ സെപ്തംബര്‍ മുതല്‍ താനൂര്‍ മേഖലയില്‍ ഉണ്ട്.  വൈകുന്നേരം മുതല്‍ പുലരുംവരെ മോഷണം നടത്തുന്നതാണ് രീതി. ചില വീടുകളില്‍ മോഷണം നടത്തില്ല, ഭയപ്പെടുത്തി മടങ്ങും.  മോഷണവും മോഷണശ്രമവുമടക്കം നൂറ് പരാതികളാണ് പ്രതിക്കെതിരെ താനൂര്‍ പൊലീസിന് ലഭിച്ചത്. അമ്പത്തിയഞ്ചുകാരനായ ഷാജഹാന്‍ ഇരുപത്തിയേഴ് വര്‍ഷവും ജയിലില്‍ തന്നെയായിരുന്നു. പട്ടാമ്പിലെ മോഷണക്കേസില്‍ ജയിലിലായിരുന്ന പ്രതി ഒന്നര വര്‍ഷം മുമ്പാണ് ജയിലില്‍ നിന്നിറങ്ങിയത്.