വാളയാറിൽ വൻ കുഴൽപ്പണ വേട്ട; ഒന്നേമുക്കാൽ കോടി പിടികൂടി

കോവിഡ‍് കാലത്തും കുഴല്‍പ്പണമാഫിയ സജീവം. പാലക്കാട് വാളയാറിൽ ഒന്നേമുക്കാല്‍ കോടി രൂപയുടെ കുഴല്‍പ്പണം പൊലീസ് പിടികൂടി. കോയമ്പത്തൂരില്‍ നിന്ന് ആലുവയിലേക്ക് കടത്തുകയായിരുന്നു കുഴല്‍പ്പണം. ആലവക്കാരായ രണ്ടു പേരെ പൊലീസ് അറസ്റ്റു ചെയ്തു. 

വാളയാർ ടോൾപ്ലാസക്ക് സമീപത്ത് വച്ചാണ് കുഴല്‍പ്പണം പിടികൂടിയത്. പുറമേ നിന്ന് നോക്കിയാല്‍ പച്ചക്കറിയോ അല്ലെങ്കില്‍ അവശ്യവസ്തുക്കളോ എത്തിക്കുന്ന ഒരു പിക്കപ്പ് വാഹനം. പിന്‍വശത്ത് ടാര്‍പ്പോളിന്‍ വിരിച്ച് മൂടിയി്ട്ടുണ്ട്. എന്നാല്‍ അതില്‍ ഒന്നുമില്ല. പൊലീസിന്റെ പരിശോധന ‍ഡ്രൈവര്‍ സീറ്റിനടിയിലെത്തിയപ്പോഴാണ് കുഴല്‍പ്പണം കണ്ടെത്തിയത്. ഡ്രൈവര്‍ സീറ്റിനടയിലെ രണ്ടു ബാഗുകള്‍ പൊലീസ് പൊക്കി. 

ബാഗിനുള്ളില്‍ നിറയെ പണം. അഞ്ഞൂറും രണ്ടായിരവും കെട്ടുകളാക്കി അടുക്കിവച്ചിരിക്കുന്നു. എണ്ണിത്തിട്ടപ്പെടുത്തിയപ്പോള്‍ ഒരുകോടി 75 ലക്ഷം രൂപ. അതിവിദഗ്ധമായി ആസൂത്രണം ചെയ്ത് കടത്തുകയായിരുന്ന കുഴല്‍പ്പണമാണ് പാലക്കാട് എസ്പിയുടെ നേതൃത്വത്തിലുളള സ്്ക്വാഡ് കണ്ടെത്തിയത്. വാഹനത്തിലുണ്ടായിരുന്ന രണ്ടുപേരെ പൊലീസ് അറസ്റ്റു ചെയ്തു. ആലുവ മണിയൻപാറ സ്വദേശി മീദീൻകുഞ്ഞ്, എം.എ. സലാം എന്നിവരാണ് കുഴല്‍പ്പണക്കടത്തുകാര്‍. ‌ഇവര്‍ കോയമ്പത്തൂരില്‍ നിന്ന് ആലുവയിലേക്ക് പണം കൊണ്ടുപോവുകയായിരുന്നു. 

ഇവരുടെ ഒറ്റപ്പെട്ട കേസല്ല ഇതെന്നാണ് സൂചന. കഴിഞ്ഞമാസം ഇതേവാഹനം വാളയാര്‍ ടോള്‍പ്ളാസ കടന്ന് കോയമ്പത്തൂരിലേക്ക് പോവുകയും തിരികെ വരുകയും ചെയ്തു. അങ്ങനെയെങ്കില്‍ പാലക്കാട് അതിര്‍ത്തിയിലെ മറ്റ് വഴികളിലൂടെയും ഇതേസംഘം കുഴല്‍പ്പണം കടത്തിയിട്ടുണ്ടെന്ന് പൊലീസ് സംശയിക്കുന്നു. കോവിഡ് കാലത്ത് ഇതരസംസ്ഥാന യാത്രയ്്ക്ക് ആദ്യം കടുത്ത നിയന്ത്രണവും പിന്നീട് ഇളവും വന്നിരുന്നു. 

എന്നാല്‍ അവശ്യവസ്തുക്കള്‍ കയറ്റിയവാഹനങ്ങള്‍ക്ക് ഏതുസമയത്തും സഞ്ചരിക്കാമായിരുന്നു. ഇതിന്റെ മറവിലാണ് ഇതരസംസ്ഥാനങ്ങളില്‍ നിന്ന് പച്ചക്കറി വാഹനങ്ങളില്‍ ഉള്‍പ്പെടെ ലഹരിവസ്തുക്കളും കുഴല്‍പ്പണവും കേരളത്തിലേക്ക് കടത്തുന്നത്. വാഹനപരിശോധന കാര്യമായില്ലാത്തതിനാല്‍ കൊളളസംഘത്തിന്് കാര്യങ്ങള്‍ എളുപ്പമാണിപ്പോള്‍.