രഹസ്യ വിവരത്തിൽ കടലാസ് ലോറിയിൽ പരിശോധന; പിടികൂടിയത് 60 കിലോ കഞ്ചാവ്

papper-ganja-sezied
SHARE

കുന്നംകുളത്തെ പ്രസിലേയ്ക്കുള്ള കടലാസ് കയറ്റിയ ലോറിയില്‍ നിന്ന് അറുപതു കിലോ‍ കഞ്ചാവ് പിടികൂടി. രണ്ടു പേരെ എക്സൈസ് ഇന്റലിജന്‍സ് കയ്യോടെ പിടികൂടി. ആന്ധ്രയില്‍ നിന്ന് തൃശൂരിലേയ്ക്കായിരുന്നു കഞ്ചാവ് കടത്ത്. 

തമിഴ്നാട് റജിസ്ട്രേഷനിലുള്ള ലോറിയില്‍ വന്‍തോതില്‍ കഞ്ചാവ് വരുന്നുണ്ടെന്നായിരുന്നു എക്സൈസ് ഇന്റലിജന്‍സിന് ലഭിച്ച വിവരം. ദേശീയപാതയില്‍ രാത്രിയില്‍ പരിശോധന കര്‍ശനമാക്കിയിരുന്നു. തൃശൂര്‍, പാലക്കാട് അതിര്‍ത്തിയായ വാണിയംപാറയില്‍ എക്സൈസ് ഇന്റലിജന്‍സ് സംഘം നിലയുറപ്പിച്ചു. ഇതിനിടെയാണ്, ലോറിയുടെ വരവ്. കൈകാണിച്ചെങ്കിലും നിര്‍ത്തിയില്ല. 

തൊട്ടുപിന്നാലെ, എക്സൈസ് സംഘം പാഞ്ഞു. വണ്ടി തടഞ്ഞ് പരിശോധിച്ചു. പ്രസിലേയ്ക്കുള്ള കടലാസാണെന്ന് പറഞ്ഞ് തടിയൂരാന്‍ ലോറിയിലുള്ളവര്‍ ശ്രമിച്ചു. വിശദമായി പരിശോധിച്ചപ്പോള്‍ കഞ്ചാവ് കണ്ടെത്തി. രണ്ടു കിലോയുടെ മുപ്പതു പായ്ക്കറ്റുകള്‍ ചാക്കിലാക്കി ഒളിപ്പിച്ച നിലയിലായിരുന്നു. പുത്തൂര്‍ സ്വദേശി സനീഷ്, അഞ്ചേരി സ്വദേശി സാബു എന്നിവരാണ് അറസ്റ്റിലായത്. സാബുവാണ് ലോറിയുടെ ഉടമ.

കഴിഞ്ഞ വര്‍ഷം തൃശൂര്‍ റയില്‍വേ സ്റ്റേഷനില്‍ നിന്ന് 375 കിലോ കഞ്ചാവ് പിടികൂടിയിരുന്നു. ആന്ധ്രയില്‍ നിന്ന് വന്‍തോതില്‍ കഞ്ചാവ് തൃശൂരിലേക്ക് പ്രവഹിക്കുന്നതായാണ് വിവരം. വരുംദിവസങ്ങളില്‍ പരിശോധന കൂടുതല്‍ കര്‍ശനമാക്കാന്‍ എക്സൈസ് തീരുമാനിച്ചിട്ടുണ്ട്.

MORE IN Kuttapathram
SHOW MORE
Loading...
Loading...