തെളിവെടുപ്പിനിടെ നാടകീയ രംഗങ്ങള്‍; കോടതിക്ക് പുറത്ത് സുരേഷിന്‍റെ വികാരപ്രകടനം

suraj-suresh-1
SHARE

കൊല്ലം അഞ്ചലിൽ യുവതിയെ പാമ്പുകടിപ്പിച്ച് കൊന്ന കേസില്‍ പ്രതികളെ നാലുദിവസത്തേക്ക് പൊലീസ് കസ്റ്റഡിയില്‍ വിട്ടു. ഭര്‍ത്താവ് സൂരജിനെയും കൂട്ടുപ്രതി സുരേഷിനെയും ജയിലേക്ക് മാറ്റി.  കോടതിയില്‍ നിന്ന് പുറത്തേക്ക് വരും വഴി സുരേഷ് മാധ്യമങ്ങളോട് താന്‍ നിരപരാധിയാണെന്ന് പറഞ്ഞു. സ്ത്രീധന പീഡനത്തിനെതിരെ സൂരജിനും കുടുംബത്തിനുമെതിരെ വനിതാ കമ്മിഷൻ സ്വമേധയാ കേസെടത്തു. രാവിലെ പ്രതി സൂരജിനെ ഉത്രയുടെ അഞ്ചലിലെ വീട്ടിലെത്തിച്ചപ്പോള്‍ നാടകീയ രംഗങ്ങളാണുണ്ടായത്. 

മകളെ വിശ്വസിച്ചേല്‍പിച്ചവന്‍  ഒടുവില്‍ മകളുടെ ഘാതകനായത് ഉള്‍ക്കൊളളാനാകാതെ ഉത്രയുടെ അമ്മ. സൂരജിനെ തെളിവെടുപ്പിനായി വീട്ടിലെത്തിച്ചപ്പോഴുള്ള ഉത്രയുടെ അമ്മയുടെ നിലവിളിയാണിത്. വീട്ടിലേക്ക് കയറിയതോടെ സൂരജ് കരഞ്ഞു. 

രാവിലെ ആറരയോടെ ആരംഭിച്ച തെളിവെടുപ്പ് ഒന്നര മണിക്കൂറിലധികം നീണ്ടു. ഉത്രയുടെ വീടിനോട് ചേർന്നുള്ള ഒഴിഞ്ഞ കെട്ടിടത്തിൽ നിന്ന് പാമ്പിനെ സൂക്ഷിച്ചിരുന്ന പ്ലാസ്റ്റിക്ക് കുപ്പി കണ്ടെത്തി. എന്നാല്‍ സൂരജിനെ തല്ലി കുറ്റം സമ്മതിപ്പിച്ചതാണെന്ന്  സഹോദരി ആരോപിച്ചു. കോടതിയില്‍ നിന്ന് പുറത്തേക്ക്  വരുന്ന സമയം കേസിലെ രണ്ടാം പ്രതി സുരേഷ് മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞുകൊണ്ട് താന്‍ നിരപരാധിയാണെന്ന് പറഞ്ഞു. 

കൊലപാതകത്തിൽ സൂരജിൻ്റെ കുടുംബത്തിന് പങ്കുണ്ടോയെന്നും ജില്ലാ ക്രൈംബ്രാഞ്ച് അന്വേഷിക്കുന്നുണ്ട്. ഗാർഹിക പീഡനം ഉൾടെയുള്ള വകുപ്പുകൾ ചുമത്തി സൂരജിനും വീട്ടുകാർക്കുമെതിരെ വനിതാ കമ്മിഷൻ സ്വമേധയാ കേസെടുത്തു.

കിടപ്പ് മുറിയിൽ ഭർത്താവിനും ഒന്നര വയസുള്ള മകനുമൊപ്പം കിടന്ന് ഉറങ്ങിയ യുവതിക്ക് ഈ മാസം ഏഴാം തീയതിയാണ് പാമ്പ് കടിയേറ്റത്. സ്വത്ത് തട്ടിയെടുക്കാനായി മകളെ സൂരജ് കൊലപ്പെടുത്തിയതാണെന്ന് ചൂണ്ടിക്കാട്ടി ഉത്രയുടെ രക്ഷിതാക്കൾ കൊല്ലം റൂറൽ എസ്പിക്ക് നൽകിയ പരാതിയാണ് കൊലപാതകത്തിൻ്റെ ചുരുളഴിച്ചത്.

MORE IN Kuttapathram
SHOW MORE
Loading...
Loading...