2 വർഷമായിട്ടും റിപ്പോർട്ട് സമർപ്പിച്ചിട്ടില്ല; തൂത്തുകുടി വെടിവെപ്പിന്റെ ഇരകൾക്ക് നീതി അകലെ

പതിനാലു പേര്‍ കൊല്ലപെട്ട തൂത്തുകുടി വെടിവെപ്പിന്റെ രണ്ടാം വാര്‍ഷികം കടന്നുപോകുമ്പോഴും  ഇരകള്‍ക്ക് നീതി അകലെ. പൊലീസ് വെടിവെപ്പിനെ കുറിച്ചു അന്വേഷിക്കാന്‍ നിയോഗിച്ച ജുഡീഷ്യല്‍ കമ്മീഷന്‍ ഇതുവരെ റിപ്പോര്‍ട്ട് സമര്‍പ്പില്ല. 2018  മേയ് 22 ന് വൈകീട്ടാണ് സ്റ്റെര്‍ലൈറ്റിന്റെ ചെമ്പ് സംസ്കരണ ഫാക്ടറിയിലെ  മലിനീകരണത്തിനെതിരെ  സമരം നടത്തിയവര്‍ക്കു നേരെ വെടിവെപ്പുണ്ടായത്. വാര്‍ഷികം കണക്കിലെടുത്ത് തൂത്തുകുടിയില്‍ നിരോധനാജ്ഞ  തുടരുകയാണ്. 

ശുദ്ധമായ വായുവിനും വെള്ളത്തിനും മണ്ണിനും വേണ്ടി തെരുവിലിറങ്ങിയ ജനക്കൂട്ടത്തിനു നേെര കാരണമെന്നുമില്ലാതെ  പൊലീസിന്റെ തോക്കുകളില്‍ നിന്ന് തീതുപ്പിയിട്ട് ഇന്നേക്കു രണ്ടുവര്‍ഷം. നീറുന്ന ഓര്‍മ്മകളുമായി  അവര്‍ ഒരിക്കല്‍കൂടി  സമരപന്തലില്‍ ഒത്തുകൂടി.  പൂക്കളര്‍പ്പിച്ചു. വൈകുന്ന നീതി നിഷേധമായി കണ്ടു ലോക്ക് ഡൗണ്‍ നിബന്ധനകള്‍ക്കുള്ളില്‍ നിന്ന് നിശ്ബദമായി പ്രതിഷേധിച്ചു.

വെടിവെയ്പ്പിനെ കുറിച്ചു അന്വേഷിക്കാന്‍ നിയോഗിച്ച ജസ്റ്റിസ് അരുണ ജഗദീഷന്‍ കമ്മീഷന്‍ ഇതുവരെ റിപ്പോര്‍ട്ട് നല്‍കിയിട്ടില്ല. സാക്ഷികളുടെ വിസ്താരം തീരാത്തതാണ് കാരണം. നാനൂറിലധികമുള്ള  സാക്ഷികളില്‍ മുന്‍ തൂത്തുകുടി കലക്ടര്‍ ,ഐ.ജി.,ഡി,ഐ,ജി. എസ്.പി  നടന്‍ രജനികാന്ത് തുടങ്ങിയ പ്രമുഖരെയാണ് ഇനി വിസ്തരിക്കേണ്ടത്.നിലവില്‍ ലോക്ക് ഡൗണില്‍ സിറ്റിങ് മുടങ്ങിയിരിക്കുയാണ്.  ജൂലൈയില്‍ സിറ്റിങ് പുനരാരംഭിച്ചാല്‍ തന്നെ എപ്പോള്‍ തീര്ക്കാനാവുമെന്ന് ഏകാംഗ കമ്മീഷന് ഉറപ്പില്ല. ഫിബ്രുവരിയില്‍ നേരിട്ടു ഹാജരാകാന്‍ നോട്ടീസ് നല്‍കിയിട്ടും കൂട്ടാക്കാതിരുന്ന നടന്‍ രജനികാന്തിനെ സിറ്റിങ് പുനരാംഭിച്ച ഉടനെ വിളിച്ചുവരുത്തുമെന്നാണ് സൂചന