കോട്ടയം മണിമലയില്‍ പിടിച്ചുപറികേസില്‍ അറസ്റ്റിലായ പ്രതി എസ്ഐയുടെ തല അടിച്ച്പൊട്ടിച്ചു. പുതുപറമ്പില്‍ ജയേഷാണ് മണിമല എസ്ഐ ജെബി കെ ജോണിന്റെ തല വിലങ്ങുകൊണ്ട് അടിച്ചുപൊട്ടിച്ചത്. സാരമായി പരുക്കേറ്റ എസ്ഐ കാഞ്ഞിരപ്പള്ളി ജനറല്‍ ആശുപത്രിയില്‍ ചികിത്സിയിലാണ്.
കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടുപോകവെ ജീപ്പിനുള്ളില്‍ വെച്ചാണ് പ്രതി ജയേഷ് എസ്ഐയെ ആക്രമിച്ചത്. മുന്‍ സീറ്റിലിരുന്ന എസ്ഐയുടെ തലയില്‍ പിന് സീറ്റിലിരുന്ന ജയേഷ് കയ്യില്ക്കെട്ടിയ വിലങ്ങുപയോഗിച്ചാണ് ആക്രമിച്ചത്. മറ്റ് പൊലീസുകാര്‍ തടയും മുന്‍പ് ഒന്നിലേറെ തവണ എസ്ഐയുടെ തലയില്‍ ജയേഷ് ആഞ്ഞടിച്ചു. അക്രമം പ്രതിരോധിക്കുന്നതിനിടെ കൂടെയുണ്ടായിരുന്ന പൊലീസുകാര്‍ക്കും മര്‍ദനമേറ്റു. ഏറെ പണിപ്പെട്ടാണ് ജയേഷിനെ പൊലീസുകാര്‍ കീഴടക്കിയത്.
രണ്ടാഴ്ച മുന്‍പ് ചങ്ങനാശേരി സ്വദേശിയെ തട്ടിക്കൊണ്ടുപോയി മൂന്ന് ലക്ഷം രൂപ തട്ടിയെടുത്തുവെന്നാണ് മണിമല സ്റ്റേഷനിലെ ജയേഷിനെതിരായ കേസ്. മറ്റൊരു കേസില്‍ പാലാ കോടതിയില്‍ കീഴടങ്ങിയ പ്രതിയെ കസ്റ്റഡിയിലെടുത്ത് തെളിവെടുപ്പ് പൂര്‍ത്തിയാക്കി മടങ്ങുകയായിരുന്നു എസ്ഐയും സംഘവും. കറുകച്ചാലിൽ എസ്ഐയെ ആക്രമിച്ച കേസിലും പ്രതിയാണ് ജയേഷ്. ജില്ലയിലെ മറ്റ് സ്റ്റേഷനുകളിലും ജയേഷിനെതിരെ കേസുകള്‍ നിലവിലുണ്ട്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.