‘മൂര്‍ഖനെ വാങ്ങിയത് എലിയെ പിടിക്കാനെന്ന് പറഞ്ഞ്; പിന്നീട് തിരിച്ചു തന്നില്ല’

sooraj-custody
SHARE

കൊല്ലം അഞ്ചലില്‍ ഉത്രവധക്കേസിലെ പ്രതി സൂരജിന് കുരുക്കായി വെളിപ്പെടുത്തല്‍. സൂരജിന് പാമ്പുകളെ നല്‍കിയത് തന്റെ അച്ഛനാണെന്ന് പാമ്പുപിടിത്തക്കാരന്‍ സുരേഷിന്റെ മകന്‍ എസ്. സനല്‍. പാമ്പിനെ കാണണമെന്നു പറഞ്ഞാണ് ആദ്യം വിളിച്ചത്. പാമ്പുമായി ചെന്നപ്പോള്‍ ഒരുദിവസം പാമ്പിനെ വീട്ടില്‍ സൂക്ഷിക്കണമെന്ന ആവശ്യപ്പെട്ടെന്നും പിറ്റേന്ന് പാമ്പ് ഇഴഞ്ഞുപോയെന്ന് പറഞ്ഞ് തിരികെ തന്നില്ലെന്നും എസ്.സനല്‍ മനോരമ ന്യൂസിനോട് പറഞ്ഞു.

രണ്ടാമത് 10000 രൂപ നല്‍കി മൂര്‍ഖനെ വാങ്ങിയത് എലിയെ പിടിക്കാനെന്ന് പറഞ്ഞാണ്. ഉത്രയുടെ മരണം അറിഞ്ഞപ്പോഴെ സംശയം തോന്നിയിരുന്നെന്നും  പൊലീസിനെ അറിയിക്കാന്‍ അച്ഛനോടു പറഞ്ഞെന്നും സനല്‍ അറിയിച്ചു.

ശീതീകരിച്ച മുറിയുടെ ജനാലയിലൂടെ പാമ്പ് അകത്ത് കയറിയെന്ന സൂരജിന്റെ വാദം പൊളിഞ്ഞത് പാമ്പുപിടിത്തക്കാരന്റെ മൊഴിയോടെയാണ്. രണ്ട് തവണയായി പാമ്പിനെ സൂരജിന് നൽകിയിരുന്നുവെന്നും അതിനെ പിടിക്കാനുള്ള പരിശീലനം നൽകിയിരുന്നുവെന്നും സുരേഷ് വെളിപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് മകന്റെയും വെളിപ്പെടുത്തൽ.

മാർച്ച് രണ്ടിനാണ് ഉത്രയ്ക്ക് ആദ്യം പാമ്പുകടിയേൽക്കുന്നത്. ഇതിന്റെ ചികിൽസയ്ക്കായി സ്വന്തം വീട്ടിലെത്തി കഴിയുമ്പോഴാണ് രണ്ടാമതും പാമ്പുകടിയേൽക്കുന്നതും ഉത്ര മരിക്കുന്നതും. ഇതോടെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് ഉത്രയുടെ മാതാപിതാക്കൾ പൊലീസിനെ സമീപിക്കുകയായിരുന്നു.

98 പവന്‍ സ്വര്‍ണവും അഞ്ച് ലക്ഷം രൂപയും കാറും സ്ത്രീധനമായി വാങ്ങിയായിരുന്നു അടൂര്‍ സ്വദേശിയായ സൂരജ് അഞ്ചല്‍ സ്വദേശിയായ ഉത്രയെ വിവാഹം കഴിച്ചത്. ഇതിന് ശേഷവും പല ആവശ്യം പറഞ്ഞ് സൂരജ് ഭാര്യാവീട്ടില്‍ നിന്ന് പണം വാങ്ങിയിരുന്നു. സ്വകാര്യ ബാങ്കിലെ പണം ഇടപാടുമായി ബന്ധപ്പെട്ട ജോലിയുണ്ടെങ്കിലും ശമ്പളം കുറവെന്ന പേരിലായിരുന്നു പണം വാങ്ങല്‍. ഒടുവില്‍ എല്ലാ മാസവും എണ്ണായിരം രൂപ വീതം വാങ്ങുന്നതും പതിവാക്കി. 

പരമാവധി സ്വത്ത് കൈക്കലാക്കിയതോടെ  ഉത്രയെ ഒഴിവാക്കി മറ്റൊരു വിവാഹം കഴിക്കാന്‍ തീരുമാനിച്ചു. എന്നാല്‍ വിവാഹമോചനം നേടിയാല്‍ വാങ്ങിയ പണമെല്ലാം ഉത്രയുടെ വീട്ടുകാര്‍ക്ക് തിരികെ നല്‍കേണ്ടിവരുമെന്ന് സൂരജ് ഭയപ്പെട്ടു. ഇതോടെയാണ് ഭാര്യയെ കൊലപ്പെടുത്തി ഒഴിവാക്കാമെന്നു പ്രതി തീരുമാനിച്ചതെന്നു അന്വേഷണസംഘം വിശദീകരിച്ചു.

MORE IN Kuttapathram
SHOW MORE
Loading...
Loading...