‘ഞാൻ അമ്മച്ചിയെ കൊണ്ടു’ അക്ഷരത്തെറ്റോടെ കുറിപ്പ്; മുറിയില്‍ ജീവനറ്റ് ജാനകിയമ്മ; നടുക്കം

janakiyamma-murder
SHARE

പത്തനംതിട്ട: കുമ്പഴയിൽ തൊണ്ണൂറ്റിരണ്ടുകാരി കൊല്ലപ്പെട്ട സംഭവത്തിൽ പകച്ച് നാട്ടുകാരും ബന്ധുക്കളും. സഹായികൾക്കൊപ്പം വീട്ടിൽ കഴിഞ്ഞിരുന്ന ജാനകിയമ്മയെ ഇടയ്ക്കൊക്കെ ചെന്ന് കാണാറുണ്ടായിരുന്നെന്ന് തൊട്ടടുത്തുള്ള വീടുകളിലെ ബന്ധുക്കൾ പറയുന്നു. സമയം കിട്ടുമ്പോഴെല്ലാം അമ്മയെ കാണാൻ ഓടിയെത്താറുണ്ടായിരുന്നെന്ന് മകൻ അജയഘോഷും  പറഞ്ഞു.  ചെറിയ ഓർമക്കുറവും പ്രായത്തിന്റെ ക്ഷീണവുമുള്ള ജാനകിയമ്മ വീടിനു വെളിയിലേക്ക് അധികം ഇറങ്ങാറില്ലായിരുന്നു.  

ജാനകിയമ്മയുടെ സഹായിയായ ഭൂപതിയെ മക്കളാണ് ഏർപ്പെടുത്തിക്കൊടുത്തത്. തമിഴ്നാട് സ്വദേശിനിയായ ഇവർ കുമ്പഴ കുലശേഖരപതിയിലാണ് നേരത്തേ താമസിച്ചിരുന്നത്. ഇവരുടെ ബന്ധുവാണ് പൊലീസ് കസ്റ്റഡിയിലായ മയിൽസാമി. ഇയാളും വീട്ടിലെ ജോലികളൊക്കെ ചെയ്ത് ഇവിടെത്തെന്നെയായിരുന്നു താമസം. ഇടയ്ക്കു മറ്റു ജോലികൾക്കായും ആക്രി പെറുക്കാനും പോകാറുണ്ട്. ഇത്രയും നാൾ ഇയാളെ സംശയിക്കത്തക്കതായി ഒരു സംഭവവും ഉണ്ടായിട്ടില്ലെന്ന് അജയഘോഷും നാട്ടുകാരും പറയുന്നു

ഭൂപതി സ്വന്തം വീട്ടിലേക്ക് പോയിരുന്നതിനാൽ സംഭവ ദിവസം രാത്രി ജാനകിയമ്മയും മയിൽസാമിയും മാത്രമാണ് വീട്ടിൽ ഉണ്ടായിരുന്നത്. രാവിലെ മീൻ വാങ്ങാൻ വീടിന് മുൻപിലൂടെ എത്തിയ ജാനകിയമ്മയുടെ ബന്ധുവായ സ്ത്രീയോട് നിങ്ങളുടെ വീട്ടിലെ പത്രത്തിൽ ഒരു കുറിപ്പ് വച്ചിട്ടുണ്ടെന്ന് മയിൽസാമി പറഞ്ഞിരുന്നു.  കുറിപ്പിൽ ‘ഞാൻ അമ്മച്ചിയെ കൊണ്ടു’ എന്ന് അക്ഷരത്തെറ്റോടെ എഴുതിയിരുന്നു. തുടർന്ന് ബന്ധുക്കളും നാട്ടുകാരും എത്തി ജനലിലൂടെ നോക്കിയപ്പോൾ കിടപ്പുമുറിയിൽ മരിച്ചുകിടന്ന ജാനകിയമ്മയെ ആണ് കണ്ടത്. 

ജാനകിയമ്മയെ കൊല്ലുമെന്നും തുടർന്നു ജയിലിൽ പോകുമെന്നും മയിൽസാമി വീട്ടിൽ പലയിടങ്ങളിലായി പേപ്പറിൽ എഴുതിവച്ചിരുന്നെന്ന് പൊലീസ് അറിയിച്ചു. തൊട്ടടുത്ത ബന്ധുവീട്ടിലെ സിറ്റൗട്ടിൽ പത്രത്തിനുള്ളിൽ കത്തിന്റെ ഫോട്ടോസ്റ്റാറ്റ് കോപ്പി വച്ചിരുന്നു. വാതിൽ പൂട്ടി അകത്തിരുന്ന മയിൽസാമിയെ പൊലീസ് എത്തി കസ്റ്റ‍ഡിയിൽ എടുത്തു. കസ്റ്റഡിയിൽ എടുക്കുമ്പോൾ പ്രതി വിഷം കഴിച്ച നിലയിലായിരുന്നുവെന്ന് പൊലീസ് അറിയിച്ചു.

തുടർന്ന് പത്തനംതിട്ട ജനറൽ ആശുപത്രിയിലെത്തിച്ച ഇയാൾക്ക് അടിയന്തര ചികിത്സ നൽകിയ ശേഷം അടുർ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മാനസികദൗർബല്യത്തിന് നേരത്തേ ചികിത്സ തേടിയ ആളാണ് മയിൽസ്വാമിയെന്ന് പൊലീസ് അറിയിച്ചു.  വിഷം കഴിച്ച് ആത്മഹത്യ ചെയ്യാൻ‌ നേരത്തേയും ശ്രമിച്ചിരുന്നു. വീട്ടിൽ മോഷണ ശ്രമം നടന്നിട്ടില്ലെന്ന് പൊലീസ് പറഞ്ഞു. ഫൊറൻസിക് വിഭാഗവും ഡോഗ് സ്ക്വാഡും തെളിവുകൾ ശേഖരിച്ചു. ഇൻക്വസ്റ്റ് തയാറാക്കിയ ശേഷം മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.

MORE IN Kuttapathram
SHOW MORE
Loading...
Loading...