മാങ്കുളത്ത് അയല്‍ക്കാരനെ വെട്ടിക്കൊന്നു; പ്രതി അറസ്റ്റിൽ

mankulam-murder-2
SHARE

ഇടുക്കി മാങ്കുളത്ത് അയല്‍ക്കാരനെ വെട്ടിക്കൊന്ന കേസില്‍ പ്രതി അറസ്റ്റിൽ. മാങ്കുളം  പുല്ലാട്ടുവീട്ടിൽ ഇക്ബാൽ യൂസഫിനെയാണ് മൂന്നാർ പൊലീസ് അറസ്റ്റ് ചെയ്തത്. പ്രതിയെ തെളിവെടുപ്പിനു ശേഷം കോടതിയിൽ ഹാജരാക്കും. 

യുവതിയെയും കുഞ്ഞിനെയും ഭര്‍ത്താവിന്റെ ആക്രമണത്തില്‍ നിന്ന് രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് അയൽവാസി ലക്ഷ്മണന്‍ ഇന്നലെ വെട്ടേറ്റ് മരിച്ചത്.  ആക്രമണത്തെ തുടര്‍ന്ന് ഒളിവില്‍ പോയ പ്രതി ഇരുമ്പുപാലം പുല്ലാട്ട്മുഴിയിൽ ഇക്ബാലിനെ മൂന്നാര്‍ പൊലീസ് ഇന്ന് പുലര്‍ച്ചയോടെ പിടികൂടി. പ്രതിയുടെ വെട്ടേറ്റ യുവതിയും  ഗുരുതര പരുക്കുകളോടെ ആശുപത്രിയിലാണ്. 

ഇതേ കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ, രാവിലെ മദ്യപിച്ച് വീട്ടിലെത്തിയ ഇക്ബാലും ഭാര്യ  ലഷീദയും തമ്മിൽ വാക്കുതർക്കമുണ്ടായി. ഇതിന്റെ ദേഷ്യത്തിൽ കുഞ്ഞിനെയും ലഷീദയെയും കൊല്ലുമെന്ന് പറഞ്ഞ് ഇക്ബാൽ വാക്കത്തികൊണ്ട് ആക്രമിക്കാനൊരുങ്ങി. വഴക്ക് ആക്രമണത്തിലേക്ക് എത്തിയതോടെ ലഷീദ 6 മാസം പ്രായമുള്ള ആൺകുട്ടിയുമായി സമീപത്ത് താമസിക്കുന്ന ലക്ഷ്മണന്റെ വീട്ടിലേക്ക് ഓടി. 

പുറകെ എത്തിയ ഇക്ബാൽ അവിടെ വച്ച് ലഷീദയുടെ കഴുത്തിൽ വാക്കത്തികൊണ്ട് വെട്ടി. നിലത്ത് വീണ് ലഷീദയിൽനിന്നും കുട്ടിയെ പിടിച്ചുവാങ്ങി. കുട്ടിയെ ഉപദ്രവിക്കാതിരിക്കാൻ തടസ്സം പിടിക്കാനെത്തിയ ലക്ഷ്മണനെ ഇക്ബാൽ വാക്കത്തികൊണ്ട് വെട്ടി വീഴ്ത്തി. ലക്ഷ്മണൻ മരിച്ചെന്ന് കണ്ട ഇക്ബാൽ കുട്ടിയെ ഉപേക്ഷിച്ച് കടന്നുകളഞ്ഞു. പിന്നീട് നാട്ടുകാർ എത്തിയാണ് ലഷീദയെ ആശുപത്രിയിലെത്തിച്ചത്. ഭാര്യ മല്ലികയുടെ മുന്നിലിട്ടാണ് ലക്ഷ്മണനെ വെട്ടിക്കൊലപ്പെടുത്തിയത്. മരിച്ച ലക്ഷ്മണനുമായി ഇക്ബാലിന് പൂർവ വൈരാഗ്യം ഉണ്ടായിരുന്നതായും പൊലീസ് പറ‍ഞ്ഞു.

MORE IN Kuttapathram
SHOW MORE
Loading...
Loading...