19 ലക്ഷം രൂപയുടെ തിരിമറി: ജയിലിലായ ഉദ്യോഗസ്ഥയ്ക്ക് ഇനിയും സസ്പെൻഷനില്ല

finance-fraud
SHARE

തൃശൂർ: സർക്കാർ ഫണ്ടിൽ നിന്നു 19 ലക്ഷം രൂപയുടെ തിരിമറി നടത്തിയ കേസിൽ ജയിലിൽ അടച്ച  ഉദ്യോഗസ്ഥയെ സസ്പെൻഡ് ചെയ്യാതെ സർക്കാർ. തൃശൂരിൽ സീനിയർ കോ ഓപ്പറേറ്റീവ് ഇൻസ്പെക്ടർ ആയിരിക്കെ 19 ലക്ഷം രൂപ തിരിമറി നടത്തിയ കേസിൽ അറസ്റ്റിലായ, നിലവിലെ വടകര വ്യവസായ വികസന ഓഫിസർ പത്തനംതിട്ട അടൂർ ഏഴംകുളം പണിക്കശേരിയിൽ ബിന്ദുവാണ് (47) ജയിലിൽ കഴിയുമ്പോഴും സർക്കാർ സർവീസിൽ തുടരുന്നത്.

ഇന്ത്യൻ കോഫി ഹൗസുകൾ പിടിച്ചെടുക്കാനുള്ള സിപിഎം ശ്രമത്തിനു പിന്തുണ നൽകാൻ നിയോഗിക്കപ്പെട്ട ഈ ഉദ്യോഗസ്ഥയെ സംരക്ഷിക്കാൻ സർക്കാർ നിയമങ്ങളും കീഴ്‌വഴക്കങ്ങളും വളച്ചൊടിക്കുകയാണെന്നാണ് ആക്ഷേപം. മുൻപ്, ഇന്ത്യൻ കോഫി ഹൗസുകളിലെ ഭരണം പിടിച്ചെടുക്കാനുള്ള ശ്രമത്തിൽ അഡ്മിനിസ്ട്രേറ്ററായി സിപിഎം നിയോഗിച്ചത് ബിന്ദുവിനെയായിരുന്നു.

പിന്നീട് തൃശൂർ ടൗൺ വനിതാ വ്യവസായ സഹകരണ സംഘം ലിക്വിഡേറ്ററായിരിക്കെ സ്വന്തം അക്കൗണ്ടിലേക്കും ഭർത്താവിന്റെ അക്കൗണ്ടിലേക്കുമായി  19 ലക്ഷം രൂപ മാറ്റിയെന്നാണു കേസ്. അന്ന്, വ്യവസായ വാണിജ്യ ഡയറക്ടർ തട്ടിപ്പു തിരിച്ചറിഞ്ഞ് ബിന്ദുവിനെ സസ്പെൻഡ് ചെയ്തെങ്കിലും പാർട്ടി ഇടപെട്ടു തിരിച്ചെടുത്തിരുന്നു. ഇപ്പോൾ ഹൈക്കോടതി ജാമ്യം  നിഷേധിച്ചതിനെത്തുടർന്ന് അറസ്റ്റ് ചെയ്തു ജയിലിലായപ്പോഴും വിഐപി സംരക്ഷണമാണ് ഇവർക്കു ലഭിക്കുന്നത്. കോഫി ഹൗസ് പിടിച്ചടക്കാനുള്ള ശ്രമം കോഫി ഹൗസ് ജീവനക്കാർ ഒറ്റക്കെട്ടായി ചെറുത്തു തോൽപിക്കുകയായിരുന്നു.

MORE IN Kuttapathram
SHOW MORE
Loading...
Loading...