വാളയാറിൽ വീണ്ടും വൻ കുഴൽപ്പണ വേട്ട; പിക്കപ്പിൽ കടത്താൻ ശ്രമിച്ചത് 45 ലക്ഷം രൂപ

പാലക്കാട് വാളയാറിൽ വീണ്ടും വൻ കുഴൽപ്പണ വേട്ട. പിക്കപ്പ് വാനിൽ തൃശൂരിലേക്ക് കടത്തുകയായിരുന്ന 45 ലക്ഷം രൂപ പിടികൂടി. കോയമ്പത്തൂര്‍ സ്വദേശികളായ രണ്ടുപേരെ പൊലീസ് അറസ്റ്റു ചെയ്തു. വാളയാർ ടോൾപ്ലാസക്ക് സമീപത്ത് വച്ചാണ് കുഴല്‍പ്പണം പിടികൂടിയത്. തമിഴ്നാട്ടില്‍ നിന്ന് പച്ചക്കറിയോ അല്ലെങ്കില്‍ അവശ്യവസ്തുക്കളോ എത്തിക്കുന്ന ഒരു പിക്കപ്പ് വാഹനമാണ്. എന്നാല്‍ അതൊന്നുമല്ലായിരുന്നു കച്ചവടം. പൊലീസ് പരിശോധനയില്‍ തുണിയില്‍ പൊതിഞ്ഞ നോട്ടുകെട്ടുകളാണ് കണ്ടെത്തിയത്. അഞ്ഞൂറും രണ്ടായിരവും കെട്ടുകളാക്കി അടുക്കിവച്ചിരിക്കുന്നു. 45 ലക്ഷം രൂപയാണ് തൃശൂരിലേക്ക് കടത്താന്‍ ശ്രമിച്ചത്. 

വാഹനത്തിലുണ്ടായിരുന്ന രണ്ടുപേരെ പൊലീസ് അറസ്റ്റു ചെയ്തു. കോയമ്പത്തൂര്‍ സ്വദേശികളായ സമ്പത്ത്കുമാർ, ബാലമുരുക ഗുരുസാമി എന്നിവരാണ് കുഴല്‍പ്പണക്കടത്തുകാര്‍. കോയമ്പത്തൂരിൽ നിന്നാണ് പണം കൊണ്ടുവന്നത്. കഴിഞ്ഞദിവസം ഇതേപോലെ പിക്കപ് വാഹനത്തില്‍ കടത്തിയ കുഴല്‍പ്പണം പൊലീസ് പിടികൂടിയിരുന്നു. ഒരുകോടി 75 ലക്ഷം രൂപയുമായി ആലുവ സ്വദേശികളാണ് കോയമ്പത്തൂരില്‍ നിന്ന് പണവുമായി വന്നത്. ഇവരെല്ലാം ഒരേസംഘമാണോയെന്ന് പൊലീസ് അന്വേഷിക്കുന്നു. 

കോവിഡ് കാലത്ത് ഇതരസംസ്ഥാന യാത്രയ്്ക്ക് ആദ്യം കടുത്ത നിയന്ത്രണവും പിന്നീട് ഇളവും വന്നിരുന്നു. എന്നാല്‍ അവശ്യവസ്തുക്കള്‍ കയറ്റിയവാഹനങ്ങള്‍ക്ക് ഏതുസമയത്തും സഞ്ചരിക്കാമായിരുന്നു. ഇതിന്റെ മറവിലാണ് ഇതരസംസ്ഥാനങ്ങളില്‍ നിന്ന് പച്ചക്കറി വാഹനങ്ങളില്‍ ഉള്‍പ്പെടെ ലഹരിവസ്തുക്കളും കുഴല്‍പ്പണവും കേരളത്തിലേക്ക് കടത്തുന്നത്.