കവര്‍ച്ച ആരോപിച്ച് യുവതിയെ പൂട്ടിയിട്ടു; ജീവനക്കാര്‍ക്കെതിരെ കൂടുതല്‍ വകുപ്പുകള്‍

കോഴിക്കോട് നാദാപുരത്ത് സൂപ്പര്‍ മാര്‍ക്കറ്റില്‍ കവര്‍ച്ച ആരോപിച്ച് യുവതിയെ പൂട്ടിയിട്ട കേസില്‍ അറസ്റ്റിലായ ജീവനക്കാര്‍ക്കെതിരെ കൂടുതല്‍ വകുപ്പുകള്‍ ചുമത്തും. സ്ത്രീത്വത്തെ അപമാനിച്ചു, ലൈംഗിക ചുവയോടെ സംസാരിച്ചു തുടങ്ങിയ കുറ്റങ്ങളാണ് മൊഴിയിലൂടെ തെളിഞ്ഞത്. യുവതി മനോരമ ന്യൂസിലൂടെ നടത്തിയ വെളിപ്പെടുത്തലിന് പിന്നാലെയാണ് ജില്ലാ പൊലീസ് മേധാവിയുടെ ഇടപെടല്‍.  

യുവതിയുടെ ഈ വെളിപ്പെടുത്തല്‍ കണക്കിലെടുത്താണ് അറസ്റ്റിലായ കുഞ്ഞദുല്ല, സമദ് എന്നിവര്‍ക്കെതിരെ കൂടുതല്‍ വകുപ്പുകള്‍ ചുമത്താന്‍ ജില്ലാ പൊലീസ് മേധാവി നിര്‍ദേശിച്ചത്. നാദാപുരത്തെ സൂപ്പര്‍ മാര്‍ക്കറ്റിലെ രണ്ട് ജീവനക്കാരെയാണ് കവര്‍ച്ച ആരോപിച്ച് യുവതിയെ പൂട്ടിയിട്ടതിനും അന്യായമായി തടങ്കലില്‍ വച്ചതിനും നാദാപുരം പൊലീസ് അറസ്റ്റ് ചെയ്തത്. ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുക്കുകയും ചെയ്തു. അന്വേഷണം പുരോഗമിക്കുന്നതിനിടയിലാണ് ദുരനുഭവങ്ങളെക്കുറിച്ച് യുവതി കൂടുതല്‍ മൊഴിനല്‍കിയത്. വനിതയോട് അപമര്യാദയായി പെരുമാറിയെന്ന് മാത്രമല്ല മനുഷ്യാവകാശ ലംഘനമാണുണ്ടായതെന്നും പൊലീസ് വിലയിരുത്തി. വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിന് നിര്‍ദേശിച്ചതായും ജില്ലാ പൊലീസ് മേധാവി അറിയിച്ചു. 

നാദാപുരത്തെ സൂപ്പര്‍ മാര്‍ക്കറ്റില്‍ സാധനം ശേഖരിക്കുന്നതിനിടെ മുളക് കവര്‍ന്നുവെന്ന് ആരോപിച്ച് ഈമാസം പന്ത്രണ്ടിനാണ് വെള്ളൂര്‍ സ്വദേശിനിയെ ആറ് മണിക്കൂറിലധികം ജീവനക്കാര്‍ പൂട്ടിയിട്ടത്.