സാധനങ്ങൾ തന്നില്ലെങ്കിൽ കട പൂട്ടിക്കും; ദമ്പതികളുടെ തട്ടിപ്പ് പൊളിഞ്ഞു; അറസ്റ്റ്

മനുഷ്യാവകാശ കമ്മിഷന്‍ അംഗങ്ങളാണെന്ന വ്യാജേന തൃശൂര്‍ പഴയന്നൂരിലെ സൂപ്പര്‍മാര്‍ക്കറ്റില്‍ നിന്ന് ഭക്ഷ്യോല്‍പന്നങ്ങള്‍ സൗജന്യമായി വാങ്ങിയ ദമ്പതികള്‍ അറസ്റ്റില്‍. സന്നദ്ധ പ്രവര്‍ത്തനത്തിന്റെ പേരുപറഞ്ഞ് സൂപ്പര്‍മാര്‍ക്കറ്റ് ഉടമയെ ഭീഷണിപ്പെടുത്തിയായിരുന്നു ഭക്ഷ്യോല്‍പന്നങ്ങള്‍ കൈക്കലാക്കിയത്. ദമ്പതികളെ റിമാന്‍ഡ് ചെയ്തു.

തൃശൂര്‍ പഴയന്നൂരിലെ സൂപ്പര്‍മാര്‍ക്കറ്റില്‍ നിന്ന് അന്‍പതു കിലോ അരിയും ഇരുപത്തിയഞ്ചു കിലോ പഞ്ചസാരയും ഇരുപത്തിയഞ്ചു കിലോ ആട്ടയും ഈ ദമ്പതികള്‍ വാങ്ങിയത് ഭീഷണിപ്പെടുത്തിയാണ്. മനുഷ്യാവകാശ കമ്മിഷനാണെന്നും സാധനങ്ങള്‍ തന്നില്ലെങ്കില്‍ കട പൂട്ടിക്കുമെന്നും ഭീഷണിപ്പെടുത്തി. പട്ടാമ്പി സ്വദേശി എ.എം.മുസ്തഫയും ചേലക്കോട് സ്വദേശി നസീമയുമാണ് ഭീഷണിപ്പെടുത്തിയ ദമ്പതികള്‍. മനുഷ്യാവകാശ ഓര്‍നൈസേഷന്‍ എന്നെഴുതിയ കാറിലായിരുന്നു ഇവരുടെ യാത്രകള്‍. ഒറ്റനോട്ടത്തില്‍ മനുഷ്യാവകാശ കമ്മിഷന്റെ വണ്ടിയാണെന്നേ തോന്നൂ. സാധാരണ ഒരു ക്ലബ് റജിസ്റ്റര്‍ ചെയ്യുന്ന പോലെ റജിസ്റ്റര്‍ ചെയ്ത സംഘടനയാണിത്. 

കോവിഡ് കാലത്ത് പാവപ്പെട്ടവര്‍ക്കു കിറ്റു നല്‍കാനാണെന്ന് പറഞ്ഞായിരുന്നു സൂപ്പര്‍മാര്‍ക്കറ്റ് ഉടമയെ ഭീഷണിപ്പെടുത്തിയത്. ഉടമയാകട്ടെ ഉടനെ പഴയന്നൂര്‍ സി.ഐ: ചാക്കോയെ വിവരമറിയിച്ചു. പൊലീസ് എത്തി ഇരുവരേയും അറസ്റ്റ് ചെയ്യുകയായിരുന്നു. ഭീഷണിപ്പെടുത്തിയതിനും മനുഷ്യാവകാശ കമ്മിഷനെന്ന് തെറ്റിദ്ധരിപ്പിച്ചതിനും കേസെടുത്ത് റിമാന്‍ഡ് ചെയ്തു. 

മനുഷ്യാവകാശത്തിന്റെ പേരുപറഞ്ഞ്‍ പല പൊലീസ് സ്റ്റേഷനുകളിലും ഇവര്‍ വരാറുണ്ടെന്ന് പൊലീസിന് വിവരം ലഭിച്ചു. ഇരുവരുടേയും രണ്ടാം വിവാഹമാണ്. ഇവരെക്കുറിച്ച് പൊലീസ് കൂടുതല്‍ അന്വേഷണം നടത്തി വരികയാണ്.