മായം ചേര്‍ത്ത മീൻ വില്‍പ്പന വ്യാപകം; സംസ്ഥാനത്ത് 15,000 കിലോ മീൻ പിടികൂടി

ലോക് ഡൗണിനെ തുടര്‍ന്നുള്ള മല്‍സ്യ ദൗര്‍ലഭ്യം ചൂഷണം ചെയ്ത് മായം ചേര്‍ത്ത മീനുകളുടെ വില്‍പ്പന വ്യാപകമാകുന്നു. ഇന്ന് മാത്രം സംസ്ഥാനത്ത് ഭക്ഷ്യസുരക്ഷാ വകുപ്പ് നടത്തിയ പരിശോധനയില്‍ പതിനയ്യായിരത്തി അറുന്നൂറ്റ് നാല്‍പ്പത്തിയൊന്ന് കിലോ മീന്‍ പിടികൂടി. 216 കടകളില്‍ നടത്തിയ പരിശോധനയില്‍ 15 സ്ഥാപനങ്ങള്‍ക്ക് നോട്ടീസും നല്‍കി. ഓപ്പറേഷന് സാഗര്‍റാണിയുടെ ഭാഗമായായിരുന്നു പരിശോധന. തമിഴ്നാട് ഫിഷറീസ് വകുപ്പ് വളമാക്കാന്‍ മാറ്റിവച്ച മീന്‍ മലപ്പുറം,കോഴിക്കോട്  ജില്ലകളിലേക്ക് വില്‍പ്പനക്ക് കൊണ്ടുവന്നതായും കണ്ടെത്തി.തിരുവനന്തപുരം ആറ്റിങ്ങലില്‍ അഞ്ചു ടണ്‍ പഴകിയ മല്‍സ്യമാണ് പിടികൂടിയത്. വാഹന പരിശോധനയ്ക്കിടെയാണ് പഴകിയ മല്‍സ്യം പിടികൂടിയത്. ഇന്നലെ 100 കിലോ പഴകിയ മല്‍സ്യം പിടികൂടിയിരുന്നു

തമിഴ്നാട്ടിലെ തേങ്ങാപട്ടണത്തു നിന്നും കൊണ്ടുവന്ന അഞ്ചു ടണ്‍ സ്രാവാണ് ഇന്നു പിടികൂടിയത്. വിവിധ മാര്‍ക്കറ്റുകളിലേക്ക് വില്‍പനയ്ക്കായി കൊണ്ടും പോകും വഴിയാണ്  പിടിയിലായത്. ട്രക്കില്‍ മല്‍സ്യമാണെന്നു പറഞ്ഞ് മുന്നോട്ടുപോകാന്‍ ശ്രമിക്കവെ സംശയം തോന്നിയ പൊലീസ് നഗരസഭ ആരോഗ്യ വിഭാഗത്തെ അറിയിക്കുകയായിരുന്നു. തുടര്‍ന്നു നടന്ന പരിശോധനയിലാണ് മല്‍സ്യത്തിനു മാസങ്ങളോളം പഴക്കമുണ്ടെന്നു കണ്ടെത്തിയത്

കഴിഞ്ഞ ദിവസം നൂറുകിലോയിലധികം വരുന്ന പഴകിയ മല്‍സ്യം ഇവിടെ നിന്നും പിടികൂടിയിരുന്നു.പിടിച്ചെടുത്ത പഴകിയ മല്‍സ്യം നഗരസഭയുടെ തന്നെ മാലിന്യ സംസ്കരണ പ്ലാന്‍റിലെത്തിച്ച് നശിപ്പിച്ചു