ബബി രാജന്റെ മരണം: ദുരൂഹത നീക്കണമെന്ന് കുടുംബം

കോഴിക്കോട് പെരുവണ്ണാമൂഴി സ്വദേശി ബബി രാജന്റെ മരണത്തിലുള്ള ദുരൂഹത നീക്കണമെന്ന് കുടുംബം. സുഹൃത്തുക്കളായ രണ്ടുപേര്‍ ചേര്‍ന്ന് മര്‍ദിച്ചെന്നായിരുന്നു ബബി രാജന്‍ ഭാര്യയോടും ബന്ധുക്കളോടും പറഞ്ഞിരുന്നത്. മര്‍ദനത്തിന് സാക്ഷിയെന്ന് കരുതുന്ന പന്നിക്കോട്ടൂര്‍ സ്വദേശിയുടെ ആത്മഹത്യയെക്കുറിച്ചും പൊലീസ് അന്വേഷിക്കുന്നുണ്ട്.  

കഴിഞ്ഞമാസം ഇരുപത്തി ആറിന് വൈകിട്ടാണ് തര്‍ക്കം തീര്‍ക്കാനെന്നറിയിച്ച് ബബി രാജന്‍ വീട്ടില്‍ നിന്നിറങ്ങിയത്. രണ്ട് മണിക്കൂറിന് ശേഷം വാനില്‍ രണ്ട് സുഹൃത്തുക്കള്‍ അവശനായ ബബി രാജനെയും കൊണ്ട് പന്നിക്കോട്ടൂര്‍ കോളനിയിെല വീട്ടിലെത്തുകയായിരുന്നു. പ്രമേഹവും രക്തസമ്മര്‍ദ്ധവും കാരണം കുഴഞ്ഞ് വീണുവെന്നാണ് ഇവര്‍ ബന്ധുക്കളെ അറിയിച്ചത്. ഭാര്യയെ മാത്രം വാഹനത്തില്‍ കയറാന്‍ അനുവദിച്ചു. പേരാമ്പ്രയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചതിന് പിന്നാലെ കൂടെയുണ്ടായിരുന്നവര്‍ കടന്നുകള‍ഞ്ഞു. കോഴിക്കോട് മെഡിക്കല്‍ കോളജിലെ പരിശോധനയിലാണ് നട്ടെല്ലിന് വലിയ പൊട്ടലുള്ളതായി കണ്ടെത്തിയത്. സ്വകാര്യ ആശുപത്രിയില്‍ വിദഗ്ധ ചികില്‍സയ്ക്ക് വിധേയനാക്കിയെങ്കിലും മൂന്നാം ദിവസം ബബി രാജന്‍ മരിച്ചു. സുഹൃത്തുക്കളായ രണ്ടുപേര്‍ ചേര്‍ന്ന് മര്‍ദിച്ചെന്ന് ഭര്‍ത്താവ് തന്നോട് പറഞ്ഞതായി ഭാര്യ മേനക പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്. ഇതിനിടെ മര്‍ദനത്തിന് സാക്ഷിയെന്ന് കരുതുന്നയാള്‍ അടുത്തദിവസം ആത്മഹത്യ ചെയ്തതായും പറയുന്നു. ദുരൂഹത പൂര്‍ണമായും നീക്കണമെന്നാണ് കുടുംബത്തിന്റെ ആവശ്യം. 

പെരുവണ്ണാമൂഴി പൊലീസിന്റെ അന്വേഷണം ഇഴയുന്നതിനിടെ ബബി രാജന്റെ മരണം നാദാപുരം എ.എസ്.പി അങ്കിത് അശോക് ഏറ്റെടുത്തു. കുടുംബാംഗങ്ങളുടെ വിശദമായ മൊഴി രേഖപ്പെടുത്തി. ഒളിവിലുള്ളവരുടെ ഫോണ്‍ വിവരങ്ങളുള്‍പ്പെടെ ശേഖരിച്ചിട്ടുണ്ട്. വൈകാതെ അറസ്റ്റുണ്ടാകുമെന്ന് വടകര റൂറല്‍ എസ്.പി വ്യക്തമാക്കി.