കുതിച്ചെത്തി ആഡംബരകാര്‍; വടിവാളു കൊണ്ടു വെട്ടി, വെടിയുതിര്‍ത്തു; നാട് നടുങ്ങി

perumbavoor-crime
SHARE

അൽഖായിദ ബന്ധത്തിന്റെ പേരിലുള്ള അതിഥിത്തൊഴിലാളികളുടെ അറസ്റ്റിനും വ്യവസായിയെ തട്ടിക്കൊണ്ടു പോയി മർദിച്ചു പണം കവർന്ന സംഭവത്തിനു‌ം ശേഷം പെരുമ്പാവൂരിൽ നടന്ന വെടിവയ്പ്, നാടിനെ നടുക്കി. രാവിലെയാണ് സമീപവാസികൾ വിവരം അറിയുന്നത്. സിസിടിവി ദൃശ്യങ്ങൾ പൊലീസ് പരിശോധിക്കുന്നുണ്ട്.

സെപ്റ്റംബർ 10നാണ് അൽഖായിദ ബന്ധത്തിന്റെ പേരിൽ മുസറഫ് ഹുസൈൻ, യാക്കൂബ് ബിശ്വസ് എന്നിവരെ അറസ്റ്റ് ചെയ്തത്. വസ്ത്രവിൽപന ശാലയിലും പൊറോട്ടക്കടയിലും ജോലി ചെയ്യുകയായിരുന്നു ഇവർ. ഒക്ടോബർ 30നാണ് പ്ലൈവുഡ് കമ്പനി ഉടമയെ തട്ടിക്കൊണ്ടു പോയി 3.5 ലക്ഷം രൂപ കവരുകയും ചെക്കിൽ ഒപ്പീടിക്കുകയും ചെയ്തത്. ചെറുകുന്നത്ത് കനാൽ ബണ്ട് റോഡിൽ ആക്രമിക്കപ്പെട്ടത് മുടിക്കൽ മടത്താട്ട് ജമീറാണ്. 4 പേരെ അറസ്റ്റ് ചെയ്തു. 5 പ്രതികളെ കണ്ടെത്താൻ ലുക്കൗട്ട് നോട്ടിസ് പുറപ്പെടുവിച്ചു.

വെടിയുണ്ടകൾ റിവോൾവറിൽ ഉപയോഗിക്കുന്നത്

വെടിവയ്പ് സംഭവത്തിൽ, പ്രതികൾക്ക് ആർക്കും ലൈസൻസില്ലെന്നു പൊലീസ് അറിയിച്ചു. റിവോൾവറിൽ ഉപയോഗിക്കുന്ന വെടിയുണ്ടകളാണ‌ു സംഭവ സ്ഥലത്തു നിന്നു കണ്ടെത്തിയത്. ലൈസൻസുള്ള ആരെങ്കിലും വാങ്ങിയതാണോ ഇവയെന്ന് അന്വേഷിക്കുന്നു. ഇരുമ്പുപണിക്കാർ നിർമിച്ചു നൽകുന്ന കള്ളത്തോക്കുമാകാം. ലൈൻസുള്ളവർക്കേ കമ്പനി നിർമിത തോക്ക‌ു വാങ്ങാൻ കഴിയുകയുള്ളു. തോക്കു കണ്ടെത്തിയാൽ ലൈസൻസുള്ളതാണോ എന്നറിയാൻ കഴിയും.

പെരുമ്പാവൂരിൽ തോക്ക് ഉപയോഗിച്ചുള്ള ആക്രമണം ആദ്യമായാണ്. 2 വർഷം മുൻപു ഗുണ്ടാനേതാവ് പി.കെ.അനസിനെ തോക്കുമായി ആശുപത്രിയിൽ നിന്നു പിടികൂടിയിരുന്നു. കുറുപ്പംപടി, വേങ്ങൂർ, മുടക്കുഴ ഭാഗങ്ങളിൽ ഗുണ്ടകൾ മാരകായുധങ്ങളുമായി ഏറ്റുമുട്ടിയിട്ടുണ്ട്.  ഗുണ്ടാസംഘങ്ങൾ തുരുത്തിയിൽ ബോംബെറിഞ്ഞു പരുക്കേൽപിച്ച സംഭവം മാസങ്ങൾക്കു മുൻപാണുണ്ടായത്.

