അമൃത ഇൻസ്റ്റിറ്റ്യൂട്ടിന്റെ പേരിൽ ഡൊണേഷൻ തട്ടിപ്പ്; മൂന്നു പേർ അറസ്റ്റിൽ

എറണാകുളം  അമൃത ഇൻസ്റ്റിറ്റ്യൂട്ടിന്റെ പേരിൽ ഡൊണേഷൻ തട്ടിപ്പ് നടത്തിയ കോളജ് ജീവനക്കാരനടക്കം  മൂന്ന് പേരെ  ചേരാനെല്ലൂർ പൊലീസ് അറസ്റ്റ് ചെയ്തു. പാരാമെഡിക്കൽ കോഴ്സിന് യോഗ്യത നേടിയ വിദ്യാർഥികളിൽനിന്ന് ലക്ഷങ്ങളാണ് സംഘം തട്ടിയെടുത്തത്.

കൂത്താട്ടുകുളത്ത് ഫിനീക്സ് എന്ന പേരിൽ വിദ്യാഭ്യാസ കൺസൾട്ടൻസി നടത്തുന്ന അനു ചന്ദ്രൻ, അമൃത ഇൻസ്റ്റിറ്റ്യൂട്ടിലെ ജീവനക്കാരനായ ജയകുമാർ, മുൻ ജീവനക്കാരൻ ശശിധരൻ എന്നിവരാണ് പിടിയിലായത്. മാനേജ്മെൻറ് സീറ്റുകളിലേക്കുള്ള പ്രവേശന പരീക്ഷ വിജയിച്ചവരുടെ കയ്യിൽ നിന്നാണ് സംഘം പണം തട്ടിയത്. കോഴ്സുകൾക്ക് ഡൊണേഷൻ നൽകേണ്ടതില്ല എന്ന കാര്യം അറിയാത്തവരെയാണ് സംഘം കബളിപ്പിച്ചത്. ഒരു ലക്ഷം മുതൽ മൂന്ന് ലക്ഷം രൂപവരെ വിദ്യാർഥികളിൽനിന്ന് തട്ടിയെടുത്തു. കോളേജ് ജീവനക്കാരനായ ജയകുമാറാണ് കൺസൾട്ടൻസിക്ക് വിദ്യാർഥികളുടെ വിവരം കൈമാറിയത് 

സീറ്റിന് പണം ആവശ്യപ്പെട്ട് ചിലർ വിദ്യാർഥികളെ സമീപിച്ചത് ശ്രദ്ധയിൽപെട്ട കോളേജ് അധികൃതരാണ് പൊലീസിൽ പരാതി നൽകിയത്. തട്ടിപ്പിൽ കൂടുതൽ പേര്‍ക്ക് പങ്കുണ്ടെന്നും ഇവരെ ഉടൻ പിടികൂടുമെന്നും പൊലീസ് അറിയിച്ചു. സമാന തട്ടിപ്പ് മുൻപും നടത്തിയിട്ടുണ്ടോയെന്നും പൊലീസ് പരിശോധിക്കുന്നുണ്ട്