കോഴിക്കോട് വ്യാജ സിഗരറ്റ് പുകയുന്നു; ഇരട്ടി ലാഭം; വന്‍ശേഖരം പിടിച്ചെടുത്തു

representative image

കോഴിക്കോട്: നഗരത്തിൽ വൻ വ്യാജ സിഗരറ്റ് വേട്ട. നിയമപ്രകാരമല്ലാതെ വിൽപനയ്ക്കെത്തിച്ച ഒരു ലക്ഷത്തോളം രൂപയുടെ സിഗരറ്റുകളാണ് കസബ പൊലീസ് പിടികൂടിയത്. വിദേശ കമ്പനികളുടെ പേരിലുള്ള വ്യാജ സിഗരറ്റുകൾക്കു പുറമേ പാക്കറ്റിൽ സർക്കാർ നിർദേശിക്കുന്ന നിയമപ്രകാരമുള്ള മുന്നറിയിപ്പില്ലാത്ത സിഗരറ്റുകളും പിടിച്ചെടുത്തവയിൽ ഉൾപ്പെടും. നഗരത്തിലെ വിവിധ കേന്ദ്രങ്ങളിൽ വിദേശ കമ്പനികളുടെ പേരിൽ വ്യാജ സിഗരറ്റ് വിൽപന വ്യാപകമാണെന്ന വിവരത്തെത്തുടർന്നാണ് പൊലീസ് പരിശോധന നടത്തിയത്.

ബാങ്ക് റോഡിലെ ഒരു കടയിൽനിന്ന് 3 വലിയ പെട്ടി സിഗരറ്റാണ് പിടികൂടിയത്.പത്തോളം രാജ്യാന്തര സിഗരറ്റ് ബ്രാൻഡുകളുടെ പേരിലുള്ള വ്യാജ സിഗരറ്റ് ജില്ലയിലെ കടകളിലൂടെ വിൽപന നടത്തുന്നുണ്ടെന്നു പൊലീസിനു വിവരം ലഭിച്ചിട്ടുണ്ട്. ഇരട്ടി ലാഭം കിട്ടുന്നതിനാൽ ചില കച്ചവടക്കാരും ഇതു പ്രോത്സാഹിപ്പിക്കുന്നു. വിദേശ രാജ്യങ്ങളിലെ വില കൂടിയ സിഗരറ്റ് എന്ന വ്യാജേനയാണു വിൽപന. സ്കൂൾ പരിസരത്തും മറ്റും വിവിധ ഫ്ലേവറുകളിൽ ലഭിക്കുന്ന പല സിഗരറ്റുകളും വ്യാജനാണെന്നു പൊലീസ് പറയുന്നു.

തിരിച്ചറിയാം വ്യാജനെ

സിഗരറ്റ് പാക്കറ്റിന്റെ 85% ഭാഗത്തും ആരോഗ്യ മുന്നറിയിപ്പ് പതിക്കണമെന്നാണു നിയമം. പുകയില മൂലമുണ്ടാകുന്ന വായിലെ കാൻസറിന്റെ ചിത്രവും ആരോഗ്യ മുന്നറിയിപ്പും ഉൾപ്പെടുന്ന ഗ്രാഫിക് ചിത്രീകരണം സാധാരണ സിഗരറ്റ് പാക്കറ്റുകളിൽ കാണാം. എന്നാൽ, വ്യാജ സിഗരറ്റ് പാക്കുകളിൽ ഈ മുന്നറിയിപ്പുണ്ടാകില്ല. ഇത്തരം മുന്നറിയിപ്പ് ഇല്ലാത്ത സിഗരറ്റ് ഇന്ത്യയിൽ വിൽക്കാൻ പാടില്ലെന്നാണു നിയമം.

സിഗരറ്റുകളിൽ ഉപയോഗിക്കുന്ന പുകയിലയുടെ പരമാവധി ഉപയോഗ കാലയളവ് 2 മാസമാണ്. അതിനാൽ സിഗരറ്റ് പാക്കറ്റിൽ അവയുടെ നിർമാണ തീയതിയും ഉപയോഗ കാലയളവും നിർമിച്ച കേന്ദ്രവും ഉൾപ്പെടെ രേഖപ്പെടുത്തണമെന്നു നിർബന്ധമാണ്. എന്നാൽ, വ്യാജ സിഗരറ്റിൽ വിലയോ നിർമാണ തീയതിയോ നിർമിച്ച സ്ഥലത്തിന്റെ വിവരങ്ങളോ ഉണ്ടാകില്ല. കാലാവധി കഴിഞ്ഞ പുകയില സാധാരണ പുകയിലയുടെ പലമടങ്ങ് ആരോഗ്യ പ്രശ്നങ്ങളുണ്ട‍ാക്കുമെന്നു വിദഗ്ധർ പറയുന്നു.