പ്ലൈവുഡ് കമ്പനി ഉടമയെ നടുറോഡിൽ പട്ടാപ്പകൽ കൊലപ്പെടുത്തിയത് 5 വർഷം മുൻപാണ്. വ്യക്തിവൈരാഗ്യത്തിന്റെ പേരിൽ കാറിടിച്ചു വീഴ്ത്തിയ ശേഷം കുത്തിക്കൊല്ലുകയായിരുന്നു. വെടിവയ്പ് സംഭവത്തിൽ 7 പേരുണ്ടായിരുന്നെന്നാണ‌ു മൊഴിയെങ്കിലും കൂടുതൽ പേർ സംഭവത്തിൽ ഉൾപ്പെടാൻ സാധ്യതയുണ്ടെന്നു പൊലീസ് കരുതുന്നു. പെരുമ്പാവൂർ ഡിവൈഎസ്പി കെ.ബിജുമോൻ, ഇൻസ്പെക്ടർ സി.ജയകുമാർ എന്നിവരുടെ സാന്നിധ്യത്തിൽ ബോംബ് സ്ക്വാഡ്, ഡോഗ് സ്ക്വാഡ്, വിരലടയാള വിദഗ്ധർ എന്നിവർ പരിശോധന നടത്തി.

ആഡംബര കാറിലെത്തിയ ഏഴംഗ സംഘം വടിവാളു കൊണ്ടു വെട്ടിയും പരുക്കേൽപ്പിച്ചു

ആഡംബര കാറിലെത്തിയ ഏഴംഗ സംഘം യുവാവിനെ വെടിവച്ചും വടിവാളു കൊണ്ടു വെട്ടിയും പരുക്കേൽപ്പിച്ചു. ആക്രമിക്കപ്പെട്ട തണ്ടേക്കാട് സ്രാമ്പിക്കൽ ആദിൽ ഷായെ (25) കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.തണ്ടേക്കാട് സ്വദേശി നിസാർ (35) അടക്കം 5 പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇവരെ ചോദ്യം ചെയ്തു വരികയാണ്. 3 വെ‌‌ടിയുണ്ടകളും തിര നിറയ്ക്കുന്ന ലോഹഭാഗവും സംഭവ സ്ഥലത്തു നിന്നു ലഭിച്ചു. തോക്ക് കണ്ടെത്താനായിട്ടില്ല. അക്രമി സംഘം എത്തിയ റജിസ്റ്റർ ചെയ്യാത്ത കാറും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇതിൽ നിന്നു വടിവാളും കത്തികളും മദ്യക്കുപ്പികളും കണ്ടെത്തി.

ഇന്നലെ പുലർച്ചെ 1.30ന് എംഎം റോഡിൽ പാലക്കാട്ടുതാഴം പാലത്തിനും മാവിൻചോടിനും ഇടയിലെ പ്രദേശത്തായിരുന്നു ആക്രമണം. വ്യക്തിവൈരാഗ്യമാണു കാരണമെന്നു പൊലീസ് പറഞ്ഞു. പരുക്കേറ്റ ആദിൽ കോവിഡ് വ്യാപനത്തിനു മുൻപു ഗൾഫിൽ നിന്നു തിരിച്ചെത്തി ക്രഷർ ഉടമയായ നിസാറിന്റെ ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു. പിന്നീ‍ടു വ്യക്തിപരമായ പ്രശ്നങ്ങളുടെ പേരിൽ പിരിഞ്ഞു. 15 ദിവസം മുൻപു നിസാറും ആദിലും തമ്മിൽ വഴക്കുണ്ടായി. ചൊവ്വാഴ്ച രാത്രി 11ന് ഇരുവരും തമ്മിൽ വീണ്ടും അടിപിടിയുണ്ടായി. ഇതിനു ശേഷം റോഡരികിൽ ആദിലും സുഹൃത്തുക്കളും നിൽക്കുമ്പോഴാണ് നിസാറും സംഘവും തിരികെയെത്തി ആക്രമിച്ചതെന്നു പൊലീസ് അറിയിച്ചു.

ഇവരുടെ കാർ വരുന്നതു കണ്ട് ആദിൽ ഓടിമാറിയെങ്കിലും വീണു. വടിവാൾ കൊണ്ടു വെട്ടിയ ശേഷം വെടിയുതിർക്കുകയായിരുന്നെന്നാണ‌ു പൊലീസിനു ലഭിച്ച വിവരം. ഇവിടെ നിർത്തിയിട്ടിരുന്ന ബൈക്കും മണ്ണ‌ുമാന്തി യന്ത്രവും തകർന്നു. ആദിലിന്റെ സുഹൃത്തുക്കൾ പ്രതിരോധിച്ചതോടെ സംഘം കാർ ഉപേക്ഷിച്ചു കടന്നുകളഞ്ഞു. കാറിനും കേടുപറ്റി. നെഞ്ചിൽ വെടിയേറ്റ ആദിലിനെ സുഹൃത്തുക്കളാണ് ആശുപത്രിയിൽ എത്തിച്ചത്. ശസ്ത്രക്രിയയ്ക്കു ശേഷം നിലമെച്ചപ്പെട്ടതായി പൊലീസ് അറിയിച്ചു.

MORE IN Kuttapathram
SHOW MORE
Loading...
Loading...