എ.എസ്.ഐയെ കൊന്നത് ഐ.എസ് അംഗത്തിന്റെ അറസ്റ്റിലെ പ്രതികാരം; ഉറപ്പിച്ചു

kaliyikkavila-murder
SHARE

തിരുവനന്തപുരം  കളിയിക്കാവിള ചെക്ക് പോസ്റ്റില്‍ തമിഴ്നാട് പൊലീസിലെ  എ.എസ്.ഐ വില്‍സനെ വെടിവച്ചുകൊന്നത് തീവ്രവാദ ആക്രമണമാണെന്ന് എന്‍.ഐ.എ.  ഐ.എസ് അംഗമായ ബംഗളുരു സ്വദേശി  മെഹ്ബൂബ് പാഷയെ തമിഴ്നാട് പൊലീസ് അറസ്റ്റ് ചെയ്തതാണ് ആക്രമണത്തിനുള്ള പ്രകോപനമെന്നും എന്‍.ഐ.എ ചെന്നൈ കോടതിയില്‍ സമര്‍പ്പിച്ച  കുറ്റപത്രത്തില്‍ വ്യക്തമാക്കി.

ജനുവരി 8ന് രാത്രി11.30നാണ് കളിയിക്കാവിള ചെക്ക് പോസ്റ്റില്‍ ജോലി ചെയ്തിരുന്ന എ.എസ്.ഐ വില്‍സനെ  രണ്ടംഗ സംഘം വെടിവച്ചും വെട്ടിയും കൊലപെടുത്തിയത്. തുടര്‍ന്ന് കേരളത്തിലേക്കു കടന്ന സംഘം തിരുവനന്തപുരം,എറണാകുളം  കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റാന്‍ഡുകള്‍ക്കു സമീപം ആയുധങ്ങള്‍  ഉപേക്ഷിച്ചു. മഹാരഷ്ട്രയിലേക്കു കടക്കാനുള്ള ശ്രമത്തിനിടെ  ഉഡുപ്പിയില്‍ വച്ചാണ് തമിഴ് നാട് പോലീസിന്റെ പ്രത്യേക അന്വേഷണ സംഘം കൊലയാളികളായ  അബ്ദുള്‍  ഷമീം,  തൌഫീഖ് എന്നിവരെ പിടികൂടിയത് . ഫെബ്രുവരി ഒന്നിന്  കേസ്  എന്‍.ഐ.എ  ഏറ്റെടുത്തു.  തുടര്‍ന്ന് പ്രതികളായ കാജാ മൊഹിയുദ്ദീന്‍, മെഹബൂബ് പാഷ, ജാഫര്‍,  ഇജാസ് പാഷ എന്നിവർ  അറസ്റ്റിലായി.  

കാജാ മൊഹിയുദ്ദീന്‍  ഐ.എസ് അംഗമാണ്.ഇയാളും മെഹ്ബൂബ് പാഷയും ചേര്‍ന്നാണ് മറ്റുള്ളവരെ സംഘടിപ്പിച്ച് ദക്ഷിണേന്ത്യയിൽ   ഐഎസ് യൂണിറ്റ് രൂപീകരിച്ചത്. ഡിസംബര്‍ മധ്യത്തില്‍ കര്‍ണാടകയില്‍ യോഗം ചേര്‍ന്ന് അബ്ദുള്‍ ഷമീമിനെയും തൗ ഫീഖിനെയും ഭരണസംവിധാനങ്ങള്‍ക്കെതിരെ അക്രമണം നടത്താന്‍ തെരഞ്ഞെടുത്തു. തുടര്‍ന്ന് മെഹബൂബ് പാഷ, ഇജാസ് പാഷ, ജാഫര്‍ അലി എന്നിവരെ തോക്കും മറ്റു ആയുധങ്ങളും സംഘടിപ്പിയ്ക്കാന്‍ ഏല്‍പിച്ചു. ഇതിനിടെ മഹബൂബ് പാഷയെ ബംഗളൂരുവില്‍ നിന്ന്  തമിഴ്നാട് ക്യു ബ്രാഞ്ച് അറസ്റ്റു ചെയ്തു. ഇതിന് പ്രതികാരമായി പൊലിസുകാരെ അക്രമിയ്ക്കാന്‍ കാജാ മെഹിയുദ്ദീന്‍ അബ്ദുള്‍ ഷെമീമിനെയും തൗഫീഖിനെയും നിയോഗിക്കുക  ആയിരുന്നു  എന്നാണ് കുറ്റപത്രത്തിൽ  പറയുന്നത്. 

അക്രമണ ശേഷം മഹാരാഷ്ട്രയിലേയ്ക്ക് കടക്കാനായിരുന്നു പദ്ധതി. ഇതിനിടെയാണ് പിടിയിലായത്. ഐഎസ് തീവ്രവാദവുമായി ബന്ധപ്പെട്ട് തമിഴ്നാട്ടില്‍ എൻഐഎ സമര്‍പ്പിയ്ക്കുന്ന രണ്ടാമത്തെ കുറ്റപത്രമാണ് വില്‍സല്‍ കേസിലെത്. നേരത്തെ ഇതേ സംഘം വ്യാജ തിരിച്ചറിയല്‍ കാര്‍ഡുകള്‍ ഉപയോഗിച്ച് നിരവധി സിം കാര്‍ഡുകള്‍ സംഘടിപ്പിച്ച കേസിലും  ചെന്നൈ  കോടതിയിൽ  കുറ്റപത്രം നല്‍കിയിരുന്നു . എന്നാല്‍ ഐഎസ് അക്രമണം സ്ഥിരീകരിയ്ക്കുന്നത് ഇത് ആദ്യമാണ്.

MORE IN Kuttapathram
SHOW MORE
Loading...
Loading...