'നീ ആരെടാ.. ചവിട്ടി നുറുക്കും’; സിഐയുടെ കേട്ടാലറയ്ക്കുന്ന തെറി; വിഡിയോ

കണ്ണൂര്‍ ചെറുപുഴയില്‍ വഴിയോര കച്ചവടക്കാരെ പൊലീസ് അസഭ്യം പറയുന്ന വിഡിയോ നവമാധ്യമങ്ങളിൽ പ്രചരിക്കുന്നു. ചെറുപുഴ സ്റ്റേഷൻ പരിധിയിലെ പുതിയപാലത്തിനു സമീപം വാഹനങ്ങളിൽ കച്ചവടം നടത്തുന്നവരോട് ഇൻസ്പെക്ടർ മോശം ഭാഷയിൽ സംസാരിക്കുന്ന വിഡിയോയാണു പ്രചരിക്കുന്നത്. ഒഴിഞ്ഞു പോകാമെന്നു പറയുമ്പോഴും വഴിയോരക്കച്ചവടക്കാരോടു സിഐ എം.പി.വീനിഷ്കുമാർ തട്ടിക്കയറുന്നതു കാണാം. സംഭവത്തിൽ ഡിഐജിക്ക് റിപ്പോർട്ട് നൽകുമെന്ന് ജില്ലാ പൊലീസ് മേധാവി ജി.എച്ച്.യതീഷ് ചന്ദ്ര അറിയിച്ചു.

ലൈസൻസില്ലാതെ കച്ചവടം ചെയ്യുന്നതിനെതിരെ വ്യാപാരി സംഘടനകളുടെ പരാതി ലഭിച്ചിരുന്നുവെന്നു പൊലീസ് ഇൻസ്പെക്ടർ എം.പി.വിനീഷ്കുമാർ പറഞ്ഞു. മൂന്നു തവണ പൊലീസിനെ സ്ഥലത്തേക്ക് അയച്ചിരുന്നു. എന്നാൽ വഴിയോര കച്ചവടക്കാർ സംഘടിതരായി ഇവരെ എതിർത്തു. തുടർന്നു സ്ഥലത്തെത്തിയ തന്നെയും പൊലീസുകാരെയും ചീത്ത വിളിക്കുകയായിരുന്നു. സംഘർഷത്തിന്റെ വിഡിയോ എഡിറ്റ് ചെയ്ത് പ്രചരിപ്പിക്കുകയായിരുന്നുവെന്നു പൊലീസ് ഇൻസ്പെക്ടർ അറിയിച്ചു.