ഹോംസ്റ്റേയില്‍ താമസിച്ച് കള്ളനോട്ട് നിർമാണം; മുഖ്യപ്രതി പിടിയിൽ

fake-note-case-1
SHARE

തിരുവല്ലയില്‍ ഹോംസ്റ്റേയില്‍ താമസിച്ച് കള്ളനോട്ട് നിര്‍മിച്ച്  വിതരണം നടത്തിയ സംഘത്തിലെ പ്രധാനി പിടിയിലായി. കോട്ടയം കൊടുങ്ങൂര്‍ സ്വദേശി  സജിയാണ് കോട്ടയത്ത് വച്ച്  തിരുവല്ല പൊലീസിന്‍റെ പിടിയിലായത്. പ്രതി താമസിച്ച ലോഡ്ജ് മുറിയില്‍ നിന്ന് കള്ളനോട്ട് നിര്‍മാണത്തിനുപയോഗിച്ച പ്രിന്‍ററും കണ്ടെടുത്തു  

തിരുവല്ല കുറ്റപ്പുഴയിലെ ഹോം സ്റ്റേകേന്ദ്രീകരിച്ചാണ് കള്ളനോട്ട് നിര്‍മാണം നടന്നത്. ഇടയ്ക്കിടയ്ക്ക് സ് ഹോം സ്റ്റേയില്‍ എത്തുന്ന  സംഘം കുറച്ചു ദിവസം താമസിച്ച് കള്ളനോട്ട് നിര്‍മിച്ച ശേഷം മടങ്ങുകയായിരുന്നു പതിവ്. സ്ത്രീകളും കുട്ടികളും സംഘത്തിലുണ്ടാകാറുള്ളതിനാല്‍ ഇവരെക്കുറിച്ച് ഹോം സ്റ്റേ ഉടമയ്ക്ക് സംശയമൊന്നുമുണ്ടായിരുന്നില്ല.  അവസാനമായി ഇവര്‍ വന്നുപോയതിനുശേഷം മുറി വൃത്തിയാക്കുമ്പോള്‍ 200, 500, 2000 നോട്ടുകളുടെ  ഭാഗങ്ങളും, പേപ്പറുകളും ഉടമയ്ക്ക് ലഭിച്ചു. ഹോം സ്റ്റേ ഉടമ ഇക്കാര്യം  തന്‍റെ സുഹൃത്തായ രഹസ്യാന്വേഷണ വിഭാഗം ഉദ്യോഗസ്ഥനെ അറിയിച്ചു.ഇതേതുടര്‍ന്ന് തിരുവല്ല ഡിവൈഎസ്പി ടി.രാജപ്പന്‍, സിഐ വിനോദ് എന്നിവരുടെ  നേതൃത്വത്തില്‍നടത്തിയ അന്വേഷണത്തിലാണ് കോട്ടയം നാഗമ്പടത്തിനു സമീപമുള്ള ലോഡ്ജില്‍ നിന്ന്  കോട്ടയം കൊടുങ്ങൂര്‍ തട്ടാപറമ്പില്‍  സജിയെ പിടികൂടിയത്. 

കള്ളനോട്ടു സംഘത്തിന്‍റെ തലവനായ കാഞ്ഞങ്ങാട് സ്വദേശി ഷിബു രക്ഷപെട്ടു. പിടിയിലായ സജിയുടെ അടുത്ത ബന്ധുവാണ് ഷിബു. സംഘത്തില്‍ ബന്ധുക്കളും സുഹൃത്തുക്കളുമായ ആറോളം പേരുണ്ടെന്നാണ്  പൊലീസിനുലഭിച്ച വിവരം. കള്ളനോട്ട് നിര്‍മിക്കാനുപയോഗിക്കുന്ന പ്രിന്‍ററും പേപ്പറുകളും പൊലീസ് പിടിച്ചെടുത്തു.

ഇവര്‍ ഹോം സ്റ്റേയില്‍ നല്‍കിയ തിരിച്ചറിയല്‍ രേഖ, വന്ന കാറിന്‍റെ നമ്പര്‍ എന്നിവ പ്രതികളെ വേഗത്തില്‍ തിരിച്ചറിയുന്നതിന് സഹായമായി. മറ്റിടങ്ങളിലും താമസിച്ച് കള്ളനോട്ട് നിര്‍മാണം നടത്തിയതായി  സംശയിക്കുന്നുണ്ട്. പ്രതികളെയെല്ലാം പൊലീസ് തിരിച്ചറിഞ്ഞു.  പിടിയിലായ  സജിയൊഴികെ മറ്റുള്ളവരെല്ലാം കണ്ണൂര്‍,കാസര്‍കോട് ജില്ലക്കാരാണ്. കോവിഡ് പരിശോധനയ്ക്കുശേഷം പ്രതിയെ താമസിച്ചിരുന്ന ഹോം സ്റ്റേയിലും ലോഡ്ജിലുമെത്തിച്ച് തെളിവെടുപ്പ് നടത്തിയശേഷം റിമാന്‍ഡ് ചെയ്തു

MORE IN Kuttapathram
SHOW MORE
Loading...
Loading...