ഹൃദയാഘാതമല്ല; 5 ‌വർഷം മുൻപ് സംസ്കരിച്ച മ‍ൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോർട്ടം; ദുരൂഹത

musthafa-postumartum
SHARE

തൃക്കുന്നപ്പുഴ: അഞ്ച് വർഷം മുൻപ് മരിച്ച, തൃക്കുന്നപ്പുഴ പാനൂർ പൂത്തറയിൽ മുഹമ്മദ് മുസ്തഫ (34) യുടെ മ‍ൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോർട്ടം നടത്തി. മരണത്തിൽ ദുരൂഹത ഉള്ളതിനാൽ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടു മുഹമ്മദ് മുസ്തഫയുടെ  ഭാര്യ സുമയ്യയുടെ ബന്ധു കൊക്കാടംതറയിൽ ഇർഷാദ് ഹൈക്കോടതിയിൽ സമർപ്പിച്ച ഹർജിയെ തുടർന്നാണു നടപടി. 

2015 നവംബർ 15 നു ആണ് മുഹമ്മദ് മുസ്തഫ മരിച്ചത്. ഹൃദയാഘാതം മൂലമാണെന്നായിരുന്നു കരുതിയിരുന്നത്. എന്നാൽ തൃക്കുന്നപ്പുഴ പൊലീസ് നടത്തിയ അന്വേഷണത്തിൽ  ഭാര്യ സുമയ്യയുടെ മൊഴി അടുത്തിടെ എടുത്തപ്പോൾ തൂങ്ങി മരിച്ചതാണെന്നും മരണത്തിൽ ദുരൂഹത ഉണ്ടെന്നും വ്യക്തമാക്കിയിരുന്നു.  

ഹൈക്കോടതി നിർദേശാനുസരണം ചെങ്ങന്നൂർ ആർഡിഒ ജി.ഉഷാകുമാരിയുടെ നേതൃത്വത്തിലായിരുന്നു പോസ്റ്റ്മോർട്ടം . ആലപ്പുഴ മെഡിക്കൽ കോളജിലെ ഫൊറൻസിക് വിഭാഗം അസിസ്റ്റന്റ് പ്രഫസറും ഡപ്യൂട്ടി പൊലീസ് സർജനുമായ ഡോ.ബി.കൃഷ്ണന്റെ നേതൃത്വത്തിൽ  ഡോ.നിതിൻ മാത്യു, ഡോ.ദീപ്തി എന്നിവരാണു പോസ്റ്റ്മോർട്ടം നടത്തിയത്. ഇന്നലെ 10.30 നു തുടങ്ങിയ പോസ്റ്റ്മോർട്ടം 1.30ന് പൂർത്തിയായി. 

പരിശോധനകളുടെ റിപ്പോർട്ട് ലഭിക്കാൻ ഒരു മാസം  വേണ്ടി വരും. ഡിഎൻഎ ഉൾപ്പെടെ വിവിധ പരിശോധനകൾക്കായി മുടി, പല്ല്, അസ്ഥികൾ തുടങ്ങിയവയുടെ സാംപിൾ ശേഖരിച്ചു. കാർത്തികപ്പള്ളി തഹസിൽദാർ ഡി.സി.ദിലീപ് കുമാർ, വിരലടയാള വിദഗ്ധൻ ജി.അജിത്ത്, സയന്റിഫിക് വിദഗ്ധ ചിത്ര, തൃക്കുന്നപ്പുഴ സിഐ ടി.ദിലീഷ്,എസ്ഐ കെ.ബി.ആനന്ദബാബു എന്നിവർ നേതൃത്വം നൽകി.

MORE IN Kuttapathram
SHOW MORE
Loading...
Loading...