കോഴിക്കോട് ബൈക്ക് യാത്രികനെ ഇടിച്ചുവീഴ്ത്തി കവർച്ച; പ്രതിക്കായി തിരച്ചിൽ

kozhikode-bike-theft-3
SHARE

കോഴിക്കോട് കുന്ദമംഗലത്ത് ബൈക്ക് യാത്രികനെ ഇടിച്ചുവീഴ്ത്തി പണം കവര്‍ന്ന കേസില്‍ രണ്ടാമനായി തെരച്ചില്‍ ഊര്‍ജിതമാക്കി. സി.സി.ടി.വി ദൃശ്യങ്ങളിലൂടെ തിരിച്ചറിഞ്ഞ ഇയ്യാട് സ്വദേശി ദില്‍ജിലിനെ കഴിഞ്ഞദിവസം കുന്ദമംഗലം പൊലീസ് പിടികൂടിയിരുന്നു. ഇയാള്‍ നല്‍കിയ വിവരമനുസരിച്ച് രണ്ടാമന്‍ താമസിച്ചിരുന്നതും എത്താനിടയുള്ളതുമായ സ്ഥലങ്ങള്‍ പൊലീസ് നിരീക്ഷണത്തിലാണ്. 

ഒരാഴ്ച മുന്‍പ് പടനിലത്തിന് സമീപമായിരുന്നു കവര്‍ച്ച. കൊടുവള്ളി സ്വദേശി റാഷിദ് സഞ്ചരിച്ചിരുന്ന ബൈക്ക് ബുള്ളറ്റില്‍ പിന്തുടര്‍ന്നെത്തിയ ദില്‍ജിലും സുഹൃത്തും ചേര്‍ന്ന് ഇടിച്ചിട്ടു. വീഴ്ചയ്ക്കിടയില്‍ റാഷിദിന്റെ കൈയ്യിലുണ്ടായിരുന്ന ഒരു ലക്ഷത്തി ഏഴായിരം രൂപ ഇരുവരും തട്ടിയെടുത്തു. സമീപത്തെ കടയുടെ സി.സി.ടി.വിയില്‍ പതിഞ്ഞ ദൃശ്യങ്ങളില്‍ നിന്നാണ് പ്രതികളെ പൊലീസ് തിരിച്ചറിഞ്ഞത്. പൊലീസ് അന്വേഷിക്കുന്നുവെന്ന് മനസിലാക്കിയതിന് പിന്നാലെ ദില്‍ജിലും സുഹൃത്തും ഒളിവില്‍ പോയി. 

പൊലീസിന്റെ തന്ത്രപരമായ നീക്കമാണ് ആദ്യ അറസ്റ്റിലേക്കെത്തിച്ചത്. മറ്റൊരാളാണ് പ്രതിയെന്ന് ബന്ധുവഴി പൊലീസ് ദില്‍ജിലിനെ അറിയിച്ചു. കാര്യങ്ങള്‍ ചോദിച്ചറിയാന്‍ വേണ്ടി മാത്രം സ്റ്റേഷനിലെത്താനും നിര്‍ദേശിച്ചു. കുന്ദമംഗലം സ്റ്റേഷനിലെത്തിയതിന് പിന്നാലെ ദൃശ്യങ്ങള്‍ കാണിച്ച് അറസ്റ്റ് ചെയ്യുകയായിരുന്നു. ആദ്യഘട്ടത്തില്‍ കുറ്റം നിഷേധിച്ചെങ്കിലും വ്യക്തതയുള്ള ദൃശ്യങ്ങള്‍ കുരുക്കായി. 

കൂടെയുണ്ടായിരുന്ന യുവാവിനെക്കുറിച്ചും പൊലീസ് കൃത്യമായ വിവരം ശേഖരിച്ചു. റാഷിദ് പതിവായി ബാങ്കിലേക്ക് പണവുമായി പോകുന്നത് മനസിലാക്കിയാണ് ഇവര്‍ കവര്‍ച്ച ആസൂത്രണം ചെയ്തത്. കുഴല്‍പ്പണ വേട്ടസംഘമെന്ന് കരുതി പൊലീസ് അന്വേഷണം അവസാനിപ്പിക്കുമെന്നായിരുന്നു കരുതിയത്. സി.സി.ടി.വിയില്‍ പതിഞ്ഞതോടെയാണ് ആസൂത്രണം പൊളിഞ്ഞത്. 

MORE IN Kuttapathram
SHOW MORE
Loading...
Loading...