കാട്ടുപോത്തിനെ വേട്ടയാടിയ അഞ്ചുപേര്‍ അറസ്റ്റില്‍

hunting -arrest
SHARE

കോഴിക്കോട് താമരശ്ശേരി നൂറാംതോടില്‍ കാട്ടുപോത്തിനെ വേട്ടയാടിയതിന് അഞ്ചുപേര്‍ അറസ്റ്റില്‍. രക്ഷപ്പെട്ട ഏഴുപേരെക്കണ്ടെത്താന്‍ താമരശ്ശേരി റേഞ്ച് വനപാലകര്‍ ശ്രമം തുടങ്ങി. പിടിയിലാവരില്‍ നിന്ന് പാകം ചെയ്ത് ഫ്രിഡ്ജില്‍ സൂക്ഷിച്ചിരുന്നതുള്‍പ്പെടെ പതിനഞ്ച് കിലോ ഇറച്ചി കണ്ടെടുത്തു. 

കഴിഞ്ഞ രാത്രിയിലാണ് നൂറാംതോടിന് സമീപം വനാതിര്‍ത്തിയില്‍ പത്തംഗ സംഘം കാട്ടുപോത്തിനെ വെടിയുതിര്‍ത്ത് വീഴ്ത്തിയത്. വെടിയേറ്റ കാട്ടുപോത്ത് വനത്തിനോട് ചേര്‍ന്നുള്ള സ്വകാര്യഭൂമിയിലാണ് വീണത്. മാംസം മുറിച്ച് പ്രത്യേക ചാക്കുകളിലാക്കി വ്യത്യസ്ത ഇടങ്ങളിലേക്ക് സംഘം കൊണ്ടുപോയി. പിന്നാലെയാണ് വനപാലകര്‍ വിവരമറിഞ്ഞത്. കാട്ടുപന്നിയെ വേട്ടയാടിയെന്ന വിവരം അന്വേഷിച്ചെത്തിയ ഉദ്യോഗസ്ഥര്‍ സംഘത്തിന്റെ കാട്ടുപോത്ത് വേട്ട തിരിച്ചറിയുകയായിരുന്നു. നൂറാംതോട് സ്വദേശികളായ കുഞ്ഞുകുഞ്ഞ് എന്ന മാത്യു, മകന്‍ ജോസഫ്, അജി എന്നിവരാണ് വേട്ടയാടിയ സംഘത്തിലുണ്ടായിരുന്നത്. ജോര്‍ജ് ജോസഫ്, രതീഷ് എന്നിവരെ കാട്ടുപോത്തിറച്ചി വാങ്ങിയതിനാണ് അറസ്റ്റ് ചെയ്തത്.

സംഘമായി തിരിഞ്ഞ് ഓരോരുത്തരുടെയും വീടുകളിലെത്തിയാണ് ഇവരെ പിടികൂടിയത്. ഫ്രിഡ്ജില്‍ സൂക്ഷിച്ച നിലയിലാണ് ഇറച്ചി കണ്ടെടുത്തത്. നാടന്‍ തോക്കുപയോഗിച്ച് വെടിയുതിര്‍ത്ത രണ്ടുപേരുള്‍പ്പെടെ ഏഴുപേര്‍ക്കായി തെരച്ചില്‍ ഊര്‍ജിതമാക്കി. ഇവര്‍ നേരത്തെയും മൃഗവേട്ടയില്‍ പങ്കാളികളായിരുന്നോ എന്നതും പരിശോധിക്കും.

രണ്ടുപേരാണ് വെടിയുതിര്‍ത്തത്. ആകെ ഏഴുപേരെക്കൂടി പിടികൂടാനുണ്ട്. ഇവര്‍ ആരൊക്കെയെന്ന കാര്യം കൃത്യമായി മനസിലാക്കിയിട്ടുണ്ട്. വൈകാതെ ഇവരെ പിടികൂടാന്‍ കഴിയും. ഇറച്ചികടത്താനുപയോഗിച്ച ഓട്ടോറിക്ഷ, ഇരുചക്രവാഹനം ഇറച്ചി സൂക്ഷിച്ചിരുന്ന രണ്ട് ഫ്രിഡ്ജുകള്‍ എന്നിവ വനംവകുപ്പ് പിടികൂടിയിട്ടുണ്ട്. പാകം ചെയ്ത് സൂക്ഷിച്ചിരുന്നത് ഉള്‍പ്പെെട പതിനഞ്ച് കിലോ ഇറച്ചിയാണ് കണ്ടെടുത്തത്. രക്ഷപ്പെട്ട മറ്റുള്ളവര്‍ ഇറച്ചികടത്തിയെന്നാണ് പിടിയിലായവര്‍ നല്‍കിയിരിക്കുന്ന മൊഴി. 

MORE IN Kuttapathram
SHOW MORE
Loading...
Loading...