കറുത്ത രൂപം; ചാടി ഓടുന്ന ചടുലത; സ്ത്രീകള്‍ ഒറ്റക്കുള്ള വീടുകള്‍ ഉന്നം: അജ്ഞാതപ്പട

panniyankjara-2
SHARE

കോഴിക്കോട് പന്നിയങ്കര മേഖലയില്‍ നാട്ടുകാരുടെ ഉറക്കം കെടുത്തി രാത്രികാലങ്ങളില്‍ അഞ്ജാതരുടെ സാന്നിധ്യം. കൈയ്യെത്തും ദൂരത്ത് വരെ ആളെക്കണ്ടെങ്കിലും നാട്ടുകാര്‍ക്ക് പിടികൂടാനായില്ല. വീടുകളിലെ ജനല്‍ച്ചില്ല് തകര്‍ക്കുകയും ബഹളം വച്ച് ഓടിപ്പോകുന്നതുമാണ് രീതി. നാട്ടുകാരുടെ സാന്നിധ്യം തിരിച്ചറിഞ്ഞാലുടന്‍ ഇവര്‍ അപ്രത്യക്ഷരാകും. 

 കറുത്ത രൂപം. ഒരു വീട്ടില്‍ നിന്ന് മറ്റൊരു വീട്ടിലേക്ക് ചാടി ഓടാനുള്ള വേഗത. ഇരുട്ടുന്നതോടെ വീടുകളുടെ മുന്നിലെത്തി ബഹളം വച്ച് പേടിപ്പിച്ച് നീങ്ങാനുള്ള ധൈര്യം. ഒരാളല്ല വിവിധയിടങ്ങളിലായി സംഘം ചേര്‍ന്നാണ് അഞ്ജാതര്‍ നാട്ടിലിറങ്ങുന്നതെന്നാണ് നിഗമനം. 

നാട്ടുകാര്‍ എന്ന പേരില്‍ വാട്സ്ആപ്പ് കൂട്ടായ്മയ്ക്ക് രൂപം നല്‍കി പുരുഷന്‍മാരുടെ േനതൃത്വത്തില്‍ പരിശോധനക്കിറങ്ങിയെങ്കിലും ആരെയും പിടികൂടാനായില്ല. 

സ്ത്രീകള്‍ ഒറ്റയ്ക്ക് കഴിയുന്ന വീടുകളാണ് ഇവര്‍ പ്രധാനമായും ലക്ഷ്യമിടുന്നത്. കല്ലായി റയില്‍വേ സ്റ്റേഷന്‍ പരിസരത്തെ കാടൂമൂടിയ ആളൊഴിഞ്ഞ കെട്ടിടങ്ങളും, മൈതാനവും ലഹരി ഉപയോഗിക്കുന്നവരുടെ താവളമാണ്. ഒളിച്ചിരിക്കാനുള്ള സാധ്യതയും റയില്‍വേ ട്രാക്കിലൂടെ രക്ഷപ്പെടാനുള്ള വഴിയും അഞ്ജാതര്‍ പ്രയോജനപ്പെടുത്തുന്നുവെന്നാണ് കരുതുന്നത്. 

പന്നിയങ്കര മേഖലയില്‍ അജ്ഞാത മനുഷ്യനെ കണ്ടെന്ന നാട്ടുകാരുടെ പരാതിയെത്തുടര്‍ന്ന് പൊലീസ് പരിശോധന ഊര്‍ജിതമാക്കി. പന്നിയങ്കര, പയ്യാനക്കല്‍, കണ്ണഞ്ചേരി, മാത്തോട്ടം എന്നിവിടങ്ങളിലാണ് നാല് ദിവസത്തിനിടെ നാട്ടുകാര്‍ അഞ്ജാതനെ കണ്ടത്. വീടിന്റെ ജനലിലും അടുക്കള വാതിലിലും മുട്ടുകയും വീട്ടുകാര്‍ ലൈറ്റിടുമ്പോഴേക്കും ഓടിമറയുകയുമാണ് പതിവ്. 

മോഷ്ടാക്കളാകാനുള്ള സാധ്യത കുറവാണെന്നും ആളുകളുടെ മുഖത്തേക്ക് ടോര്‍ച്ചടിക്കുന്നത് മോഷ്ടാക്കളുടെ രീതിയല്ലെന്നുമാണ് പൊലീസ് പറയുന്നത്. അജ്ഞാതന്‍ ഉപയോഗിച്ചതായി കരുതുന്ന രണ്ട് ഗ്ലാസുകള്‍ സമീപത്തെ വീടിന്റെ സംരക്ഷണഭിത്തിയോട് ചേര്‍ന്നുണ്ട്. ഇതില്‍ പതിഞ്ഞ വിരലടയാളം പൊലീസ് ശേഖരിച്ചു. മദ്യം ലഭിക്കാത്തതിനെത്തുടര്‍ന്ന് മാനസിക വിഭ്രാന്തിയും പ്രകടിപ്പിക്കുന്നവരാകാനുള്ള സാധ്യതയും സംശയിക്കുന്നുണ്ട്. 

MORE IN Kuttapathram
SHOW MORE
Loading...
Loading...