32 കോടിയുടെ മണിചെയിൻ തട്ടിപ്പ്; തൃശൂർ സ്വദേശി പിടിയിൽ

money-chain-07
SHARE

കോടികളുടെ മണിചെയിന്‍ തട്ടിപ്പ് നടത്തിയ തൃശൂര്‍ സ്വദേശി കണ്ണൂരില്‍ പിടിയില്‍. തൃശൂർ കൈപ്പമംഗലം സ്വദേശി ഷാജി.സി.മുഹമ്മദിനെയാണ് കണ്ണൂർ ഡിവൈഎസ്പി പി.പി.സദാനന്ദന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി 32 കോടിരൂപയുടെ തട്ടിപ്പ് നടത്തിയെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍.  

എച്ച്ടുവൈടു ഡോട്ട് കോം എന്ന വെബ്സൈറ്റ് വഴി നിക്ഷേപകരെ ആകര്‍ഷിച്ച് തട്ടിപ്പ് നടത്തുന്നതിനെക്കുറിച്ച് പൊലീസിന് നേരത്തെ വിവരം ലഭിച്ചിരുന്നു. നിക്ഷേപിക്കുന്ന തുക പതിനഞ്ച് ദിവസം കഴിയുമ്പോള്‍ ഇരട്ടിയാക്കി നല്‍കുമെന്നായിരുന്നു വാഗ്ദാനം.നിക്ഷേപകരെ ക്യാൻവാസ് ചെയ്യാന്‍ കണ്ണൂരിലെത്തിയ ഷാജി.സി.മുഹമ്മദിനെ നഗരത്തിലെ ഒരു ലോഡ്ജിൽ നിന്നാണ് പൊലീസ് അറസ്റ്റു ചെയ്തത്. 

ഓണ്‍ലൈന്‍ വഴിയാണ് കൂടുതല്‍ ഇടപാടുകളും. പതിനായിരം രൂപയോ അതിലധികമോ നിക്ഷേപിക്കാം. ഇരുപത് ശതമാനം കമ്മീഷന്‍ ഇനത്തില്‍ ഈടാക്കും. ഓരോ നിക്ഷേപകരും പുതിയ ആളുകളെ ചേര്‍ത്താല്‍ മാത്രമെ പണം മടക്കി നല്‍കുവെന്നും വ്യവസ്ഥയുണ്ട്. ഇതുവരെ മുപ്പത്തിരണ്ടായിരത്തോളം പേര്‍ പണം നിക്ഷേപിച്ചിട്ടുണ്ടെന്ന് പൊലീസ് വ്യക്തമാക്കി. ഇതില്‍ നിന്ന് ഏഴ് കോടി രൂപ കൈക്കലാക്കിയതായി ചോദ്യം ചെയ്യലില്‍ ഷാജി പൊലീസിനോട് സമ്മതിച്ചു. നിക്ഷേപിച്ച 17,000 പേർക്ക് പണം പൂർണമായും നഷ്ടപ്പെട്ടു. ഇവര്‍ക്ക് പണം തിരിച്ചു നല്‍കണമെങ്കില്‍ ഓരോരുത്തരം 35 പേരെ വീതം പദ്ധതിയില്‍ ചേർക്കണമെന്നാണ് നിബന്ധന. തൃശൂർ, പാലക്കാട് ജില്ലകളിൽ നിന്നുള്ളവരാണ് തട്ടിപ്പിനിരയായവരില്‍ ഏറിയ പങ്കും. 25 കോടിയോളം രൂപ നിക്ഷേപകര്‍ക്ക് തിരിച്ചു നല്‍കിയതായും പ്രതി മൊഴിനല്‍കിയിട്ടുണ്ട്. ഷാജിയെക്കൂടാതെ കൂടുതല്‍ ആളുകള്‍ വെബ്സൈറ്റ് മണിചെയിന്‍ പ്രവര്‍ത്തനത്തിന് പിന്നിലുണ്ടോയെന്നും പൊലീസ് പരിശോധിക്കുന്നുണ്ട്.

MORE IN Kuttapathram
SHOW MORE
Loading...
Loading...