ആളൊഴിഞ്ഞ പറമ്പില്‍ പടക്ക നിർമാണ സാമഗ്രികൾ; ആളെ തേടി പൊലീസ്

explosivecatch4
SHARE

കണ്ണൂര്‍ ചാലക്കുന്നിലെ ആളൊഴിഞ്ഞ പറമ്പില്‍ നിന്ന് ഉഗ്ര സ്ഫോടക ശേഷിയുള്ള പടക്ക നിർമാണ സാമഗ്രികൾ പൊലീസ് പിടിച്ചെടുത്തു. എളയാവൂരിലെ പഴയ മാലിന്യ സംസ്ക്കരണ കേന്ദ്രത്തിലാണ് 200 കിലോയോളം പടക്ക നിർമാണ സാമഗ്രികൾ അനധികൃതമായി സൂക്ഷിച്ചിരുന്നത്. എന്നാല്‍ സ്ഫോടക വസ്തുക്കള്‍ ആരാണ് എത്തിച്ചത് എന്നത് കണ്ടെത്താനായില്ല.

രഹസ്യ വിവരത്തെ തുടർന്നായിരുന്നു കണ്ണൂർ ടൗൺ എസ്ഐയുടെ നേതൃത്വത്തില്‍ ബോബ് സ്ക്വാഡ് അടക്കമുള്ള പൊലീസ് സംഘത്തിന്റെ പരിശോധന. പടക്ക നിര്‍മാണത്തിന് ഉപയോഗിക്കുന്ന പൊട്ടാസ്യം നൈട്രേറ്റ്, അമോണിയം ക്ളോറൈറ്റ്, അമോണിയം നൈട്രേറ്റ്, സൾഫർ, ഉപ്പ്, കരി എന്നിവയുടെ വൻ ശേഖരം പിടിച്ചെടുത്തു. പടക്കങ്ങള്‍ നിര്‍മിക്കുന്നതിനുള്ള വിവിധ ഉപകരണങ്ങളും പിടിച്ചെടുത്തവയില്‍ പെടുന്നു. 

കാട് കയറിയ സ്ഥലത്ത് പ്രവർത്തനരഹിതമായി കിടക്കുന്ന മാലിന്യ സംസ്കരണ യൂണിറ്റിലും അനുബന്ധ മുറിയിലും ചാക്കുകളിൽ കെട്ടി സൂക്ഷിച്ച നിലയിലായിരുന്നു സ്ഫോടക വസ്തുക്കള്‍. ഇത്രയും കൂടിയ അളവിൽ പടക്ക നിർമാണ സാമഗ്രികൾ സൂക്ഷിക്കാനുള്ള ലൈസൻസ് ആർക്കും നൽകാറില്ലെന്ന് പൊലീസ് അറിയിച്ചു. 

പിടിച്ചെടുത്ത സാമഗ്രികള്‍ ഉഗ്രസോഫോടക ശേഷിയുള്ളതായതിനാൽ ബോബ് നിർമാണത്തിനു വേണ്ടിയാണോ ഇത് എത്തിച്ചതെന്നും പൊലീസ് സംശയിക്കുന്നുണ്ട്. സ്ഫോടക വസ്തുക്കൾ പിടിച്ചെടുത്ത സ്ഥലത്തിനു സമീപം പൊലീസ് പ്രാഥമിക പരിശോധന നടത്തിയെങ്കിലും പ്രതിയെക്കുറിച്ച് ഒരു സൂചനയും ലഭിച്ചില്ല. സംഭവത്തെക്കുറിച്ച് വിശദമായുള്ള അന്വേഷണം ആരംഭിച്ചതായി പൊലീസ് പറഞ്ഞു. പിടിച്ചെടുത്ത സ്ഫോടക വസ്തുക്കൾ പരിശോധനക്കായി എറണാകുളത്തെ സ്ഫോടകവസ്തു പരിശോധനാ കേന്ദ്രത്തിലേക്ക് മാറ്റി.

MORE IN Kuttapathram
SHOW MORE
Loading...
Loading...